കുവൈറ്റ് സിറ്റി : രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട് ടൈം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആരംഭിച്ചു. ഫെബ്രുവരി 1 മുതൽ ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചിട്ടുണ്ട്.
കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന് കീഴിലുള്ള സഹേൽ ആപ്പ് സംവിധാനത്തിലൂടെയാണ് ഇത്തരം വർക് പെർമിറ്റുകൾ അനുവദിക്കുന്നത്. കുവൈറ്റിലെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കഴിഞ്ഞ ഡിസംബർ 28-ന് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുറത്തിറക്കിയിരുന്നു.
കുവൈറ്റിലെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് അവർ നിലവിൽ തൊഴിലെടുക്കുന്ന സ്ഥാപനത്തിന്റെ തൊഴിലുടമയിൽ നിന്നുള്ള അനുമതിയോടെ മറ്റൊരു തൊഴിലുടമയുടെ കീഴിൽ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിനാണ് അനുവാദം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു ദിവസം പരമാവധി നാല് മണിക്കൂർ വരെയാണ് പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് സാധിക്കുക.
കെട്ടിടനിർമ്മാണ മേഖലയിൽ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് പരമാവധി സമയപരിധികളൊന്നും നിശ്ചയിച്ചിട്ടില്ല. എന്നാൽ ഇത്തരത്തിൽ പാർട്ട്-ടൈം തൊഴിലുകൾ ചെയ്യുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ നിന്നുള്ള പ്രത്യേക പാർട്ട്-ടൈം വർക്ക് പെർമിറ്റ് നിർബന്ധമാണ്. ഇത്തരം പെർമിറ്റുകളാണ് അതോറിറ്റി ഇപ്പോൾ അനുവദിച്ച് തുടങ്ങിയിരിക്കുന്നത്. ഇത്തരം പെര്മിറ്റുകൾക്ക് അപേക്ഷിക്കുന്ന പ്രവാസികളിൽ നിന്ന് ഒരു നിശ്ചിത ഫീസ് ഈടാക്കുന്നതാണ്.
ഒരു മാസത്തേക്ക് 5 ദിനാർ, മൂന്ന് മാസത്തേക്ക് 10 ദിനാർ, ആറ് മാസത്തേക്ക് 20 ദിനാർ, ഒരു വർഷത്തേക്ക് 30 ദിനാർ എന്നീ നിരക്കിലാണ് ഈ ഫീസ് ഈടാക്കുന്നത്. സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് അനുമതി നൽകുന്നത് കുവൈറ്റിൽ ഇതാദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: