സംസ്ഥാനത്തെ കോര്‍ട്ട് ഫീസ് ആന്‍ഡ് സ്യൂട്ട്സ് വാല്യുവേഷന് ആക്ടിലും മാറ്റം വരുത്തുമെന്ന് ധനമന്ത്രി. ക്രിമിനല്‍ കേസുകളുടെയും സിവില്‍ കേസുകളുടെയും ഫീസ് വര്‍ദ്ധിപ്പിച്ചു. കീഴ്ക്കോടതി മുതല്‍ ഹൈക്കോടതി വരെയുള്ള കോടതി ഫീസുകളുടെ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് 138ാം വകുപ്പിനു കീഴില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ചെക്കിന്റെ തുക 10,000 രൂപ വരെയാണെങ്കില്‍ 250 രൂപയും ഇതിന് മുകളിലാണെങ്കില്‍ 3 ലക്ഷംരൂപയില്‍ അധികം കൂടരുത് എന്ന നിബന്ധനയോടെ ചെക്ക് തുകയുടെ അഞ്ചു ശതമാനം ഫീസ് നല്‍കണം.
ഹൈക്കോടതി മുന്‍പാകെ പരാതിക്കാരന് ഫയല്‍ ചെയ്യുന്ന റിവിഷന്‍ പെറ്റീഷനില്‍ ചെക്ക് തുകയുടെ പത്തിലൊന്നും, ശിക്ഷാ വിധിക്കെതിരെ കുറ്റാരോപിതന് ഫയല്‍ ചെയ്യുന്ന റിവിഷന്‍ പെറ്റീഷനുകളില്‍ 1500 രൂപയായും ഫീസ് ഉയര്‍ത്തി. കുടുംബ കോടതികളില്‍ കുറ്റാരോപിതന് സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യുന്ന അപ്പീലിന് 1000 രൂപയും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന അപ്പീലില്‍, വിചാരണ കോടതിയില്‍ ഒടുക്കിയ കോടതി ഫീസിന്റെ പകുതിക്ക് തുല്യമായ തുകയും നല്‍കണം.
ഭൂമി സംബന്ധമായ വ്യവഹാരങ്ങളുടെ ഫീസും വര്‍ദ്ധിപ്പിച്ചു. തര്‍ക്കമുള്ള ഭൂമിയുടെ തുക ഒരു ലക്ഷംവരെ 200 രൂപയും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷംവരെ അവകാശപ്പെടുന്ന തുകയുടെ 5 ശതമാനവും നല്‍കണം. അഞ്ചു ലക്ഷത്തിനു മുകളില്‍ പരമാവധി രണ്ടു ലക്ഷം രൂപ എന്ന വ്യവസ്ഥയ്ക്ക് വിധേയമായി അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനവും കോടതി ഫീസിനത്തില്‍ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: