ചില സവിശേഷ ദിവസങ്ങളില്‍ സൂര്യകിരണങ്ങള്‍ ശ്രീകോവിലിലും വിഗ്രഹത്തിലും നേരിട്ടു പതിക്കുന്ന ക്ഷേത്രങ്ങള്‍ പലതുണ്ട്. എന്നാല്‍ നിഴലുകള്‍ വിസ്മയം തീര്‍ക്കുന്നൊരു ക്ഷേത്രമുണ്ട് തെലങ്കാനയില്‍. നല്‍ഗൊണ്ട ജില്ലയിലെ പനഗലിലുള്ള ഛായ സോമേശ്വര ശിവക്ഷേത്രം.
ശ്രീകോവിലില്‍ ശിവലിംഗത്തിനു പിറകിലായി കാണാം തൂണിന്റെ ആകൃതിയില്‍ നിഴലിന്റെ മായാജാലം. ദിവസം മുഴുവന്‍ സ്ഥാനവും രൂപവും മാറാതെ നിഴലങ്ങനെ നില്ക്കുന്നു. ശ്രീകോവിലിനു മുമ്പിലെ സഭാമണ്ഡപത്തിലുള്ള നാലു പ്രധാന തൂണുകളുടെ സംയോജിത രൂപം നിഴലായി (ഛായ) പതിക്കുന്ന വിസ്മയം! മാത്രവുമല്ല ശിവലിംഗത്തിനു മുമ്പില്‍ തൊഴുതു നില്ക്കുന്നവരുടെ നിഴലുകള്‍ നേര് പകുതിയായി വേറിട്ടു നില്ക്കുന്നതും മറ്റൊരു അത്ഭുതക്കാഴ്ചയാണ്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുണ്ടുരു ചോള രാജവംശമാണ് ക്ഷേത്രം നിര്‍മിച്ചത്. തൂണുകളും ചുമരും വാതിലുകളുമെല്ലാം ശില്പസമൃദ്മിയാല് അലങ്കരിച്ചിരിക്കുന്നു. മൂന്ന് ഗര്‍ഭഗൃഹങ്ങളുണ്ട് ക്ഷേത്രത്തില്‍. ഇതിനെ ത്രികുടാലയം (മൂന്ന് ക്ഷേത്ര സമുച്ചയം) എന്ന് വിളിക്കുന്നു. ശിവന്, വിഷ്ണു, സൂര്യന് എന്നിവരെ പ്രതിഷ്ഠിച്ചതാണ് കോവിലുകള്‍. ഇവയില്‍ പ്രധാനം ശിവലിംഗ പ്രതിഷ്ഠയുള്ള ഛായ സോമേശ്വര (സോമേശ്വരന്റെ നിഴല്‍) ശ്രീകോവിലാണ്. നിഴലും വെളിച്ചവും ഇവിടെ അത്ഭുതങ്ങള്‍ തീര്‍ക്കുകയാണ് ഇവിടെ.
മൂന്ന് കോവിലുകള്‍ക്കും പൊതുവായാണ് സഭാമണ്ഡപമുള്ളത്. അതില്‍ തെലങ്കാന ശൈലിയില്‍ അതിസങ്കീര്‍ണ്ണമായ കൊത്തുപണികളോടു കൂടിയ തൂണുകള്‍ കാണാം. മഹാഭാരതം, രാമായണം, പുരാണങ്ങള്‍ എന്നിവയില്‍ നിന്നുള്ള രംഗങ്ങളാണ് ഇവയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കിഴക്കുഭാഗത്തുള്ള കോവിലില്‍ സൂര്യന്. വടക്കോട്ട് ദര്ശനമുള്ളതില് വിഷ്ണുവാണ് പ്രതിഷ്ഠ. മൂന്നാമത്തേതില്‍ ലിംഗരൂപത്തിലുള്ള പ്രധാന ദേവനായ ശ്രീ സോമേശ്വരന്‍ (പരമശിവന്).
നല്‍ഗൊണ്ട നഗരത്തില്‍ നിന്ന് ഏകദേശം 4 കിലോമീറ്ററും സൂര്യപേട്ട് നഗരത്തില്‍ നിന്ന് 45 കിലോമീറ്ററും ഹൈദരാബാദില്‍ നിന്ന് 107 കിലോമീറ്ററും അകലെയാണ് പനഗല്‍. 11ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഉദയസമുദ്രം എന്ന് വിളിക്കപ്പെടുന്ന മനുഷ്യനിര്‍മ്മിത ജലസംഭരണിക്ക് സമീപം നെല്‍വയലുകള്‍ക്ക് നടുവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: