ജമ്മു : കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന മഞ്ഞുമേളയിൽ നാലായിരത്തിലധികം പേർ പങ്കെടുത്തു. കഴിഞ്ഞയാഴ്ച സീസണിലെ ആദ്യത്തെ വലിയ മഞ്ഞുവീഴ്ചയ്‌ക്ക് ശേഷം കിഷ്ത്വാർ മഞ്ഞിന്റെ അത്ഭുതലോകമായി മാറിയെന്ന് അധികൃതർ അറിയിച്ചു.
ചരിത്രപ്രസിദ്ധമായ ചൗഗാൻ ഗ്രൗണ്ടിൽ 33 ഏക്കറിൽ പരന്നുകിടക്കുന്ന, പൈൻ, ചിനാർ മരങ്ങളാൽ ചുറ്റപ്പെട്ട, ‘ചാർ ചിനാർ’ കിഷ്ത്വറിന്റെ മനോഹാരിതയുടെ തെളിവാണ്. ഇവിടെയാണ് മഞ്ഞുത്സവം നടന്നത്. നാല് വശത്തും മലനിരകളാൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം താമരയോട് സാമ്യമുള്ള മനോഹരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് താമസക്കാർക്കും സന്ദർശകർക്കും ഒരു പോലെ ആകർഷകത്വം വർദ്ധിപ്പിക്കുന്നു.
വിനോദസഞ്ചാരം, സാംസ്കാരിക വിനിമയം, വിവിധ സമൂഹങ്ങളുടെ ഇടപഴകൽ എന്നിവ മഞ്ഞുമേളയിൽ സാധ്യമായെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ ദേവാൻഷ് യാദവ് മഞ്ഞുമേളയുടെ വിജയത്തിൽ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു. മഞ്ഞുമേള വെറുമൊരു സംഭവമല്ല ഇത് നമ്മുടെ സമ്പന്നമായ പൈതൃകത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും കിഷ്ത്വറിന്റെ ചൈതന്യത്തിന്റെയും ആഘോഷമാണ്. ഞങ്ങളുടെ പ്രദേശത്തിന്റെ വ്യത്യസ്തത പ്രദർശിപ്പിക്കുന്നതിന് കൂടുതൽ സംരംഭങ്ങൾ ഞങ്ങൾ വിഭാവനം ചെയ്യുന്നു” -അദ്ദേഹം പറഞ്ഞു.
ടൂറിസം ഡയറക്ടറേറ്റിന്റെയും ജമ്മു കശ്മീർ അക്കാദമി ഓഫ് ആർട്ട് കൾച്ചർ ആൻഡ് ലാംഗ്വേജസിന്റെയും സഹകരണത്തോടെ കിഷ്ത്വാർ ജില്ലാ ഭരണകൂടമാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. നൃത്തം, സംഗീതം, പരമ്പരാഗത കലകൾ, പ്രാദേശിക കലാകാരന്മാരുടെയും സംഗീതജ്ഞരുടെയും സാംസ്കാരിക പ്രകടനങ്ങൾ തുടങ്ങിയവ പരിപാടിക്ക് ഉണർവ് നൽകി.
കിഷ്ത്വാറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തോടൊപ്പം ഫെസ്റ്റിവലിൽ സഞ്ചാരികൾ മഞ്ഞുമൂടിയ ഗ്രൗണ്ടിൽ വിവിധ വിനോദ കായിക പരിപാടികളിൽ ആവേശത്തിലാണ് പങ്കെടുത്തത്. കുട്ടികൾക്കായി ട്രാംപോളിൻ ജമ്പിംഗ് ഉൾപ്പെടെയുള്ള രസകരമായ പരിപാടികളും പരിപാടിയിൽ ഉണ്ടായിരുന്നു.
ജില്ലാ യുവജന സേവന-കായിക വകുപ്പ് സംഘടിപ്പിച്ച വടംവലി, സ്നോ ഫുട്ബോൾ, അമ്പെയ്‌ത്ത്, കബഡി,സ്നോമാൻ ബിൽഡിംഗ് എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: