ചെന്നൈ: ബൈക്കിലെത്തി മാല മോഷ്ടിച്ച സംഭവത്തില്‍ കോയമ്പത്തൂരില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. ചെട്ടിപ്പാളയം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശബരിഗിരി (41) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് ആറ് പവന്‍ സ്വര്‍ണവും കണ്ടെടുത്തു.
ജനുവരി 27ന് പൊള്ളാച്ചി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് മോഷണക്കേസുകളുടെ അന്വേഷമാണ് ശബരിഗിരിയില്‍ ചെന്നെത്തിയതെന്ന് പോലീസ് അറിയിച്ചു. ബൈക്കിലെത്തി രണ്ട് സ്ത്രീകളുടെ മാലയാണ് ഇയാള്‍ പൊട്ടിച്ചത്. മറ്റൊരു സ്ത്രീയുടെ മാലപൊട്ടിക്കാനുള്ള ശ്രമവും നടത്തി. രജിസിട്രേഷന്‍ നമ്പറില്ലാത്ത ബൈക്കിലെത്തിയായിരുന്നു മോഷണം.
വഴിയരികിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ശബരിഗിരിയെ കുടുക്കിയത്. ഇയാള്‍ പോയ വഴികളിലെയെല്ലാം സിസിടിവി ക്യാമറകള്‍ പോലീസ് ശേഖരിച്ചു. ബാറിലെ ക്യാമറയിലാണ് ഹെല്‍മറ്റ് ഇല്ലാതെയുള്ള ദൃശ്യം പതിഞ്ഞത്. പിന്നാലെ പോലീസ് ശബരിഗിരിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: