ആറ്റിങ്ങല്‍/തിരുവനന്തപുരം: മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം കഴിയുന്നതോടെ എല്‍ഡിഎഫ് യുഡിഎഫ് നേതാക്കളുടെ അഴിമതികള്‍ പുറത്ത് വരുമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്മാന് കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പോലെ യുഡിഎഫും കേസ് തേച്ച് മായ്ച്ച് കളയാന്‍ ശ്രമിച്ചുവെന്നും കേരള പദയാത്രയോട് അനുബന്ധിച്ച് ആറ്റിങ്ങലില്‍ നടത്തിയ വാര്‍ത്താസമ്മേള്ളനത്തില്‍ അദ്ദേഹം പറഞ്ഞു.
ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാത്രമല്ല വി.ഡി. സതീശനും മാസപ്പടിയില്‍ പങ്കാളിയാണോ എന്ന് സംശയമുണ്ട്. ലജ്ജയില്ലാതെ കുത്തക മുതലാളിമാരില്‍ നിന്നും മാസപ്പടി വാങ്ങുന്നവരായി കേരളത്തിലെ ഭരണപ്രതിപക്ഷ നേതാക്കള്‍ അധപതിച്ചു. മുഖ്യമന്ത്രിയും കുടുംബവും മാസപ്പടി വാങ്ങുന്നത് കൊണ്ടാണ് സര്‍ക്കാര്‍ നികുതി കൃത്യമായി പിരിക്കാത്തത്.
25,000 കോടിയുടെ നികുതി കുടിശിക പിരിക്കാനുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് ഇതിന്റെ ഉദാഹരണമാണ്. 1.72 കോടിയുടെ അല്ല, 96 കോടിയുടെ കണക്കാണ് സിഎംആര്‍എല്‍ ആദായനികുതി വകുപ്പിന് നല്‍കിയത്. രാഷ്ട്രീയനേതാക്കള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും പണം ലഭിച്ചു. പരിസ്ഥിതി കൊള്ള നടത്താനാണ് ഇവര്‍ കൂട്ടുനിന്നത്.
കേരളത്തെ അഴിമതിയില്‍ നിന്നും രക്ഷിക്കാന്‍ മോദിക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് ജനങ്ങള്‍ക്ക് ഉറപ്പായി. മാസപ്പടി അഴിമതി ഒത്തുതീര്‍പ്പാകുമെന്നാണ് കോണ്‍ഗ്രസ് ആവര്‍ത്തിച്ചത്. വിഷയം നിയമസഭയില്‍ എത്താതിരിക്കാന്‍ പ്രതിപക്ഷ നേതാവ് ഒത്തുകളിച്ചു. എസ്എഫ്ഐഒ അന്വേഷണം പുറത്തുവരുന്നതുവരെ കോണ്‍ഗ്രസ് മൗനം പാലിച്ചു.
എല്‍ഡിഎഫും യുഡിഎഫും പരസ്പരധാരണയിലാണ് പോകുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. എം.വി. ഗോവിന്ദന് പിണറായി വിജയന്റെ അടിമക്കണ്ണായി മാറി. ഇത്രയും ഗതികെട്ട അവസ്ഥ ഒരു സിപിഎം സെക്രട്ടറിക്കും ഉണ്ടായിട്ടില്ല. പാര്‍ട്ടിക്കാരുടെ കുടുംബസ്വത്ത് ഓഡിറ്റിന് വിധേയമാക്കണമെന്ന് പാലക്കാട് പാര്‍ട്ടി പ്ലീനത്തില്‍ തീരുമാനിച്ചതാണ്. കോടിയേരിയുടെ വിഷയത്തില്‍ ഇല്ലാത്ത തരത്തില്‍ പിണറായി വിജയന് വേണ്ടി പിന്തുണ നല്‍കുന്നത് അഴിമതിപ്പണം പാര്‍ട്ടിക്ക് ലഭിക്കുന്നതിനാലാണ്. കരുവന്നൂരില്‍ അഴിമതിപ്പണം 32 പാര്‍ട്ടി അക്കൗണ്ടിലേക്കാണ് പോയത്.
വീണാ വിജയന്റെ കമ്പനി കള്ളപ്പണം വെളുപ്പിക്കാനുള്ള ഷെല്‍ കമ്പനിയാണ്. കൈകള്‍ ശുദ്ധമെങ്കില്‍ എന്തിന് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നു. കെഎസ്ഐഡിസി 27 ലക്ഷം വക്കീലിന് നല്കി എന്തിന് സുപ്രീംകോടതയില്‍ പോകണം? കൈകള്‍ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് മടിയില്‍ കനം ഉണ്ട്. അതിനാലാണ് ഇത്രയും പണം നല്കി നിയമയുദ്ധം നടത്തുന്നത്.
ദല്‍ഹിയിലെ കേന്ദ്ര വിരുദ്ധ സമരം നനഞ്ഞ പടക്കം
സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കേന്ദ്രസര്‍ക്കാരിനെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയ പ്രമേയത്തോട് യുഡിഎഫ് ഒത്തുകളിച്ചു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന് നല്കിയ തുകയെ കുറിച്ച് ധവളപത്രം ഇറക്കാന്‍ ധനമന്ത്രിയോട് ബിജെപി നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിന് തയാറാകാതെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് സര്‍ക്കാരെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അജി എസ്.ആര്.എം, ബിജെപി നേതാക്കളായ അഡ്വ. എസ്. സുരേഷ്, തോട്ടയ്ക്കാട് ശശി, വക്കം അജിത്, മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങല്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: