അഴിമതിയുടെ അയ്യര്‍കളരിയായിരുന്നല്ലൊ ഡോ. മന്‍മോഹന്‍സിംഗ് നയിച്ച യുപിഎ ഭരണം. ഭൂമിയില്‍ മാത്രമല്ല, ആകാശത്തും എന്തിന് പാതാളത്തില്പോലും അഴിമതി. എത്രയെത്ര അഴിമതിക്കഥകളാണ് പുറത്തുവന്നത്? ടൂജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരി കുംഭകോണം, ഫ്ലാറ്റ് തട്ടിപ്പ് തുടങ്ങിയ വലിയ കുംഭകോണങ്ങള്‍. ചെറിയ അഴിമതികള്‍ വ്യാപകം. ഇത് കണ്ടുമടുത്ത ജനങ്ങള്‍ എടുത്ത ശക്തവും വ്യക്തവുമായ തീരുമാനമാണ് നരേന്ദ്രമോദി സര്‍ക്കാരിന് വഴിവച്ചത്. അധികാരത്തിലേറിയ ഉടന്‍ നരേന്ദ്രമോദി പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു. ‘ഖജനാവിലെത്തേണ്ട ഒരു രൂപപോലും ഞാനെടുക്കില്ല. ഒരുത്തനെപ്പോലും ഒരു രൂപ എടുക്കാനും സമ്മതിക്കില്ല.’ ഈ പ്രസ്താവനയെ ജനങ്ങള്‍ ശിരസാവഹിച്ചു. നരേന്ദ്രമോദി അത് അക്ഷരം പ്രതി പാലിച്ചു.
അധികാരത്തിലേറി ഒന്പതേമുക്കാല് വര്‍ഷം തികഞ്ഞു. ഒരു രൂപയുടെ അഴിമതി ആരോപണം പോലും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടില്ല. ഒരു രൂപയുടെ അഴിമതിപോലും കേന്ദ്രമന്ത്രിമാരോ സംസ്ഥാന ഭരണക്കാരോ നടത്തിയിട്ടില്ല. 19 സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകളുണ്ട്. 4 സര്‍ക്കാരുകള്‍ ബിജെപിയെ തുണയ്ക്കുന്നവരുമുണ്ട്. അവര്‍ക്കെതിരെ എന്തേ ഇഡി എത്തുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ഉത്തരം ലളിതം. അഴിമതിയും കുംഭകോണവും ബിജെപി ഭരിക്കുന്നിടത്തില്ല. അഴിമതി കൊടികുത്തിവാഴുന്ന, ബിജെപി ഇതരര്‍ ഭരിക്കുന്ന സ്ഥലങ്ങളില്‍ ഇഡി ചെല്ലുന്നു. കുംഭകോണക്കാരെ കണ്ടെത്തുന്നു. അറസ്റ്റ് ചെയ്യേണ്ടവരെ ചെയ്യുന്നു. ജയിലിലയക്കേണ്ടവരെ അയക്കുന്നു. അതല്ലെ സത്യം.
യുപിഎ ഭരണത്തിനെതിരെ അണ്ണാഹസാരെ നടത്തിയ സമരത്തില്‍ അണിചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ കക്ഷിയല്ലെ ആംആദ്മി പാര്‍ട്ടി. ദല്‍ഹി ഭരണത്തിലും കയറി. അസൂയാവഹമായ മുന്നേറ്റം. എത്രവേഗം കോണ്‍ഗ്രസിന്റെ പാതയിലെത്തി. കോണ്‍ഗ്രസിന്റെ അതേ രീതിയാണവരും സ്വീകരിച്ചത്. രണ്ട് മന്ത്രിമാര്‍ ജയിലിലാണ്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആരോപണത്തിന്റെ മുള്‍മുനയിലാണ്. അഞ്ച് തവണ ഇഡി ഹാജരാകാന്‍ നോട്ടീസ് നല്കി. ഒരിക്കല്‍പോലും ഹാജരായില്ല. മടിയില്‍ കനമുള്ളതുകൊണ്ടല്ലെ ഹാജരാകാന്‍ മടി. എവിടെ ഒളിച്ചാലും മദ്യക്കച്ചവടത്തിന്റെ ലഹരിയില്‍ കേജരിവാള്‍ കാലിടറിവീഴുകതന്നെ ചെയ്യും. തമിഴ്നാട്ടിലും തെലുങ്കാനയിലും സമാനമായ സ്ഥിതി തന്നെ. പശ്ചിമബംഗാളിലും കുംഭകോണങ്ങളുടെ കുത്തൊഴുക്കാണല്ലോ. ഇഡിയേയും സിബിഐയേയും പൂട്ടിയിടുന്നതടക്കമുള്ള ഭരതനാട്യങ്ങളില്‍ സുഖം കണ്ടെത്തുകയാണ് മമത ബാനര്‍ജി. അവിടെയും കളികള്‍ അവസാനിക്കുന്നില്ല. ഝാര്‍ഖണ്ഡിലെ കളികള്‍ കണ്ടില്ലെ.
മുഖ്യമന്ത്രി ഹേമന്ത് സോറന് ജയിലിലെത്തിയപ്പോഴാണ് സ്ഥാനം ഒഴിഞ്ഞത്. പകരക്കാരനായി ചംപയ്സോറന്‍ മുഖ്യമന്ത്രിയുമായി. അവിടെ ഹേമന്ത് സോറന് കൈവെക്കാത്ത മേഖലയൊന്നുമില്ല. ഭൂമി കുംഭകോണം, കള്ളപ്പണം കൈകാര്യം ചെയ്യല്‍, കല്‍ക്കരി ഇടപാട് തുടങ്ങിയ എല്ലാ മേഖലയിലും കൈയും തലയും കടത്തി കൊള്ളയടിച്ചു. കോണ്‍ഗ്രസിന്റെ തണലിലും താങ്ങിലുമായിരുന്നു എല്ലാം ചെയ്തത്. ഇഡി പലതവണ നോട്ടീസ് നല്‍കിയിട്ടും കണ്ട ഭാവം നടിച്ചില്ല. ഒടുവിലത്തെ കളിയില്‍പ്പെട്ടുപോയി. മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ഇ ഡി അറസ്റ്റു ചെയ്തു. താന്‍ അറസ്റ്റിലായാല്‍ പകരം ഭാര്യയും രണ്ടുമക്കളുടെ അമ്മയുമായ കല്‍പ്പനറായിയെ മുഖ്യമന്ത്രിയാക്കാന്‍ ചരടുവലി നടത്തി. അത് പക്ഷേ ദയനീയമായാണ് പൊട്ടിയത്. 600 കോടിയുടെ ഭൂമി തട്ടിപ്പാണ് ഹേമന്ത് സോറനെതിരെ ഇ ഡി ആരോപിക്കുന്നത്.
സോറനെ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന്റെ ദല്‍ഹി വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) എത്തിയതോടെയാണ് ജാര്‍ഖണ്ഡ് രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധയിലെത്തിയത്. ഇ ഡിക്ക് സോറനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ, സോറനെ കാണ്മാനില്ലെന്ന് ബിജെപി പോസ്റ്റര്‍ അടിച്ചിറക്കി. റാഞ്ചിയില്‍നിന്ന് ദല്‍ഹിയിലെ വസതിയിലേക്കു ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര തിരിച്ച സോറന് 40 മണിക്കൂറോളം അപ്രത്യക്ഷനായിരുന്നു. ഇ ഡിയെപേടിച്ച് ദല്‍ഹിയിലെ വസതിയില്‍നിന്ന് സോറന് ഓടിപ്പോയെന്ന ബിജെപിയുടെ പരിഹാസം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടയിലാണ് ഉച്ചയോടെ സോറന് ജാര്‍ഖണ്ഡ് ഗവര്‍ണറുടെ വസതിയിലെത്തിയത്. സോറന്റെ തിരോധാനം സുപ്രധാനമായൊരു രാഷ്ട്രീയ നീക്കം ആസൂത്രണം ചെയ്യാനായിരുന്നു എന്നു വ്യക്തമാക്കുകയാണ് ഭാര്യ കല്പനയുടെ മുഖ്യമന്ത്രി പദം.
ഹേമന്ത് സോറന്റെ ഭാര്യ എന്നതിലുപരി ആരാണ് കല്പന സോറന്? രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നാട്ടുകാരിയാണ് നാല്പത്തിയെട്ടുകാരിയായ കല്പന. ഒഡീഷയിലെ മയൂര്‍ഭഞ്ജില്‍ യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത ഒരു കുടുംബത്തിലാണ് 1976 ല്‍ കല്പന ജനിക്കുന്നത്. കല്പനയുടെ പിതാവ് ഒരു വ്യവസായിയായിരുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ കല്പന പിന്നീട് എംബിഎയും നേടി. 2006 ഫെബ്രുവരിയിലായിരുന്നു ഹേമന്ത് സോറനുമായുള്ള വിവാഹം. ഒരു സ്കൂള്‍ നടത്തുന്ന കല്പനയ്ക്ക് ജൈവ കൃഷിയിലും താല്പര്യമുണ്ട്. അഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന മൂന്ന് കമേഴ്സ്യല്‍ കെട്ടിടങ്ങള്‍ കല്പനയുടെ പേരിലുള്ളതായാണ് വിവരം. വനിതാ–ശിശുക്ഷേമ പ്രവര്‍ത്തനങ്ങളിലും തല്പരയായ കല്പന നിരവധി ശാക്തീകരണ പരിപാടികളുടെ ഭാഗമാണ്.
കല്പനയുടെ പേര് മാധ്യമങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് 2022 ലാണ്. അതും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു ആരോപണമായിരുന്നു. മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് ഹേമന്ത് സോറനെതിരെ ഉയര്‍ത്തിയ ആരോപണത്തിലാണ് കല്പനയുടെ പേരു ഉള്‍പെട്ടത്. സോറന് തന്റെ പദവി ദുരുപയോഗം ചെയ്ത് കല്പനയുടെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ്ട്രിയല്‍ മേഖലയ്ക്ക് ഭൂമി അനുവദിച്ചെന്നായിരുന്നു ആരോപണം. ഒടുവില്‍ ബീഹാറിലെ ലാലുവിന്റെ റോള്‍ എടുക്കാന്‍ ഹേമന്തും തയ്യാറെടുത്തു. അങ്ങനെയാണ് കല്പനയുടെ പേരും പൊങ്ങിയത്.
കേരളത്തിലേക്ക് വന്നാലോ?, അതല്ലെ ഗൗരവമേറിയത്. ഒരു കുടുംബത്തെ തകര്‍ക്കാനാണ് എസ്എഫ്ഐഒ അന്വേഷണം എന്നാണല്ലോ ഏ.കെ. ബാലന് പറഞ്ഞത്. എക്സാ ലോജിക്കിന്റെ തട്ടിപ്പിന്റെ അന്വേഷണം സിഎംആര്‍എല്ലിലേക്ക് നീളും. അത് കെഎസ്ഐഡിസിയിലേക്കും. എന്നു പറഞ്ഞാല്‍ മുഖ്യമന്ത്രിയിലേക്കെന്ന് സാരം. എന്റെ കൈ ശുദ്ധമാണെന്ന് മേനി പറഞ്ഞ പിണറായി വിജയന് പക്ഷേ അതാവര്‍ത്തിക്കാന്‍ അടിയന്തിരപ്രമേയം വന്നപ്പോള്‍ നിയമസഭയിലെത്തിയില്ല. പ്രമേയത്തിന്റെ നോട്ടീസ് പോലും സഭയില്‍ കയറ്റിയില്ല. ചട്ടപ്രകാരമല്ലെന്നാണ് സ്പീക്കര്‍ ഷംസീര്‍ പറഞ്ഞത്. എന്നുപറഞ്ഞാല്‍ തൈക്കണ്ടി വീണയും പിണറായി വിജയനും മാത്രമല്ല പാര്‍ട്ടിയെ തന്നെ കുഴക്കുന്നതാണല്ലോ വിഷയം. കൈയിലും കറയില്ല, മടിയിലും കനമില്ലെന്ന് ആവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഹദ്ദടി കിട്ടുന്ന സംഭവം.
എക്സാലോജിക്കിന്റെ തട്ടിപ്പ് പുറം ലോകത്തെ അറിയിച്ച മാത്യു കുഴല്നാടന് തന്നെയായിരുന്നു അടിയന്തര പ്രമേയ നോട്ടീസും നല്‍കിയത്. ആ മാത്യുവിനെ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന് നോട്ടമിട്ടിരിക്കുകയാണ്. ബിജെപിയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നത് മാത്യുവാണെന്നാണ് ഗോവിന്ദന്റെ ആരോപണം. മാത്യു ഉന്നയിക്കുന്ന കാര്യം യുഡിഎഫ് എറ്റെടുക്കുന്നു എന്നും സിപിഎം സെക്രട്ടറി തട്ടിവിട്ടിരിക്കുകയാണ്. വീണയുടെ കേസ് ഇപ്പോള്‍ സിപിഎമ്മിന്റേതായി. ബിനീഷ് കോടിയേരിക്ക് കിട്ടാത്ത സംരക്ഷണം വീണയ്ക്ക്. ബലേഭേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: