ന്യൂദല്‍ഹി: ബോളിവുഡ് താരവും മോഡലുമായ പൂനം പാണ്ഡെയുടെ വ്യാജ മരണ വാര്‍ത്ത മുന്നേ എഴുതി തയാറാക്കിയ തിരക്കഥ.
മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമൂഹ്യ മാധ്യമങ്ങളില്‍ ഫോളോവേഴ്സുകളുടെ എണ്ണം ഒരു ലക്ഷത്തിലധികമാണ് ഒരു ദിവസത്തിനുള്ളില്‍ ഉയര്‍ന്നിട്ടുള്ളത്.
വ്യാഴാഴ്ച രാവിലെയാണ് പൂനംപാണ്ഡെ മരിച്ചതായി താരത്തിന്റെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. പിന്നാലെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തുകയും ഗര്‍ഭാശയ കാന്‍സര്‍ എന്ന രോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മരണവാര്‍ത്ത പുറത്തുവരുന്നതിന് രണ്ട് ദിവസം മുന്നേ ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഉണ്ടെന്ന് താരം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ഫോളോവേഴ്സിന്റെ എണ്ണം കൂട്ടുന്നതിനും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതിനും വേണ്ടിയായിരുന്നു പൂനത്തിന്റെ ഈ നടപടി.
അനുശോചനം അറിയിക്കുന്നതിനായി പലരും പൂനത്തിന്റെ ബന്ധുക്കളെ ഫോണിലൂടേയും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനൊന്നും സാധിക്കാതെ വന്നതോടെ ദുരൂഹത ഉയര്‍ന്നു. പിറ്റേന്ന് പൂനം വീണ്ടും താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയും വാജ്യ വാര്‍ത്ത നല്‍കിയതില്‍ ക്ഷമാപണവും നടത്തി. ഒപ്പം www.poonampandeyisalive എന്ന തന്റെ പുതിയ വെബ്സൈറ്റും ഇതിനോടൊപ്പം പങ്കുവെച്ചു. ഗര്‍ഭാശയ കാന്‍സറിന്റെ ബോധവത്കരണം, രോഗ ലക്ഷണങ്ങള്‍, വാക്സിനേഷന്, ചികിത്സ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്.
കേന്ദ്ര ബജറ്റില്‍ ഗര്‍ഭാശയ കാന്‍സറിനെ കുറിച്ച് പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് ഇതേരോഗം ബാധിച്ച് താരം മരിച്ചതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുന്നേ 2023 ജൂലൈയില്‍ ഈ വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നാണ് അറിയാന്‍ കഴിയുന്നത്. വെബ്സൈറ്റില്‍ പലരുടെ അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇത് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സൈറ്റില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് പൂനത്തിന്റെ സൈറ്റിലും പറയുന്നത്. കൂടാതെ കാന്‍സറിനെക്കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കുന്നതിനായി നിര്‍മിച്ചിട്ടുള്ള വെബ്സൈറ്റ് യുആര്‍എല്ലില്‍ ഇതുസംബന്ധിച്ച് ഒന്നും പറയാത്തതും താരത്തിന്റെ ആത്മാര്തയില് സംശയം ഉളവാക്കുന്നു. അതായത് പബ്ലിസിറ്റിക്കായുള്ള വിഷയം തെരഞ്ഞെടുത്തത് ഈ അടുത്തായിരിക്കും, അതിനനുസരിച്ച് വെബ്സൈറ്റില്‍ മാറ്റവും വരുത്തി. ഇതിനായി മാസങ്ങള്‍ മുന്നേ മുന്നൊരുക്കവും തുടങ്ങി.
താരം മരിച്ചിട്ടില്ല ജീവനോടെയുണ്ടെന്ന് ഭര്‍ത്താവും വ്യവസായിയുമായ സാം ബോംബേയും പ്രതികരിച്ചു. പൂനം ജീവിച്ചിരിക്കുന്നതില്‍ സന്തോഷനാവാനാണെന്നും ഞങ്ങള്‍ വിവാഹ മോചിതരായിട്ടില്ലെന്നും സാം പറഞ്ഞു. അതേസമയം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
അനുശോചനം അറിയിച്ച നിരവധി പ്രമുഖര്‍ പൂനത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. നല്ല ഉദ്ദേശത്തോടു കൂടിയായിരുന്നെങ്കില്പ്പോലും സ്വന്തം മരണ വാര്‍ത്ത പങ്കുവെച്ച് ജനങ്ങളെ കബളിപ്പിക്കേണ്ടതില്ലെന്ന് പലരും പ്രതികരിച്ചു.
പബ്ലിസിറ്റിക്ക് വേണ്ടി സ്വന്തം മരണവാര്‍ത്ത പുറത്തുവിട്ടത് ശരിയായ നടപടിയല്ല. ഗര്‍ഭാശയ കാന്‍സറിനെ അതിജീവിക്കുകയും എതിരെ പോരാടുകയും ചെയ്ത നിരവധി പേര് സമൂഹത്തിലുണ്ട്. നാണക്കേടുളവാക്കുന്നതാണ് താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും വിമര്‍ശിച്ചു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: