തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം സംസ്ഥാനത്ത് ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍പരിശോധനയ്‌ക്കായി സമിതി രൂപവത്കരിച്ചതായും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സൃഷ്ടിച്ച അനിശ്ചിതത്വം ജീവനക്കാരില്‍ വലിയ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ പരിശോധനയ്‌ക്കായി മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലില്ല. കുടിശിക ഉടന്‍ കൊടുത്ത് തീര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ വര്‍ധനയില്ലാത്തത്. സാമൂഹിക ക്ഷേമ പെന്‍ഷന് കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
പെന്‍ഷന്‍ വിതരണം വൈകുന്നതില്‍ ധനമന്ത്രി കേന്ദ്രസര്‍ക്കാരിനെയാണ് പഴിച്ചത്. പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിന്റെ ചില നടപടികള്‍ മൂലം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുവെന്നും ധനമന്ത്രി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: