ജയ്പുർ : പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ മാറ്റമുണ്ടാക്കുന്ന പ്രചോദനാത്മക നേതാവാണെന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (ജെഎൽഎഫ്) 17-ാമത് പതിപ്പിലെ പ്രഭാഷകരിൽ ഒരാളായി എത്തിയതായിരുന്നു അദ്ദേഹം.
ഓസ്ട്രേലിയ-ഭാരതം സൗഹൃദത്തിന് 10-ൽ 10 മാർക്ക് നൽകി വിലയിരുത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറെ പ്രശംസിക്കുകയും ചെയ്തു. 2017 ലെ ഇന്ത്യയിലേക്കുള്ള തന്റെ മനോഹരമായ സന്ദർശനവും പ്രധാനമന്ത്രി മോദിക്കൊപ്പം ചെലവഴിച്ച സമയവും അദ്ദേഹം അനുസ്മരിച്ചു.
“ഞാൻ 2017 ൽ ഇവിടെ ഒരു മനോഹരമായ സന്ദർശനം നടത്തിയിരുന്നു. അടുത്തിടെ ജപ്പാനിൽ വെച്ച് ഞങ്ങളുടെ പഴയ സുഹൃത്ത് ഷിൻസോ ആബെയുടെ ശവസംസ്കാര ചടങ്ങിൽ മോദിയെ ഞാൻ കണ്ടു. മോദിയുടെ സൗഹൃദം ഞാൻ വളരെയധികം ആസ്വദിച്ചു. അദ്ദേഹം ഏവരെയും പ്രചോദിപ്പിക്കുന്ന നേതാവാണ്, അദ്ദേഹത്തിന് കൃത്യമായും വ്യക്തമായും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്”- ടേൺബുൾ പറഞ്ഞു.
ഇരു രാജ്യങ്ങൾക്കും പൊതുവായ നിരവധി കാര്യങ്ങൾ ഉണ്ട് ക്രിക്കറ്റിനോടുള്ള സ്നേഹം, നിയമവാഴ്ച, ജനാധിപത്യം, അവരുടെ സൗഹൃദം എല്ലാം പത്തിൽ പത്ത് ആണ്. ഒരേയൊരു പ്രശ്നം, ഞങ്ങൾ തമ്മിൽ വേണ്ടത്ര വ്യാപാരം നടത്തുന്നില്ല എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2015-2018 കാലയളവിൽ പ്രധാനമന്ത്രിയായിരുന്ന ലിബറൽ പാർട്ടി ഓഫ് ഓസ്ട്രേലിയയുടെ നേതാവാണ് ടേൺബുൾ. 2017-ൽ ടേൺബുള്ളിന്റെ ആദ്യ ഭാരത സന്ദർശനത്തിൽ നിന്നുള്ള നിരവധി ഫോട്ടോകളിൽ ഇരു നേതാക്കളും തമ്മിലുള്ള ആത്മബന്ധം ദൃശ്യമായിരുന്നു. വിരമിച്ച ശേഷം ഇപ്പോൾ ഭാര്യയോടൊപ്പം ഭാരതത്തിൽ പര്യടനം നടത്തുകയാണ്. ഗുജറാത്ത്, വാരണാസി, ആഗ്ര, ദൽഹി എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സാഹിത്യോത്സവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഎൽഎഫ് 2024 ഫെബ്രുവരി 5 വരെ ജെയ്പുരിലാണ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരും എഴുത്തുകാരും പ്രഭാഷകരും ഈ സാഹിത്യോത്സവത്തിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: