Categories: ArticleParivar

പ്രാണപ്രതിഷ്ഠയും ഭാരതരത്‌നവും

Published by

ഭാരതത്തിന്റെ ആത്മാവാണ് ശ്രീരാമനെന്ന ഭഗവാന്‍ ശ്രീരാമചന്ദ്രന്‍, മര്യാദാ പുരുഷോത്തമന്‍. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ഒടുവില്‍ ശ്രീരാമന്റെ ജന്മഭൂമിയില്‍ ഉയര്‍ന്നു മനോഹരമായ ഒരു ക്ഷേത്രം. ഇക്കഴിഞ്ഞ ജനുവരി 22 നായിരുന്നു ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ. ആ ചിരകാല സ്വപ്‌നം പൂവണിയിക്കാന്‍ ജീവിതം മുഴുവന്‍ പൊരുതിയ വ്യക്തിയാണ് ലാല്‍ കൃഷ്ണ അദ്വാനി. പ്രാണ പ്രതിഷ്ഠക്കു പിന്നാലെ അദ്വാനിക്ക് ഭാരതരത്‌ന നല്‍കുമ്പോള്‍ അതൊരു ചരിത്രം തന്നെയാകുകയാണ്. ഹിമാചല്‍പ്രദേശിലെ പാലംപൂരില്‍ നടന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ പാസാക്കിയ അയോധ്യ സംബന്ധിച്ച പ്രമേയമാണ് 34 വര്‍ഷങ്ങള്‍ക്കു ശേഷം നടപ്പായത്. അന്ന് അദ്വാനിയായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍. മോദിയുടെ സാന്നിധ്യത്തില്‍ പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍, ഓരോ പൗരനെയുമാണ് മോദി പ്രതിനിധാനം ചെയ്യുന്നത് എന്നാണ് അതിനു മുന്‍പ് അദ്വാനി ഒരു ലേഖനത്തില്‍ കുറിച്ചത്. രാമന്റെ ഗുണഗണങ്ങളെ സ്വാംശീകരിക്കാന്‍ ഒരോരുത്തര്‍ക്കും രാമന്‍ പ്രചോദനമാകട്ടെയെന്നും അദ്ദേഹം കുറിച്ചിരുന്നു.

അദ്വാനിയില്ലാത്ത രാമജന്മഭൂമി പ്രക്ഷോഭമേയില്ല. 1990 ല്‍ അദ്ദേഹം നടത്തിയ രഥയാത്രയാണ് ഭാരത രാഷ്‌ട്രീയം തന്നെ മാറ്റിമറിച്ചത്.

ഇന്ദിരാഗാന്ധി വധത്തിനുശേഷം 84ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് വെറും രണ്ടു സീറ്റുകളായിരുന്നു. അടല്‍ജി പോലും തോല്‍വിയടഞ്ഞ തെരഞ്ഞെടുപ്പ്. 86ല്‍ അദ്വാനി ബിജെപിഅധ്യക്ഷനായി. അതിനു ശേഷം ഹിന്ദുത്വ ആദര്‍ശങ്ങളില്‍ മുറുകെപ്പിടിച്ചായിരുന്നു പാര്‍ട്ടിയുടെ മുന്നേറ്റം. ഇതോടെ 89ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടില്‍ നിന്ന് ബിജെപിയുടെ സീറ്റുകള്‍ 86 ആയി. രാജീവ്ഗാന്ധി തോറ്റു. ബിജെപിയുടെ പിന്തുണയോടെ വി.പി. സിങ്ങിന്റെ നേതൃത്വത്തില്‍ ദേശീയ മുന്നണി അധികാരത്തില്‍ എത്തി. 1990 സപ്തംബര്‍ 25നാണ് അദ്വാനി രഥയാത്ര തുടങ്ങിയത്. രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ടായിരുന്നു സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് അദ്വാനി യാത്ര തുടങ്ങിയത്.

(അന്ന് രഥയാത്രയുടെ പ്രധാന സംഘാടകനായ നരേന്ദ്ര മോദിയാണ് ഇന്ന് പ്രധാനമന്ത്രിയെന്നതും അദ്ദേഹമാണ് രാമക്ഷേത്ര നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചതെന്നതും പ്രാണ പ്രതിഷ്ഠ നടത്തിയെന്നതും അദ്ദേഹത്തിന്റെ തന്നെ സര്‍ക്കാരാണ് അദ്വാനിക്ക് ഭാരതരത്‌ന നല്‍കിയത് എന്നതും എടുത്തുപറയേണ്ടതാണ്.

അന്ന് രഥയാത്ര തുടങ്ങുേമ്പാള്‍ സംഘാടകനായ മോദി ബിജെപി ഗുജറാത്ത് ഘടകം ജനറല്‍ സെക്രട്ടറിയാണ്. അന്ന് മോദി പ്രശസ്തനായിരുന്നില്ല. രാമക്ഷേത്ര നിര്‍മാണത്തിന് അന്ന് രാമന്‍ തെരഞ്ഞെടുത്തത് തന്റെ ഭക്തനായ മോദിയെയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അദ്വാനി കുറിച്ചിരുന്നു.

രഥ യാത്ര ബീഹാറിലെ സമസ്തിപ്പൂരില്‍ വച്ച് ലാലു പ്രസാദ് യാദവ് സര്‍ക്കാര്‍ തടഞ്ഞു. അദ്വാനിയെ അറസ്റ്റു ചെയ്തു. അതിനുശേഷം 1991ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റ് നേടി ബിജെപി പ്രധാന പ്രതിപക്ഷമായി. രാമക്ഷേത്ര പ്രക്ഷോഭമാണ് ബിജെപിയെ വലിയ പാര്‍ട്ടിയായി മാറ്റിയെടുത്തത്. 92 ഡിസംബര്‍ ആറിനാണ് തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടത്. ഇതിന്റെ പേരില്‍ അദ്വാനിയടക്കമുള്ളവര്‍ക്കെതിരെ സിബിഐ എടുത്ത കേസില്‍ 31 പേരെയും കോടതി കുറ്റവിമുക്തരാക്കി. അതിനു ശേഷവും രാമക്ഷേത്രത്തിനു വേണ്ടിയുള്ള നിയമയുദ്ധം നടന്നു. അതിനൊടുവില്‍ 2019ലാണ് രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. 2024 ജനുവരി 22ന് ആ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠയും നടന്നു. അന്നത്തെ യാത്രാ നായകനാണ് ഇന്ന് ഭാരതരത്‌നം ലഭിച്ചിരിക്കുന്നത്.

അച്ഛന്‍ അതീവ സന്തുഷ്ടനെന്ന് ജയന്തും പ്രതിഭയും

ഭാരതരത്‌ന എന്ന പരമോന്നത ബഹുമതി നല്‍കി രാജ്യം ആദരിച്ചതില്‍ അച്ഛന്‍ അതീവ സന്തോഷവാനാണെന്ന് മകന്‍ ജയന്ത് അദ്വാനിയും മകള്‍ പ്രതിഭയും. അദ്ദേഹത്തിന്റെ സേവനങ്ങള്‍ രാജ്യം അംഗീകരിച്ചതില്‍ സന്തോഷം. ഇതില്‍ എനിക്കും എന്റെ കുടുംബത്തിനും അതിയായ ആഹഌദമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. ഭാരതത്തിന്റെ പൊതുജീവിതത്തിന് അച്ഛന്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. ജയന്ത് പറഞ്ഞു.

അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി

ഭാരതരത്‌ന പുരസ്‌കാര വിവരമറിഞ്ഞ് സന്തോഷത്താല്‍ അദ്വാനിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്ന് മകള്‍ പ്രതിഭാ അദ്വാനി. പ്രാണപ്രതിഷ്ഠാ സമയത്തും അദ്ദേഹം വളരെയേറെ സന്തോഷവാനായിരുന്നു. ജീവിതത്തിന്റെ വലിയൊരു സമയവും അദ്ദേഹം രാമക്ഷേത്രമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് ചെലവിട്ടത്. പ്രതിഭ പറഞ്ഞു. ഈ സമയത്ത് അമ്മയെയാണ് മിസ് ചെയ്യുന്നത്. രാഷ്‌ട്രീയത്തിലും വ്യക്തിജീവിതത്തിലും അമ്മയുടെ സ്വാധീനം വലുതാണ്.

സന്തോഷത്തിന്റെ സമയമെന്ന് ഉദ്ധവ് പക്ഷം

അദ്വാനിക്ക് ഭാരത രത്‌ന നല്‍കിയതിനെ ശിവസേന ഉദ്ധവ് പക്ഷവും സ്വാഗതം ചെയ്തു. അളരെ സന്തോഷമുള്ള കാര്യമാണത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമിച്ച വിനയത്തിന്റെ വ്യക്ത്വമാണ് അദ്വാനി. വീര സവര്‍ക്കര്‍ക്കും ബാല്‍ താക്കറെയ്‌ക്കും എപ്പോള്‍ ഭാരതരത്‌ന നല്‍കും. ഉദ്ധവ് വിഭാഗം നേതാവ് ആനന്ദ് ദുബെ ചോദിച്ചു.

കോണ്‍ഗ്രസ് സ്വാഗതം ചെയ്തു

എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന നല്‍കിയതിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വാഗതം ചെയ്തു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by