ജറുസലേം : ലെബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ സൈന്യം. പ്രകോപനമുണ്ടായാൽ ഉടൻ ആക്രമിക്കാൻ തയ്യാറാണെന്നാണ് സൈനിക വക്താവ് അറിയിച്ചത്.
“ഞങ്ങൾ യുദ്ധത്തെ പ്രഥമ മുൻഗണനയായി തിരഞ്ഞെടുക്കുന്നില്ല, പക്ഷേ ഞങ്ങൾ യുദ്ധത്തിന് തീർച്ചയായും തയ്യാറാണ്,” സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. “ഹിസ്ബുള്ള എവിടെയാണെങ്കിലും ഞങ്ങൾ പ്രവർത്തിക്കുന്നത് തുടരും, മിഡിൽ ഈസ്റ്റിൽ ആവശ്യമുള്ളിടത്ത് ഞങ്ങൾ പ്രവർത്തിക്കുന്നത് തുടർന്നുകൊണ്ടോയിരിക്കും” – അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദ സംഘടനയായ ഹമാസിനെതിരെ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഇസ്രായേൽ ഹിസ്ബുള്ളയെ ആക്രമിക്കില്ലെന്ന് അർത്ഥമാക്കില്ലെന്ന പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഈ അഭിപ്രായപ്രകടനം.
അതേ സമയം ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി ലോക രാജ്യങ്ങൾ തുടർന്നു വരുന്നുണ്ട്. യുഎസ്, ഈജിപ്ത്, ഖത്തർ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദേശം തങ്ങൾ പഠിച്ചു വരികയാണെന്നും എന്നാൽ സ്ഥിരമായ വെടിനിർത്തൽ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിക്കണമെന്നും ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥൻ ഒസാമ ഹംദാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: