Categories: Editorial

അദ്വാനി എന്ന വടവൃക്ഷം

Published by

ര്‍വാദരണീയനായ രാഷ്‌ട്രീയക്കാരന്‍ അദ്വാനിക്ക് ഭാരതരത്‌നം നല്‍കുവാനുള്ള തീരുമാനത്തോടെ ആ ബഹുമതിയുടെ തിളക്കമാണുയര്‍ന്നത്. ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരില്‍ ഒരാളാണ് എല്‍. കെ അദ്വാനി. താഴേത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചു തുടങ്ങി ഉപപ്രധാനമന്ത്രി എന്ന നിലയില്‍ രാഷ്‌ട്രത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ മാതൃകാപരവും സമ്പന്നമായ ഉള്‍ക്കാഴ്ചകളാല്‍ നിറഞ്ഞതുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.

1998 മുതല്‍ 2004 വരെ ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് അദ്വാനി ജനിച്ചത്. വിഭജന സമയത്ത് ഭാരതത്തിലേക്ക് കുടിയേറി മുംബൈയില്‍ സ്ഥിരതാമസമാക്കിയതാണ് അദ്വാനിയുടെ കുടുംബം. 1941 ല്‍ 14 ലാമത്തെ വയസില്‍ ആര്‍എസ്എസില്‍ ചേര്‍ന്ന അദ്വാനി രാജസ്ഥാനില്‍ പ്രചാരകനായി. 1951ല്‍ സ്ഥാപിച്ച ഭാരതീയ ജനസംഘത്തില്‍ അംഗമായി. പാര്‍ലമെന്ററി കാര്യങ്ങളുടെ ചുമതല, ജനറല്‍ സെക്രട്ടറി, ദല്‍ഹി ഘടകത്തിന്റെ പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ചു.

1967ല്‍ ആദ്യ ദല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1970 വരെ ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവില്‍ അംഗമായി. 1970ല്‍, അദ്വാനി ആദ്യമായി രാജ്യസഭാംഗമായി, 1989 വരെ നാല് തവണ സേവനമനുഷ്ഠിച്ചു. 1973ല്‍ അദ്ദേഹം ജനസംഘത്തിന്റെ പ്രസിഡന്റായി. 1977 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ജനസംഘം ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. തിരഞ്ഞെടുപ്പിലെ ജനതാ പാര്‍ട്ടിയുടെ വിജയത്തെത്തുടര്‍ന്ന് അദ്വാനി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയും രാജ്യസഭയിലെ സഭാനേതാവുമായി.

1980ല്‍ അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം ബിജെപിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ അദ്ദേഹം മൂന്ന് തവണ പാര്‍ട്ടിയുടെ അധ്യക്ഷനായി. 1989 ല്‍ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏഴ് തവണ സേവനമനുഷ്ഠിച്ചു. ഇരുസഭകളിലും പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മുതല്‍ 2004 വരെ ആഭ്യന്തര മന്ത്രിയും 2002 മുതല്‍ 2004 വരെ ഉപപ്രധാനമന്ത്രിയുമായിരുന്നു. 2019 വരെ ഭാരത പാര്‍ലമെന്റില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ബിജെപിയെ ഒരു പ്രധാന രാഷ്‌ട്രീയ പാര്‍ട്ടിയായി ഉയര്‍ത്തിയതിന്റെ ബഹുമതി നേടി. 2015ല്‍ അദ്ദേഹത്തിന് രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു.

ഓര്‍ഗനൈസര്‍ വാരികയുടെ പത്രാധിപരമായിരുന്ന അദ്വാനി അടിയന്തരാവസ്ഥയിലെ മാധ്യമ പ്രവര്‍ത്തനശൈലിയെക്കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്. ‘ഇന്ദിരാഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ പത്രങ്ങള്‍ മുട്ടിലിഴഞ്ഞു’. 1996 ല്‍ ഹവാല കുറ്റപത്രത്തില്‍ പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനവും ലോക്‌സഭാംഗത്വവും രാജിവച്ച അദ്വാനി, കുറ്റമുക്തനായേ ഇനി പാര്‍ലമെന്റിലേക്കുള്ളൂ എന്ന് പ്രഖ്യാപിച്ചു.

അദ്വാനിയും അടല്‍ ബിഹാരി വാജ്‌പേയുമാണ് ബിജെപി രൂപീകരിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത്. 1986 – 91, 1993-98, 2004 – 05 കാലയളവില്‍ ബിജെപി അധ്യക്ഷനായി. 90 കളില്‍ രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ വന്‍ ജനപ്രീതി നേടിയ അദ്വാനി നേതാവെന്ന നിലയില്‍ ഔന്നത്യത്തിലേക്ക് ഉയര്‍ന്നു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടി രഥയാത്ര നടത്തുകയും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ചുക്കാന്‍ പിടിക്കുകയും ചെയ്ത അദ്വാനി 1996 ലും 1998 ലും 1999 ലും അടല്‍ ബിഹാരി വാജ്‌പേയിയെ പ്രധാനമന്ത്രിയാക്കാന്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. 2002ല്‍ ഉപപ്രധാനമന്ത്രിപദം വരെ എത്തി. പാക്കിസ്ഥാനില്‍ 2005ല്‍ നടത്തിയ സന്ദര്‍ശനത്തിനിടയില്‍ ജിന്നയെ മതേതരവാദിയായി വിശേഷിപ്പിച്ച് പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

വാജ്‌പേയിയും അദ്വാനിയും ഒരുമിച്ചുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ അദ്വാനിയെ കാര്‍ക്കശ്യക്കാരനായാണ് പലരും വിശേഷിപ്പിച്ചിരുന്നത്. വാജ്‌പേയി മിതവാദിയും. ഇവര്‍ തമ്മില്‍ ഒരിക്കലും അധികാരതര്‍ക്കങ്ങളോ കിടമത്സരങ്ങളോ നടന്നതായി കേട്ടിട്ടില്ല. 1991 ജനുവരി 30 ന് ഇഎംഎസ് എഴുതിയത് ബിജെപിഒരു കടലാസ് പുലിയാണെന്നാണ്. ദേശീയ മുന്നണിക്ക് ബിജെപിയുമായി ബന്ധം പാടില്ലെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ബിജെപിയെ ഒറ്റപ്പെടുത്തി നശിപ്പിക്കുകയായിരുന്നു ഇടതുലക്ഷ്യം. അതിനെക്കുറിച്ച് അദ്വാനി പറഞ്ഞു, ‘ഞങ്ങളെ എതിര്‍ക്കുന്നവരുണ്ട്. ഞങ്ങളെ അനുകൂലിക്കുന്നവരുമുണ്ട്. പക്ഷേ ആര്‍ക്കും ഞങ്ങളെ അവഗണിക്കാനാവില്ല.” പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. ഇന്ന് ഇഎംഎസിന്റെ പാര്‍ട്ടി എവിടെ നില്‍ക്കുന്നു? ബിജെപിയുടെ അവസ്ഥ എന്താണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രാഷ്‌ട്രീയ പാര്‍ട്ടി ഇന്ന് ബിജെപിയാണ്. ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും ഇന്ന് ബിജെപിക്കാണ്. 19 സംസ്ഥാനങ്ങള്‍ ഇന്ന് ബിജെപി ഭരിക്കുന്നു.

വിശ്വസ്തതയാണ് അദ്വാനിയുടെ മുഖമുദ്ര. ബിജെപിക്ക് ഭാരത രാഷ്‌ട്രീയത്തില്‍ പ്രതിഷ്ഠയും തനിമയും ഉറപ്പിക്കാനാവുംവിധം പാര്‍ട്ടിയെ രാഷ്‌ട്രീയ ഗോദയുടെ കേന്ദ്രസ്ഥാനത്ത് കേറിനില്‍ക്കാന്‍ സഹായിച്ചത് അദ്വാനിയുടെ വ്യക്തിപ്രഭാവമാണ്. അദ്വാനി ഭാരത രാഷ്‌ട്രീയത്തിലെ വടവൃക്ഷമാണ്. അദ്വാനിക്ക് പകരം നല്‍കാന്‍ ആളില്ല. ബിജെപിയെ പുച്ഛത്തോടെ എഴുതി തള്ളിയപ്പോള്‍ ഒട്ടും പതറാത്ത നേതാവായിരുന്നു അദ്വാനി.
രാമഭക്തിയും രാഷ്‌ട്രശക്തിയും ഒന്നാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ഏക രാഷ്‌ട്രീയകക്ഷി ബിജെപിയാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച അദ്വാനി, ഇനി ഭാരതം ഭരിക്കാന്‍ ബിജെപിക്കേ കഴിയൂ എന്നും പറഞ്ഞു.

താന്‍ പഠിച്ച കറാച്ചിയിലെ സെന്റ് പാര്‍ട്രിക് സ്‌കൂളില്‍ അദ്വാനി പോയത് 1978 നവംബറില്‍ കേന്ദ്രമന്ത്രിയായിരിക്കെയാണ്. വളരെ അഭിമാനത്തോടെയാണ് അവിടെ അധ്യാപകര്‍ അദ്വാനിയെ ഓര്‍ത്തത്. ആ സന്ദര്‍ശനത്തെക്കുറിച്ച് അദ്വാനി ഓര്‍ക്കുന്നു. ”യൂറോപ്പില്‍ നിന്നുള്ള തിരിച്ചുവരവില്‍ 24 മണിക്കൂര്‍ നേരത്തെ ഒരു ഹ്രസ്വസന്ദര്‍ശനമായിരുന്നു അത്. ഏതെങ്കിലും സ്ഥലമോ വസ്തുവോ കണ്ടെത്തുന്നതിന് പ്രത്യേക താല്പര്യമുണ്ടോ എന്ന് അംബാസഡര്‍ ചോദിച്ചു. ഞാന്‍ പഠിച്ച സ്‌കൂള്‍ സന്ദര്‍ശിക്കണമെന്ന ആഗ്രഹമേ പറഞ്ഞുള്ളൂ.

ഞാന്‍ പഠിച്ചിരുന്ന കാലത്തെ അധ്യാപകരേയും പ്രിന്‍സിപ്പലിനേയും ഫാ. മൊസസ്റ്റെനെയും കാണാന്‍ കഴിഞ്ഞു. സ്‌കൂള്‍ കവാടത്തില്‍ എന്നെ സ്വീകരിക്കാന്‍ സര്‍വീസില്‍ നിന്നും വിരമിച്ച അവര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.” 1941 ല്‍ സിന്ധിലെ ഹൈരാബാദില്‍ നാഷണല്‍ കോളേജില്‍ പഠിക്കുമ്പോഴാണ് അദ്വാനിക്ക് ആര്‍എസ്എസുമായി ബന്ധം. എന്റെ ഒരു സുഹൃത്ത് ആര്‍എസ്എസ് ശാഖയില്‍ പോകാന്‍ തുടങ്ങിയിരുന്നു. അദ്ദേഹം എന്നെയും ശാഖയിലേക്ക് കൊണ്ടുപോയി.

ആര്‍എസ്എസ് നേതാക്കളുടെ പ്രസംഗം കേള്‍ക്കാനും കൊണ്ടുപോയി. ക്രിക്കറ്റ് കളിവിട്ട് അങ്ങിനെ ആര്‍എസ്എസ് കാര്യങ്ങളായി ശ്രദ്ധ. എന്റെ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയ്‌ക്ക് വളമായത് അങ്ങിനെയാണ്.” എങ്ങിനെ സുഹൃത്തുക്കളെ നേടിയെടുക്കാം ജനങ്ങളെ സ്വാധീനിക്കാം എന്ന് പഠിച്ചത് വിദ്യാഭ്യാസത്തിനിടെയാണെന്നും അദ്വാനി ഓര്‍ക്കുന്നു.

ആദര്‍ശം വെടിഞ്ഞ് ഒരുകാര്യവും ചെയ്യില്ല എന്ന നിര്‍ബന്ധബുദ്ധി. അതാണദ്ദേഹത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും വഴിവച്ചത്. സ്വജനപക്ഷപാതം ആരോപിക്കപ്പെടുമോ എന്ന ശങ്കമൂലമാകാം 1977 ല്‍ ജന്മഭൂമിയുടെ പുനഃപ്രസിദ്ധീകരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നുപോലും വിട്ടുനിന്നു. അന്ന് കേന്ദ്രവാര്‍ത്താ വിതരണ വകുപ്പുമന്ത്രിയായിരുന്നു അദ്ദേഹം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by