യുവപ്രതിഭയുടെ പ്രകാശവേഗങ്ങള്‍
പത്താം വയസ്സില്‍ തകഴിയുടെ ബാല്യം അവതരിപ്പിച്ച് അഭിനയത്തിന് തുടക്കം. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന് ദേശീയതല പരുസ്കാരം. പത്തൊമ്പതാം വയസ്സില്‍, ബ്രസീലിലെ ഏറ്റവും താരമൂല്യമുളള നടിയും സംവിധായകയുമായ ഹെല്‍ന ലെഹസിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കോളജില്‍ പഠിക്കുമ്പോള്‍, മലയാളസിനിമയിലെ കാരണവരായ നടന് മധുവിനെ പ്രധാനകഥാപാത്രമാക്കി കന്നി സിനിമ.
ആദിശങ്കരാചാര്യരെക്കുറിച്ച് രണ്ടു വര്‍ഷം നീണ്ട ടെലിവിഷന്‍ പരമ്പര. അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ ശ്രദ്ധയാകര്‍ഷിച്ച സംസ്കൃത സിനിമ. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററി. അയോധ്യയെ കേന്ദ്രകഥാപാത്രമായി ഇംഗ്ലീഷില്‍ നോവല്‍. ഇന്ത്യാ അന്താരാഷ്ട ചലച്ചിത്രമേളയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജൂറി അംഗം.
ഇതൊക്കെ പരിണിതപ്രജ്ഞനായ ചലച്ചിത്രക്കാരന്റെ ജീവിതരേഖയല്ല. ഒരു മുപ്പതുവയസ്സുകാരന് ഇതുവരെ അടയാളപ്പെടുത്തിയ നേട്ടങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണമാണ്.
തന്റെ പ്രതിഭയെ അച്ഛന്‍വഴിയും അമ്മവഴിയും ലഭിച്ച പാരമ്പര്യത്തിനു കാണിക്കവയ്ക്കാനാണ് യദുവിന് ഇഷ്ടം. ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണനാണ് അച്ഛന്. നോവലുകള്‍, ചലച്ചിത്ര പുസ്തകങ്ങള്‍, പഠനങ്ങള്‍ തുടങ്ങി അന്‍പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവ്. ദേശീയ അവാര്‍ഡും 11 സംസ്ഥാന അവാര്‍ഡും നേടിയ ചലച്ചിത്ര പ്രവര്ത്തകന്. മുത്തച്ഛന് സാധുശീലന്‍ പരമേശ്വരന് പിള്ള. ഹിന്ദുധര്‍മ പരിചയം (ആത്മീയ ഗ്രന്ഥം), കന്യാകുമാരി മുതല്‍ കപിലവാസ്തു വരെ (യാത്രാവിവരണം), ഷോഡശസംസ്കാരങ്ങള്‍ (ആത്മീയഗ്രന്ഥം) തുടങ്ങി മുപ്പത്തിലധികം ഗ്രന്ഥങ്ങളും കഥകളും എഴുതിയ ആള്. കേസരി വാരികയുടെ മുന്‍ മുഖ്യ പത്രാധിപര്‍. ഭഗവല്ചിന്തനങ്ങള് (ആത്മീയ കവിതകള്‍) തുടങ്ങി നിരവധി കഥകളും കവിതകളും എഴുതിയ ആലിന്തറ കൃഷ്ണപിള്ള മുതുമുത്തച്ഛന്. അദ്ദേഹത്തിന്റെ അച്ഛന് പരമേശ്വരത്ത് പരമേശ്വരന് എന്ന ജ്ഞാനി ആശാന് ശ്രീവിക്രമാര്ക്കചരിതം, ഭദ്രകാളിവിജയം, പാണ്ഡവവിജയം തുടങ്ങി നിരവധി ആട്ടക്കഥകളും പ്രാര്‍ത്ഥനകളും കവിതകളും എഴുതിയ പണ്ഡിതന്.
അമ്മവഴിയും കലാ സാഹിത്യ പാരമ്പര്യത്തിന്റെ തുടര്‍ച്ചയുണ്ട് യദുവിന്. എന്‍എന്‍എസ് സ്കൂളില്‍ മലയാളം അധ്യാപികയായ അമ്മ ആശയും എഴുത്തുകാരി. അമ്മയുടെ അച്ഛന് പമരമേശ്വരന് നായര്‍ ആദ്യകാല നാടക നടന്. അമ്മയുടെ അമ്മയും അമ്മൂമ്മയും അധ്യാപകര്‍. ഇവരുടെയെല്ലാം പാരമ്പര്യത്തില്‍ നിന്ന് പകര്ന്നുകിട്ടിയതിനപ്പുറം തനിക്കൊന്നുമില്ലന്നാണ് യദു അഭിമാനത്തോടെ പറയുന്നത്. എഴുത്തുകാരുടെ ആറ് തലമുറകളുടെ ഇങ്ങേത്തലയ്ക്കല്‍ നില്ക്കുന്ന യദു പൂര്‍വികരോടൊപ്പം എത്താനുള്ള ഓട്ടത്തിലാണ്.
അച്ഛനൊപ്പം; ഫാന്റസിയില്‍ തുടക്കം
സിനിമ സെറ്റില്‍ ആദ്യം പോകുമ്പോള്‍ യദുവിന് പ്രായം നാലുമാസം. അച്ഛന് സംവിധാനം ചെയ്ത ‘ബന്ധുക്കള്‍ ശത്രുക്കള്‍’ എന്ന ടെലി സിനിമയുടെ സെറ്റില്‍ കൈകുഞ്ഞായെത്തി. വിക്രമിനെ നായകനാക്കി അച്ഛന് സംവിധാനം ചെയ്ത ‘മയൂരനൃത്തം’ സിനിമയില്‍ മൂന്നാം വയസ്സില്‍ നായിക മോഹിനിയുടെ ബാല്യകാലം അവതരിപ്പിക്കുമ്പോള്‍ യദുവിന് അഭിനയിക്കുകയാണെന്ന് അറിയില്ലായിരുന്നു. യഥാര്‍ത്ഥ അഭിനയം തകഴിയെക്കുറിച്ച് അച്ഛന് ദൂരദര്‍ശനു വേണ്ടി സംവിധാനം ചെയ്ത സീരിയലില്‍. തകഴിയുടെ ബാല്യകാലം. അഭിനയം നന്നായെങ്കിലും ക്യാമറക്കു പിറകില്‍ നില്‍ക്കാനായിരുന്നു ഇഷ്ടം. ഛായാഗ്രഹണം ഏറെ ഇഷ്ടം. അമ്മ പഠിപ്പിക്കുന്ന പെരുന്താന്നി എന്‍എസ്എസ് സ്ക്കൂളിലായിരുന്നു പഠനം. എല്‍പി ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സ്വന്തം ഭാവനയില്‍ വിരിയുന്നത് അക്ഷരരൂപത്തിലാക്കി തുടങ്ങി. ഫാന്റസി കഥകളായിരുന്നു ഏറെയും. നോട്ടുബുക്കില്‍ വടിവൊത്ത കയ്യക്ഷരത്തില്‍ വെട്ടിയൊട്ടിച്ച ചിത്രങ്ങളുടെ പിന്തുണയോടെ നിരവധി കഥകള്‍. കൊച്ചു പയ്യന് എഴുതിയത് പുസ്തകമാക്കണമെന്ന അധ്യാപകരുടെ ആവശ്യത്തിന് പച്ചക്കൊടി കാട്ടാന്‍ വിജയകൃഷ്ണന് തയ്യാറായില്ല. ഘോഷിക്കപ്പെട്ട പല കുട്ടിയെഴുത്തുകാരും പിന്നീടൊന്നും ആയില്ല എന്ന തിരിച്ചറിവായിരുന്നു കാരണം. എഴുത്തിനുള്ള പരിശീലനം എന്ന നിലയില്‍ മാത്രമാണ് യദുവിന്റെ കുട്ടി എഴുത്തിനെ അച്ഛന് പ്രോത്സാഹിപ്പിച്ചത്. സിനിമയാണ് മകന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ വിജയകൃഷ്ണന് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയ ഉടന്‍ മകനെ മള്‍ട്ടി മീഡിയ കോഴ്സ് പഠനത്തിനയച്ചു.
ബ്രസീലിയന്‍ ചിത്രത്തിന്റെ ക്യാമറാമാന്
സ്ക്കൂള് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ, അച്ഛനോടൊപ്പം ക്യാമറക്ക് പിന്നില്‍നിന്ന് സിനിമയെ നോക്കിക്കാണാന്‍ ഏറെ അവസരം കിട്ടിയിട്ടുള്ള യദു, ചങ്ങനാശ്ശേരിയിലെ കോളജില്‍ മീഡിയ സ്റ്റഡീസ് കോഴ്സ് പഠിക്കാന്‍ എത്തും മുന്‍പ് അരഡസനോളം ടെലിഫിലിമുകള്‍ എടുത്തു കഴിഞ്ഞിരുന്നു. പഠനകാലത്ത് ബ്രസീലിയന്‍ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കാനായത് പ്രതിഭ തിരിച്ചറിഞ്ഞു കിട്ടിയ അവസരമായിരുന്നു. ബ്രസീലിലെ ഏറ്റവും താരമൂല്യമുളള നടിയും സംവിധായകയുമായ ഹെലന ഇഗ്നെസ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ എത്തി. അവരുടെ പുതിയ ചിത്രം ‘അഗ്ലി മീ’യിലെ പ്രധാന രംഗങ്ങളും, അവരെക്കുറിച്ച് മകള്‍ എടുക്കുന്ന ഡോക്യുമെന്ററിയുടെ ചിലഭാഗങ്ങളും കേരളത്തില്‍ ചിത്രീകരിക്കാന്കൂടിയായിരുന്നു വരവ്. ഹെല്‍ന ഇഗ്നസ് കേരളത്തിലെ ചിത്രീകരണത്തിന് ഛായാഗ്രാഹകനായി തെരഞ്ഞെടുത്തത് യദു വിജയകൃഷ്ണനെ. വിജയകൃഷ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമായ ‘ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ’യുടെ ഛായാഗ്രഹണവും യദു ചെയ്തു.
മള്‍ട്ടി മീഡിയ പഠനം കഴിഞ്ഞ ഉടന്‍ യദു, ജനം ടിവിയില്‍ ചേര്‍ന്നു. പ്രോഗ്രാം പ്രൊഡ്യൂസറായി രണ്ടു വര്‍ഷം. ആദിശങ്കരാചാര്യരെക്കുറിച്ചു ചെയ്ത ശങ്കര ദ്വിഗ്വിജയം പരമ്പരയും ചരിത്ര വിഷയങ്ങളെ ആസ്പതമാക്കിയെടുത്ത ഡോക്യുമെന്ററി പരമ്പരകളും ജനം ടിവിയിലെ ഏറെ ശ്രദ്ധേയമായ പരിപാടികളായി മാറി. യദുവിന് ഏറെ പ്രായോഗിക പരിചയവും അറിവും ലഭിച്ച രണ്ടു വര്‍ഷം. ജോലിക്കാരന് എന്നതിനെക്കാള്‍ സ്വതന്ത്രനായി നില്‍ക്കുന്നതാണ് ഭാവിയെന്നു കരുതി ജോലി ഉപേക്ഷിച്ചു.
അടിയന്തരാവസ്ഥയും അയോധ്യയും
അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ചു യദു വിജയകൃഷ്ണന് സംവിധാനം ചെയ്ത ’21 മന്ത്സ് ഓഫ് ഹെല്’ എന്ന ഡോക്യുമെന്ററി രാജ്യം മുഴുവന്‍ ശ്രദ്ധ നേടി. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായിരുന്നു കാരണം. അടിയന്തരാവസ്ഥയില്‍ അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്നും, ചിത്രം ദേശീയപതാകയെ അപമാനിക്കുന്നുവെന്നുമൊക്കെയാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാരണം. കേരളത്തിലാദ്യമായാണ് സംഘപരിവാറിന്റെ ഒരു സമരത്തെപ്പറ്റി ചിത്രം നിര്‍മ്മിക്കപ്പെടുന്നത്. മുംബൈയില്‍ റിവ്യൂ കമ്മിറ്റിയില്‍ പോയാണ് പിന്നീട് സെന്‍സര്‍ അനുമതി നേടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ’21 മന്ത്സ് ഓഫ് ഹെല്’ പ്രദര്‍ശിപ്പിച്ചു. ദല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ചിത്രം കാണാനെത്തി.
യദു വിജയകൃഷ്ണന്റെ ഇംഗ്ലീഷ് നോവല്‍ ‘ദ സ്റ്റോറി ഓഫ് അയോധ്യ’ യും ദേശീയ ശ്രദ്ധനേടി. ത്രേതായുഗം മുതല്‍ രാമക്ഷേത്ര നിര്‍മ്മിതി വരെയുള്ള അയോധ്യയുടെ ചരിത്രം പശ്ചാത്തലമാക്കിയുള്ള രചന. ഇന്ത്യന്‍ ചരിത്രം, രാഷ്ട്രീയം, പുരാണങ്ങള്‍ എന്നിവയുടെ മിശ്രിതം എന്നു വിശേഷിപ്പിക്കാവുന്ന നോവല്‍. രാമായണത്തിലെ കഥാപാത്രങ്ങളെ പുനഃസൃഷ്ട്രിച്ച് നോവലുകള്‍ വന്നിട്ടുണ്ടെങ്കിലും കേന്ദ്രസ്ഥാനത്ത് അയോധ്യവരുന്ന നോവല്‍ എന്നതായിരുന്നു യദുവിന്റെ രചനയുടെ പ്രത്യേകത. പേരുകൊണ്ട് ചരിത്ര പുസ്തകം എന്ന തോന്നല്‍ ഉണ്ടെങ്കിലും മികവാര്‍ന്ന ആഖ്യായന രീതികൊണ്ട് നല്ലൊരു നോവലിന്റെ വായനാനുഭവം ‘സ്റ്റോറി ഓഫ് അയോധ്യ’ നല്കി. വസ്തുതകള്‍ക്ക് വികാരവും ഭാവനയും നാടകീയതയുമൊക്കെ നല്കി, സത്യത്തിന്റെ വശത്തുനിന്നുള്ള ചരിത്രം പറച്ചിലിനപ്പുറം സാഹിത്യ നിലവാരമുള്ള സൃഷ്ടി. അയോധ്യയുടെ യഥാര്‍ത്ഥ കഥ, വഞ്ചനയുടെയും വീര്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതിരോധത്തിന്റേയും വിജയത്തിന്റേയും ആണെന്ന് യദുവിന്റെ നോവല്‍ വെളിവാക്കി.
ഏറെ വിവാദമായ ‘ദ കേരള സ്റ്റോറി’ സിനിമയുടെ തിരക്കഥയും യദുവിന്റേതായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോള്‍ തിരക്കഥയുടെ ക്രെഡിറ്റ് സംവിധായകന്റെ പേരിലും! സിനിമാ മേഖലയില്‍ ഇത് സര്‍വസാധാരണമാണെന്നും, നിയമപോരാട്ടത്തിനിറങ്ങിയാല്‍ തുടക്കക്കാരനെന്നനിലയില്‍ തിരിച്ചടി ഉണ്ടാകുമെന്നും ബോധ്യമുള്ളതിനാല്‍ വിവാദത്തിനു നില്ക്കാന് യദു തയ്യാറായില്ല.
സംസ്കൃത നാടകവും നടന് മധുവും
മള്‍ട്ടി മീഡിയ പഠിക്കുന്നവര്‍ പഠനകാലത്ത് പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഡോക്യുമെന്ററികള്‍ ചെയ്യാറ്. യദുവിന്റെ കാര്യത്തില്‍ പഠിക്കാന്‍ ചേരും മുന്‍പേ നിരവധി ഡോക്യുമെന്ററികളെടുക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ പഠനം പൂര്‍ത്തിയാക്കും മുന്‍പ് സിനിമ ചെയ്യണം എന്നതായിരുന്നു ആഗ്രഹം. ആരെയെങ്കിലും വച്ചുള്ള തട്ടിക്കൂട്ട് സിനിമയല്ല. മലയാളത്തിലെ മുഖ്യധാരാ താരത്തെ വച്ചുള്ള സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തെ അത്യാഗ്രഹമായി കാണാതെ നടന് മധു സമ്മതം മൂളി. മലയാള സിനിമയുടെ കാരണവരെ പ്രധാന കഥാപാത്രമായി കന്നി സിനിമ പുറത്തിറക്കാന്‍ യദുവിന് കഴിഞ്ഞു.
മറ്റൊന്നായിരുന്നു സംസ്കൃത സിനിമ. ഏഴാം നൂറ്റാണ്ടിലെ ബോധായനന്റെ നാടകത്തെ ആസ്പദമാക്കി യദു അണിയിച്ചൊരുക്കിയ ‘ഭഗവദജ്ജുകം’ ഷാങ്ക്ഗയിലും ന്യൂയോര്‍ക്കിലും മെല്‍ബണിലും ഉള്‍പ്പെടെ നിരവധി അന്താരാഷ്ട ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന ആദ്യ സംസ്കൃത ചലച്ചിത്രം കൂടിയായിരുന്നു അത്. ചരിത്രത്തെ ആസ്പദമാക്കിയും നിരവധി പരീക്ഷണങ്ങള്‍ സംസ്കൃതത്തില്‍ നടന്നിട്ടുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച സംസ്കൃത സിനിമ എന്ന പ്രത്യേകത ‘ഭഗവദജ്ജുകം’ സ്വന്തമാക്കി. ഗോവാ അന്താരാഷ്ട ചലച്ചിത്രമേളയുടെ ജൂറി അംദമായി തിരഞ്ഞെടുക്കുമ്പോള്‍ യദുവിജയകൃഷ്ണന് പ്രായം 26 വയസ്സ്. മേളയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജൂറി അംഗം..
ഈ വരുന്ന മെയ് മാസത്തില്‍ യദു വിവാഹിതനാവുകയാണ്. വാഗമണ്‍ ഡിസി മാനേജ്മെന്റ് കോളജില്‍ അധ്യാപികയും മാധ്യമ പ്രവര്‍ത്തകയുമായ സഹോദരി ഡോ. ശ്രുതിയുടെ സഹപ്രവര്‍ത്തക അഞ്ജിതയാണ് ഭാവി വധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: