തൃശൂര്‍: എംഎല്‍എ ബാലചന്ദ്രന് എതിരെയുള്ള നടപടിക്ക് പിന്നാലെ ജില്ലയിലെ സി.പി.ഐയില്‍ വീണ്ടും അച്ചടക്ക നടപടി. കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര് സുനില്‍കുമാറിനും ജില്ലാ കമ്മിറ്റി അംഗം സി.സി വിപിനചന്ദ്രനും എതിരെയാണ് നടപടി. ഇരുവര്‍ക്കുമെതിരെ ശാസനയാണ് നടപടി.
കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റിയിലെ രണ്ടു പേരെ തരം താഴ്ത്തുകയും ചെയ്തു. മണ്ഡലം കമ്മിറ്റി യോഗത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിലാണ് അച്ചടക്ക നടപടി. മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ.എം സലിം, അഡ്വ.വി.എസ് ദിനല്‍ എന്നിവരെയാണ് ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്.
അച്ചടക്ക നടപടിയുണ്ടായ കാര്യം നേതാക്കള്‍ സ്ഥിരീകരിച്ചു. വിഭാഗീയതയും ചേരിപ്പോരും രൂക്ഷമായതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. നഗരസഭ മുന്‍ ചെയര്മാന് കൂടിയായ സി.സി വിപിനചന്ദ്രന്‍ സെക്രട്ടറിയായ കമ്മിറ്റിയാണ് പിരിച്ചു വിട്ടത്.
സഹകരണ ബാങ്ക് തട്ടിപ്പില്‍ വി. ആര്‍സുനില്‍കുമാര്‍ എം.എല്‍.എ അടക്കമുള്ളവര്‍ ക്കെതിരെ ആരോപണമുയര്‍ന്നു. കഴിഞ്ഞ യോഗത്തില്‍ അംഗങ്ങള്‍ പരസ്പരം ഏറ്റുമട്ടി. വിഭാഗീയത രൂക്ഷമായതോടെ ജില്ലാ നേതൃത്വം ഇടപെട്ടു. ജില്ല അസി.സെക്രട്ടറി ടി.ആര് രമേഷ് കുമാറിനെ പരിശോധനക്ക് ചുമതലപ്പെടുത്തി. മണ്ഡലം കമ്മിറ്റി യോഗത്തില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയും വരെയുണ്ടായി. വിപിനചന്ദ്രന്‍ നേരെ എംഎല്‍എയുടെ നേതൃത്വത്തില്‍ കയ്യേറ്റമുണ്ടായെന്നും പറയുന്നു.
ഇതോടെയാണ് നടപടികളിലേക്ക് ജില്ലാ നേതൃത്വം കടന്നത്. വി.ആര് സുനില്‍കുമാറും വിപിനചന്ദ്രനും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്ന നിലയില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാണ് ഇരുവര്‍ക്കുമെതിരായ ശാസന നടപടി. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തില്‍ നടപടി വായിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: