തിരുവനന്തപുരം: അധികവിഭവസമാഹരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1067കോടി രൂപയെന്ന് സംസ്ഥാന ബജറ്റ്. ജുഡീഷ്യല്‍ കോര്‍ട്ട് ഫീസ് സ്റ്റാമ്പുകളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നത് 50 കോടിരൂപ. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്മേല്‍ ലിറ്ററിന് 30രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിലൂടെ അധികമായി 200 കോടി ലഭിക്കും.
സ്വന്തമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ തീരുവ യൂണിറ്റിന് 1.2 ല്‍ നിന്ന് 15 പൈസയാക്കി വര്‍ധിപ്പിക്കുന്നതിലൂടെ 24കോടിയുടെ അധികവരുമാനവും ലൈസന്‍സികള്‍ വില്‍ക്കുന്ന വൈദ്യുതി യൂണിറ്റിന് ആറില്‍ നിന്ന് 10 പൈസയാക്കി വര്‍ധിപ്പിക്കുമ്പോള്‍ 101.41 കോടി അധികം ലഭിക്കും. രജിസ്ട്രേഷന് വകുപ്പിലെ നികുതി മാറ്റത്തിലൂടെ 50കോടിരൂപ അധികമായി ലഭിക്കും.
സ്റ്റാമ്പ് ഡ്യൂട്ടി സ്ലാബുകളില്‍ മാറ്റം വരുത്തുന്നതിലൂടെ 40 കോടിയും കെട്ടിടകൈമാറ്റം പ്ലിന്ത് ഏര്യയയുടെ അടിസ്ഥാനത്തില്‍ നികുതി നിര്‍ണയിക്കുന്നതിലൂടെ 100 കോടിയുടെ വരുമാനവും ലക്ഷ്യമിടുന്നു. ബാങ്കുകള്‍ ഭൂമി പണയമായി വാങ്ങി നല്കുന്ന ഫീസ് ഈടാക്കുന്നതിലൂടെ 200 കോടിയും നദികളില്‍ മണല്‍വാരല്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിലൂടെ മൊത്തവരുമാനം 200 കോടി രൂപയും ലഭിക്കും.
ഉപയോഗശൂന്യമായ ഫര്‍ണീച്ചര്‍, കണ്ടം ചെയ്ത വാഹനങ്ങള്‍ എന്നിവ വില്‍ക്കുന്നതിലൂടെ 200കോടി രൂപ ലഭിക്കും. കൂടാതെ മോട്ടോര്‍ വാഹനവകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വല്ലപ്പോഴും കേരളത്തിലെത്തുന്ന ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉള്ള വാഹനങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കും.
ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന് മുമ്പ് നികുതികുടിശ്ശിക വരുത്തിയവര്‍ക്ക് ആംനസ്റ്റി 2024 പദ്ധതിയിലൂടെ ഒറ്റത്തവണ തീര്‍പ്പാക്കാം. വാറ്റ്, കാര്‍ഷിക ആദായ നികുതി, പൊതുവില്‍പ്പന നികുതി, ആഡംബരനികുതി, കേരള നികുതിയിന്മേലുള്ള സര്‍ച്ചാര്‍ജ് നിയമം എന്നിവയ്ക്ക് കീഴിലെ കുടിശ്ശികയ്ക്ക് ഈ പദ്ധതി ബാധകമാക്കും. 2024 ഡിസംബര്‍ 31ന് മുമ്പ് പദ്ധതിയില്‍ ചേരുന്നവര്‍ക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: