ന്യൂദല്‍ഹി: കേരളത്തിലേത് അതീവമോശം ധനമാനേജ്മെന്റെന്ന് കേന്ദ്രം. കേരളത്തിന്റെ സാമ്പത്തിക ക്ലേശത്തിന് കാരണം സാമ്പത്തിക കാര്യം കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേടാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കേരളത്തിന്റെ ധനകാര്യസ്ഥിതി വിശദീകരിക്കുന്നതിനായി സുപ്രീം കോടതിയില്‍ നല്കിയ കുറിപ്പിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കേരളത്തിന്റെ കടമെടുപ്പ് പരിധി ഇനിഉയര്‍ത്താനാകില്ലെന്നും കേന്ദ്രം നല്കിയ 45 പേജുള്ള വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ കേന്ദ്രസംസ്ഥാന ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടും പഠനങ്ങളും കേന്ദ്രം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.
കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്ന് ആരോപിച്ച് കേരളം നല്കിയ ഹര്‍ജിക്ക് മറുപടിയായി അറ്റോര്‍ണി ജനറല്‍ മുഖേന സുപ്രീംകോടതിക്ക് നല്കിയ കുറിപ്പിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്രനികുതി, കേന്ദ്രപദ്ധതികളുടെ വിഹിതം, ധനകമ്മി ഗ്രാന്റുകള്‍ തുടങ്ങി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം നല്‍കിയിട്ടുണ്ട്. വിവിധ ധനകാര്യകമ്മീഷനുകള്‍ ശിപാര്‍ശ ചെയ്തതിനെക്കാള്‍ അധിക പണം കേരളത്തിന് നല്കിയിട്ടുള്ളതായും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും അധികം കടമുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും കേന്ദ്രം നല്കിയ കുറിപ്പില്‍ പറയുന്നു. 2018-19 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 31% ആയിരുന്നു കടം. എന്നാല്‍ 2021-22ല്‍ അത് 39% ആയി ഉയര്‍ന്നു. ദേശീയ ശരാശരി 29.8% മാത്രമാണ്. സംസ്ഥാനം കടത്തിന് നല്കുന്ന പലിശയിലും വലിയ വര്‍ധനവാണ് ഉണ്ടായത്. സംസ്ഥാനം എടുക്കുന്ന കടത്തിന്റെ മൊത്തം പലിശ 10%ത്തില്‍ അധികമാകരുതെന്നാണ് 14-ാം ധനകാര്യ കമ്മീഷന് നിര്‍ദ്ദേശം. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 19.8% ആയി വര്‍ധിച്ചു. ഉയര്‍ന്ന പലിശ നല്കുന്നതു തന്നെ സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കുറിപ്പിലുണ്ട്.
കടം എടുക്കുന്ന പണം കേരളം ഉത്പാദന മേഖലകളിലല്ല നിക്ഷേപിക്കുന്നത്. അത് ശമ്പളവും പെന്‍ഷനും പോലെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്. സര്‍ക്കാരിന്റെ ചെലവും വലിയതോതില്‍ വര്‍ധിക്കുന്നുണ്ട്. 2018-19ല്‍ റവന്യൂ വരുമാനത്തിന്റെ 74% ആയിരുന്നു ചെലവ്. 2021-22ല്‍ ഇത് 82.40% ആയി ഉയര്‍ന്നു. സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുഴുവന്‍ സംസ്ഥാനങ്ങളുടെയും കണക്കെടുക്കുമ്പോള്‍ 54.98%ആണ് ശരാശരി. ധനകമ്മിയിലും വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2017 – 18ല്‍ ധനകമ്മി 2.41% ആയിരുന്നു. 2021- 22ല്‍ ഇത് 3.17% ആയി ഉയര്‍ന്നു. 0.46% ആണ് ദേശീയ ശരാശരി.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി കടമെടുക്കുന്ന കിഫ്ബിക്കും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡിനും സ്വന്തമായി വരുമാനമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 2021- 22ല്‍ കിഫ്ബിയുടെ വരുമാനം 6401.3 കോടിയാണ്. ഇതില്‍ 93.6% സംസ്ഥാനം നല്‍കിയതാണ്. 6.40% നിക്ഷേപങ്ങളില്‍ നിന്ന് ലഭിച്ച പലിശയാണ്. പെട്രോള്‍ സെസ്, മോട്ടോര്‍ വാഹന നികുതി എന്നിവയില്‍ നിന്ന് ലഭിക്കുന്ന പണമാണ് കിഫ്ബിക്ക് കൈമാറുന്നതെന്നും കുറിപ്പിലുണ്ട്.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്നാരോപിച്ച് കേരളം നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയെ കേന്ദ്രം നിലപാടറിയിച്ചത്. അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സംസ്ഥാന ബജറ്റിന് മുമ്പ് പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: