നമഃ ശ്രീയതിരാജായ
വിവേകാനന്ദസൂരയേ
സച്ചിത്‌സുഖസ്വരൂപായ
സ്വാമിനേ താപഹാരിണേ
ഭാരതത്തിനുവേണ്ടി താന്‍ എത്ര തവണ വേണമെങ്കിലും ജീവിച്ചു മരിക്കാന്‍ തയ്യാറാണെന്നു പറയുകയും ”ഭാരതത്തിന്റെ നന്മ എന്റെ നന്മ”, ”ഓരോ ഭാരതീയനും എന്റെ സഹോദരന്‍” എന്ന് ഉദ്‌ഘോഷിക്കുവാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്ത ഭാരതത്തിന്റെ അമരസന്താനമാണ് ശ്രീരാമകൃഷ്ണപരമഹംസശിഷ്യോത്തമനായ സ്വാമി വിവേകാനന്ദന്‍. ഭാരതത്തിന്റെ ആത്മാവില്‍ അന്തര്‍ലീനമായ ഉപനിഷത്-പുരാണ സത്യങ്ങളെ ഉണര്‍ത്തി അവ നാടെങ്ങും പരത്തി പ്രകാശിപ്പിക്കണം, അതിലും മെച്ചമായ ഒരു കര്‍മ്മമില്ല എന്നായിരുന്നു സ്വാമിജി ഘോഷിച്ചിരുന്നത്. ഭാരതത്തില്‍ മാത്രമല്ല, വിശ്വം മുഴുവന്‍ ഭാരതത്തിന്റെ മഹത്വം ഉള്‍ക്കൊള്ളണം എന്ന ഉദ്ദേശത്തോടെയായിരുന്നു സ്വാമിജിയുടെ പാശ്ചാത്യ പര്യടനങ്ങളിലെ പ്രഭാഷണ പരമ്പര.
1900 ജനുവരി 31ന് കാലിഫോര്‍ണിയയില്‍ വച്ച്, ലോകത്തിലെ തന്നെ മഹത്തായ ഇതിഹാസങ്ങളായി നിലകൊള്ളുന്ന രാമായണത്തെയും മഹാഭാരതത്തെയും കുറിച്ച് വിവേകാനന്ദസ്വാമികള്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രാചീനതമമായ മഹത്തായ ആദികാവ്യമാണ് രാമായയണമെന്നും കാട്ടാളനായിരുന്ന രത്‌നാകരന്‍ ആണ് ആദികവിയായ വാല്മീകിമുനി ആയി രാമായണം രചിച്ചതെന്നും പറഞ്ഞശേഷം, രാമകഥ വിസ്തരിച്ചപ്പോള്‍ സ്വാമിജി പറഞ്ഞു: ”സീതാരാമന്മാരാണ് ഭാരതത്തിന്റെ ആദര്‍ശം. പൗരാണികയുഗ മൂര്‍ത്തിയായ രാമന്‍ സത്യത്തിന്റെയും സമാധാനത്തിന്റെയും മൂര്‍ത്തിമദ്ഭാവമാണ്. ആദര്‍ശവാനായ പുത്രന്‍, പതി, സഹോദരന്‍, എല്ലാറ്റിലുമുപരി ആദര്‍ശവാനായ രാജാവ്”. സീതയെക്കുറിച്ചുള്ള സ്വാമിജിയുടെ ഗംഭീരവാണികള്‍ ഇങ്ങനെ: ”ഭാരതജനതയുടെ കണ്ണില്‍ തിതിക്ഷാമൂര്‍ത്തിയാണ് സീത. നന്മയുടെയും വിശുദ്ധിയുടെയും പവിത്രതയുടെയും പര്യായം. സ്ത്രീയുടെ സര്‍വസദ്ഗുണങ്ങളുടെയും പ്രതിനിധി. ഒരു പുരോഹിതന്‍ ഒരു സ്ത്രീയേയോ ഒരു കുട്ടിയേയൊ അനുഗ്രഹിക്കുമ്പോള്‍ ”സീതയായി ഭവിക്കട്ടെ” എന്ന് ആശീര്‍വദിക്കുന്നു”. ഹനുമാനെ സ്വാമിജി വിശേഷിപ്പിക്കുന്നു: ”ഹനുമാന്‍ ഒരു വശത്ത് സേവനത്തിന്റെ മാതൃകയാണെങ്കില്‍ മറുവശത്ത് ലോകത്തെ അത്ഭുതസ്തബ്ധമാക്കിയ സിംഹതുല്യമായ ധീരതയുടെ മാതൃകയാണ്”.
വേദവ്യാസമഹര്‍ഷി രചിച്ച മഹത്തായ മഹാഭാരതകഥ വിവരിച്ച്, എപ്പോഴാണോ ധര്‍മ്മത്തിന് വാട്ടവും അധര്‍മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നത് അപ്പോള്‍ ഭഗവാന്‍ അവതരിക്കുമെന്നും മഹാഭാരതത്തില്‍ നിന്നും ലഭിച്ചതാണ് പ്രസിദ്ധമായ ശ്രീകൃഷ്ണാര്‍ജ്ജുനസംവാദമായ ഭഗവദ്ഗീതയെന്നും സ്വതസിദ്ധമായ പ്രൗഢമായ ശൈലിയില്‍ സ്വാമിജി വിദേശികള്‍ക്ക് വ്യക്തമാക്കി കൊടുത്തു. ഭാരതീയരുടെ ജനജീവിതവുമായി എത്രയോ സംവത്സരങ്ങളായി അലിഞ്ഞു ചേര്‍ന്ന കഥയും കഥാപാത്രങ്ങളും അടങ്ങിയ രാമായണവും മഹാഭാരതവും ഒക്കെ സ്വാമിജി കുട്ടിക്കാലം മുതലെ അമ്മ ഭുവനേശ്വരീദേവിയില്‍ നിന്ന് ജിജ്ഞാസയോടെ കേട്ടിരുന്നു.
ഗീതാവിചാരം ചെയ്യുന്ന മറ്റൊരു സന്ദര്‍ഭത്തില്‍ വിവേകാനന്ദസ്വാമിജി സാംഖ്യയോഗത്തിലെ മൂന്നാം ശ്ലോകം
ക്ലൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ!
നൈതത്തയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗര്‍ബല്യം
ത്യക്ത്വോത്തിഷ്ഠ പരന്തപ!
(ഹേ പാര്‍ത്ഥ! നീ പൗരുഷമില്ലായ്മയെ പ്രാപിക്കരുത്. ഇത് നിനക്ക് ഒട്ടും യോജിച്ചതല്ല. ഹേ ശത്രുതാപന! മനസ്സിന്റെ നിസ്സാരമായ ഈ ദൗര്‍ബല്യത്തെ ഉപേക്ഷിച്ച് നീ എഴുന്നേല്ക്കുക) ഉദ്ധരിച്ച് പറയുന്നു: ”ഈ ഒറ്റ ശ്ലോകം കൊണ്ട് ഗീത മുഴുവന്‍ വായിക്കുന്നതിന്റെ ഫലം സിദ്ധിക്കുന്നു. എന്തെന്നാല്‍ ഈ ഒറ്റ ശ്ലോകത്തില്‍ ഗീതയുടെ സന്ദേശം മുഴുവന്‍ അടങ്ങിയിരിക്കുന്നു. ഈ സന്ദേശം ലോകത്തില്‍ വിളംബരപ്പെടുത്താന്‍ കഴിഞ്ഞാല്‍ അപ്പോള്‍ എല്ലാ വ്യഥയും വിഷാദവും പാപവും ദുഃഖവും ഈ ഭൂമുഖത്തു നിന്നും മൂന്നു നാള്‍ക്കകം കാണാതാകും”.
ഭാരതത്തിലെ യുവാക്കളെ സ്വാമിജി ആഹ്വാനം ചെയ്തതും ഉത്തരത്തിലുള്ള മൗഢ്യം വെടിഞ്ഞ് ഭാരതത്തിനുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാനാണ്. വിവേകാനന്ദ സ്വാമികള്‍ക്ക് ഭാരതത്തിലെ മണ്ണ് പരമപാവനപദം ആയിരുന്നു. മാതൃദേശത്തിന്റെ ഉന്നമനത്തിനായി യത്‌നിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഉജ്ജ്വല തേജസ്വിയായ ആ ഋഷിവര്യന്റെ പ്രതീക്ഷയ്‌ക്കൊപ്പം ഭാരതം ചലിക്കുന്നു എന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: