ന്യൂദൽഹി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീട്ടില്‍ ഇ ഡി പരിശോധന. 12 ഇടങ്ങളില്‍ ഒരേ സമയമാണ് പരിശോധന ആരംഭിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാർ, രാജ്യസഭാ എംപി നാരായണ്‍ ദാസ് ഗുപ്ത, ദല്‍ഹി ജല്‍ ബോര്‍ഡ് മുന്‍ അംഗം ശലഭ് കുമാർ തുടങ്ങിയവരുടെ വസതികളിലടക്കമുള്ള സ്ഥലങ്ങളിലാണ് റെയ്ഡ്.
ജല ബോർഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ആന്റി കറപ്ഷൻ ബ്യൂറോയും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനോട് അനുബന്ധിച്ച കള്ളപ്പണ കേസിലാണ് ഇഡി അന്വേഷണം.
മീറ്ററുകളുടെ വിതരണം, സ്ഥാപിക്കൽ, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയ്‌ക്കുള്ള ടെൻഡർ ഒരു സ്വകാര്യ കമ്പനിയ്‌ക്ക് നൽകി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് കണ്ടെത്തൽ.
ദല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അഞ്ച് തവണ അരവിന്ദ് കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന നിലപാടാണ് കെജ്‌രിവാൾ സ്വീകരിച്ചത്. ഇതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു.
ദൽഹി റോസ് അവന്യൂ കോടതിയിലാണ് ഇഡി പരാതി നൽകിയത്. മദ്യനയക്കേസിൽ അഞ്ച് തവണ സമൻസ് അയടച്ചിട്ടും കെജ്‌രിവാൾ ഹാജരായില്ലെന്നാണ് ഇഡി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇഡി പരാതിയിൽ ഫെബ്രുവരി ഏഴിന് കോടതി വാദം കേൾക്കും. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ തങ്ങള്‍ പേടിക്കില്ലെന്നും ദല്‍ഹി മന്ത്രിയും എ എ പി വക്താവുമായ അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: