ഞങ്ങള്‍ നിബിഡമായ വനാന്തരത്തിലൂടെ പോകുകയായിരുന്നു. അപ്പോള്‍ ആപ്പിള്‍ മരങ്ങളുടെ മുകളിലൂടെ മൂളിനടന്നിരുന്ന മഞ്ഞനിറത്തിലുള്ള ഈച്ചകള്‍ (കുളവികള്‍) ഞങ്ങളെ ആക്രമിച്ച് വിടുവിക്കാനാവാത്ത വണ്ണം പറ്റിപ്പിടിച്ചു. കൈകൊണ്ടും തുണികൊണ്ടുമെല്ലാം മാറ്റാന്‍ ശ്രമിച്ചു, ഓടി നോക്കി, എന്നിട്ടും അവ ഞങ്ങളെ ബഹുദൂരം പിന്തുടര്ന്നു. ഒരു വിധത്തില്‍ വീണും മറിഞ്ഞും അര മൈല്‍ ദൂരത്തോളം പിന്നിട്ടപ്പോള്‍ അവയില്‍ നിന്നും മോചനം കിട്ടി. അവയുടെ വിഷക്കൊമ്പുകള്‍ തറച്ചിടത്തെല്ലാം നീരുവന്നു വേദനിക്കുകയും ചെയ്തു.
ഈ കടന്നലുകള്‍ എന്തിനാണിങ്ങനെ ഞങ്ങളെ ആക്രമിച്ചതെന്ന് ആലോചിക്കുകയാണ്. അവയ്ക്കെന്താണ് കിട്ടിയത്? ഞങ്ങളെ ഉപദ്രവിച്ച് എന്തു നേടി? വനപ്രദേശം മുഴുവന്‍ അവരുടേതാണ്, അവര്‍ക്കു പാര്‍ക്കാനുള്ളതാണ്, അവരുടെ സുരക്ഷിതസ്ഥാനമാണ്, മറ്റാരും അവിടെ കാലു വച്ചുകൂടാ ഇങ്ങനെ ആയിരിക്കാം കടന്നലുകളുടെ വിചാരം. അവയുടെ ഈ മനോഭാവത്തിന് വിരുദ്ധമായി ഞങ്ങളതിലെ കടന്നതു കണ്ടപ്പോള്‍ അവയുടെ സ്ഥലത്ത് കയ്യേറ്റം നടത്തിയതാണെന്നും, അവിടെ ഞങ്ങള്‍ അധികാരം ചെലുത്തുകയാണെന്നും, അതിലേയുളള ഞങ്ങളുടെ പോക്ക് ധാര്ഷ്ട്യപൂര്ണമാണെന്നും ധരിച്ച്, ബലവും, അഹങ്കാരവും, കൈകടത്തലും കാണിച്ചതിന് ഞങ്ങളെ ഒരു പാഠം പഠിപ്പിക്കാനായിരിക്കാം ഞങ്ങളുടെ മേല്‍ അക്രമണം നടത്തിയത്.
ഇതാണ് കാര്യമെങ്കില്‍ കടന്നലുകളുടെ ഭോഷത്വമാണിത്. വനം സൃഷ്ടിച്ചത് ഈശ്വരനാണ്, ഈച്ചകള്‍(കടന്നലുകള്‍)അല്ല. അവ മരത്തിന്മേലിരുന്ന് ജീവിതയാപനം ചെയ്യുകയാണ് വേണ്ടത്. പ്രദേശം മുഴുവന്‍ കയ്യടക്കി വയ്ക്കാനുള്ള അവയുടെ പ്രവണത ശരിയല്ല, കാരണം ഇത്ര വലിയ പ്രദേശം കൊണ്ട് അവ എന്താണ് ചെയ്യുക? കൂടാതെ ഇത് പങ്കാളിത്തത്തിന്റെ ലോകമാണെന്ന് അവ മനസ്സിലാക്കണമായിരുന്നു. എല്ലാവരും യോജിപ്പോടെ ഉപഭോഗം ചെയ്ത് കഴിയുന്നതാണ് ശരി. അതിലേ പോകുമ്പോള്‍ വനശോഭയും, തണലും, സുഗന്ധവും ഞങ്ങള്‍ അല്പം ആസ്വദിക്കുന്നതില്‍ സഹിഷ്ണുത പ്രകടിപ്പിക്കുകയാണ് അവ ചെയ്യേണ്ടിയിരുന്നത്. പകരം അവര്‍ ഔദാര്യശൂന്യരായി ഞങ്ങളെ കുത്തി ഉപദ്രവിച്ചു. അവയ്ക്ക് കൊമ്പുകള്‍ നഷ്ടപ്പെട്ടു, പലതും ഈ വഴക്കിനിടയില്‍ ചതഞ്ഞരഞ്ഞുകാണും. പലതിനും പരിക്കും പറ്റികാണും, പലതിനും ജീവഹാനിയും. അവ ക്രോധവും അഹങ്കാരവും അടക്കിയിരുന്നുവെങ്കില് ഈ നാശനഷ്ടങ്ങള്‍ സംഭവിക്കയില്ലായിരുന്നു; ഞങ്ങളുടെ ദൃഷ്ടിയില് അവ ഭോഷരും സ്വാര്‍ത്ഥമതികളുമായി കരുതപ്പെടുകയുമില്ലായിരുന്നു. എങ്ങനെ നോക്കിയാലും ഈ ആക്രമണം ബുദ്ധിശൂന്യതയായിട്ടാണ് നാം കാണുന്നത്. ‘മഞ്ഞീച്ച’ എന്ന പേരു യഥാര്‍ത്ഥത്തില്‍ ഇവയ്ക്ക് യോജിച്ചതുതന്നെ. പക്ഷേ ഈ പാവം ഈച്ചകളെ എന്തിനു കുറ്റപ്പെടുത്തണം? അവയെ എന്തിനു മൂഢരെന്നു പറയുന്നു? ഇന്നു മനുഷ്യരായ നാം തന്നെ ഇതേ രീതിയിലല്ലേ പെരുമാറുന്നത്? സൃഷ്ടിയിലെ ഈശ്വരനിര്മ്മിതമായ വിപുലമായ ഉപഭോഗസാമഗ്രികള്‍ ഈശ്വരന്റെ സകല സന്തതികള്‍ക്കും ഒരുമിച്ച് അനുഭവിക്കാനും ആസ്വദിക്കാനുമുള്ളതാണ്. എന്നാല്‍ ഓരോരുത്തരും ആവുന്നത്ര അപഹരിച്ചെടുത്ത് സ്വന്തമാക്കാനുള്ള ധൃതിയിലാണ്. ശാരീരികവും കുടുംബപരവുമായ ആവശ്യങ്ങള്‍ കുറച്ചേ ഉള്ളു. അതനുസരിച്ച് പരിമിതപ്പെടുത്തണമെന്നും ആവശ്യത്തില്‍ കവിഞ്ഞ സംഭരണം അന്യരെ കഷ്ടപ്പെടുത്തലാണെന്നും നാം ചിന്തിക്കാറില്ല. എന്തിനാണ് ഉടമത്തത്തിന്റെ ഭാരം തലയിലേറ്റിവച്ചു നടക്കുന്നത്? അതും ഈ ഉടമസ്ഥാവകാശം അധികകാലം കയ്യടക്കിവയ്ക്കാന്‍ കഴിയാത്ത സ്ഥിതിക്ക്?
മഞ്ഞീച്ചകളെപ്പോലെ തന്നെ മനുഷ്യരും അധികാരമോഹത്തിന്റെ സ്വാര്‍ത്ഥതയിലും സംഗ്രഹണത്തിലും അന്ധരായിരിക്കയാണ്. പങ്കിട്ടനുഭവിക്കുക എന്ന രീതി തന്നെ മനസ്സിലേയ്ക്കിറങ്ങുന്നില്ല. സ്വന്തം സ്വാര്ത്ഥത്തിനെതിരായി ആരെങ്കിലും നിന്നാല്‍ അവര്‍ക്കു നേരെ കണ്ണുരുട്ടുകയും ബലം പ്രയോഗിക്കുകയും മഞ്ഞീച്ചകളെപ്പോലെ ആക്രമിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പെരുമാറ്റംകൊണ്ടു എന്തു കഷ്ടനഷ്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് ആരാണ് ചിന്തിക്കുക?
മഞ്ഞീച്ചകള് ചെറിയ ചെറിയ കൊമ്പുകള്‍ കൊണ്ടുകുത്തി അരമൈല്‍ ദൂരം പിന്തുടര്‍ന്നശേഷം തിരിച്ചുപോയി. എന്നാല്‍ അധികാരലാലസയും സ്വാര്ത്ഥതല്പരതയും അഹങ്കാരവും മൂലം മതിമറന്ന മനുഷ്യന് ചെയ്യുന്ന ആക്രമണങ്ങളുടെ ഭീകരതയെപ്പറ്റി ഓര്‍ക്കുമ്പോള്‍ പാവം മഞ്ഞീച്ചകളെ കുറ്റപ്പെടുത്തി പറയാന്‍ നാവു മടിക്കുന്നു.
ശീതമലയിലെ ഉഷ്ണ ഉറവകള്‍
വളരെ നാളുകളായി ശരീരം മരവിപ്പിക്കുന്ന മഞ്ഞിന്റെ ശീതജലത്തില്‍ കുളിച്ചു വരികയായിരുന്നു. ഒരു കണക്കില്‍ ധൈര്യം സംഭരിച്ചു ഒന്നുരണ്ടു മുങ്ങല്‍ മുങ്ങുമായിരുന്നു അത്രതന്നെ. പക്ഷേ ദേഹം വൃത്തിയാക്കാനുള്ള വിധത്തില്‍ ശരീരം ഉരച്ചു കുളിക്കുക സാദ്ധ്യമായിരുന്നില്ല. പിന്നീടു ‘ജഗനനി’ താവളത്തിലെത്തിയപ്പോള്‍ പര്‍വതമുകളില്‍ ഉഷ്ണജലം പ്രവഹിക്കുന്ന മൂന്നു തപ്തകുണ്ഡങ്ങള് ഉള്ളതായി അറിഞ്ഞു. ഇങ്ങനെ ഒരു സന്ദര്‍ഭം വന്നപ്പോള്‍ ശരീരം ഉരച്ചുകുളിക്കാനുള്ള ആഗ്രഹം പ്രബലമായി. ഗംഗയുടെ പാലം കടന്ന് തൂക്കായ മല, പലയിടത്തും ഇരുന്നും കിതച്ചും കയറി തപ്തകുണ്ഡത്തിലെത്തി. നേരെനേരെ ആയി മൂന്ന് കുണ്ഡങ്ങള് (കുളങ്ങള്‍) ഉണ്ടായിരുന്നു. ഒന്നിലെ വെള്ളം, കുളിക്കുന്നതുപോകട്ടെ, കയ്യിടാന്‍ പോലും കഴിയാത്തവണ്ണം ചൂടുള്ളതായിരുന്നു. അരിയും പരിപ്പും ചേര്‍ത്ത് തുണിക്കെട്ടിലാക്കി ഈ കുണ്ഡത്തിലിട്ടാല് അല്പസമയത്തിനുള്ളില് അതു വെന്തു ‘ഖിച്ച്ഡി’ ആകുമെന്നു പറയപ്പെടുന്നു. ഇത് പരീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പക്ഷേ അടുത്ത കുളത്തില്‍ (അതിലെ വെള്ളം സദാസമയവും ചൂടുള്ളതാണ്) പോയി ശരീരം നല്ലവണ്ണം ഉരച്ചുകുളിച്ചു. പല ആഴ്ചകളായി സാധിക്കാതിരുന്ന ആഗ്രഹം നിറവേറ്റി. തുണികളും ചൂടുവെള്ളത്തില്‍ നല്ലവണ്ണം കഴുകി വൃത്തിയാക്കി. മഞ്ഞുവീണുറയുന്ന പര്‍വതത്തിന്റെ മാറിടത്തില്‍ നിന്നും ഹിമജലത്തിന്റെ അരുവികളാണ് പ്രവഹിക്കുന്നത്. ഇവയുടെ ഇടയില്‍ ചിലയിടത്ത് ഉഷ്ണജലത്തിന്റെ അരുവികള്‍ എങ്ങനെയാണുണ്ടാകുന്നതെന്ന് ആലോചിക്കുകയാണ്. പര്‍വതത്തിന്റെ ഉള്ത്തട്ടിലെങ്ങാനും ഗന്ധകത്തിന്റെ ശേഖരം ഉണ്ടായിരിക്കാം. അതാവാം അതിനടുത്തുകൂടെ ഒഴുകുന്ന വെള്ളത്തിനു ഇത്ര ഉഷ്ണം പ്രദാനം ചെയ്യുന്നത്. ഇതുപോലെ ചില സജ്ജനങ്ങളില്‍ ശീതളവും ശാന്തിദായകവുമായ അനേകം സദ്ഗുണങ്ങള്‍ മൂലം അവരുടെ പെരുമാറ്റം ശീതളമായ അരുവികളെപ്പോലെ ആവാം. എന്നാല്‍ അവരില്‍ അല്പമെങ്കിലും ദുര്‍ഗുണം ഒളിഞ്ഞുകിടപ്പുണ്ടെങ്കില് അത് ഉഷ്ണ ഉറവകളെപ്പോലെ പൊട്ടിപുറത്തുവരും, അതിന് ഒളിച്ചിരിക്കുക സാദ്ധ്യമല്ല.
തന്നിലെ കുളിര്‍മ്മ നിലനിര്‍ത്താനാഗ്രഹിക്കുന്ന പര്‍വതങ്ങള്‍ അവയ്ക്കുള്ളിലെ ഗന്ധകം പോലുള്ള വിഷാംശങ്ങള്‍ പുറത്തു കളയണം. ഈ ഊഷ്മള ജലകുണ്ഡങ്ങളെപ്പറ്റി ഇങ്ങനെയും വ്യാഖ്യാനിക്കാം. ശീതളമായ പര്‍വതം തന്റെ ഉള്ളിലെ വികാരങ്ങളെ തന്റെ ദൗര്ബല്യങ്ങളെഉള്ളിലടക്കുന്നതിന് പകരം പുറത്തെടുത്തു കാണിച്ചുകൊണ്ടു കളയുകയാവാം. ഇതുമൂലം തന്നെ ആരും കപടനായി കണക്കാക്കാതിരിക്കട്ടെ. ദുര്ഗുണങ്ങളുണ്ടായിരിക്കുക ദൂഷ്യമാണ്. പക്ഷേ അവ ഒളിച്ചുവയ്ക്കുന്നത് അതിലും വലിയ ദൂഷ്യമാണ്. ഈ തത്ത്വം ഈ പര്വതങ്ങള്ക്കറിയാം. മനുഷ്യനും ഇതു മനസ്സിലാക്കിയെങ്കില്‍ എത്ര നന്നായിരുന്നു.
ഞങ്ങളെപ്പോലെ തണുത്തവെള്ളത്തില്‍ കുളിച്ചു മുഷിഞ്ഞവര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കാനുള്ള ആവശ്യവും സൗകര്യവും പരിഗണിച്ച് പര്‍വതം തന്റെ ഉള്ളിലെ ഊഷ്മാവ് പുറത്തെടുത്ത് തരുന്നതായും കണക്കാക്കാം. പുറമേ തണുത്തുപോയ അതിന്റെ ഉള്ളിലല്പം ചൂടുമാത്രം ബാക്കിവച്ചിട്ടെന്താണ് കാര്യം? അതുകൂടി ആവശ്യക്കാര്ക്കുകൊടുത്തുകളയാം എന്ന് പര്‍വതം വിചാരിക്കുന്നുണ്ടാവാം. ആത്മദാനിയായ ഈ പര്‍വ്വതത്തെപ്പോലെ ക്ലേശവും കുറവുകളും സ്വയം സഹിച്ച് ജീവിതയാപനം ചെയ്ത് തന്റെ ശക്തിയും കഴിവുകളും ലോകക്ഷേമാര്‍ത്ഥം ചെലവഴിച്ച് ഈ തപ്തകുണ്ഡങ്ങളുടെ ആദര്‍ശം കാഴ്ചവെയ്ക്കുന്ന കുറെയെങ്കിലും വ്യക്തികള്‍ ഉണ്ടായിരിക്കാം. ഈ ശൈത്യപ്രദേശത്തെ ഊഷ്മളജലകുണ്ഡം മറന്നാലും മറക്കാവുന്നതല്ല. എന്നെപ്പോലുള്ള ആയിരക്കണക്കിനു യാത്രക്കാര്‍ ഇതിന്റെ ഗുണങ്ങള്‍ വര്ണിക്കുന്നുണ്ടാവും, അതിന്റെ ത്യാഗവും അസാമാന്യമാണ്. ബുദ്ധിശൂന്യവും ചേതനാ രഹിതവുമായ പര്‍വതത്തിന് ഇത്രയൊക്കെ ചെയ്യാന്‍ കഴിയുമെങ്കില്‍ ബുദ്ധിമാനായ മനുഷ്യന് സ്വാര്ത്ഥതല്പരനായി മാത്രം കഴിഞ്ഞാല്‍ മതിയോ?
(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ വിജനതയിലെ സഹചാരികള്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: