നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ ആറാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് നിര്‍മ്മലാ സീതാരാമന് എന്ന അറുപത്തിനാലുകാരിയായ വനിതാ ധനമന്ത്രിക്കാണ്. ഭാരതത്തിന്റെ സാംസ്കാരിക തനിമയും ബജറ്റിന്റെ സാങ്കേതിക മികവും സമന്വയിപ്പിച്ച് ധനമന്ത്രി അത് ഭംഗിയായി നിര്‍വഹിച്ചു. ആറാം തവണ തുടര്‍ച്ചയായി പാര്‍ലമെന്റില്‍ ബജറ്റവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ആദ്യ വനിതാധനമന്ത്രിയാണ് തമിഴ്നാട്ടുകാരിയായ ഈ ധനകാര്യ വിദഗ്ധ. ആറാം തവണ തുടര്‍ച്ചയായി ബജറ്റവതരിപ്പിക്കുന്ന ആദ്യ ബിജെപി ധനമന്ത്രിയും അവര്‍ തന്നെ. പതിവുപോലെ കടലാസ് രഹിതമായി ഇലക്ട്രോണിക് ടാബില്‍ ആലേഖനം ചെയ്ത ബജറ്റ് പ്രസംഗത്തില്‍ ഭാരതത്തിന്റെ സമഗ്ര വികസനമാണ് കേന്ദ്ര ബിന്ദുവായി സ്വീകരിച്ചത്.
ഏറെ പ്രതീക്ഷയ്ക്ക് വക നല്കുന്ന സാമ്പത്തിക സര്‍വേയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ധനമന്ത്രി ഈ വര്‍ഷത്തെ ഇടക്കാല ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2024-25 വര്‍ഷ0 7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന ഭാരതത്തിന്റെ സാമ്പത്തിക രംഗം അതിവേഗത്തില്‍ 7ശതമാനം മറികടക്കുകയും അഞ്ച് ട്രില്ല്യന്‍ ഡോളര്‍ എന്ന സ്ഥിതിയിലേയ്ക്ക് കുതിക്കുകയും ചെയ്യുമെന്നാണ് സാമ്പത്തിക സര്‍വെ സൂചിപ്പിക്കുന്നത്. ആഗോള തലത്തില്‍ മൂന്നാം ലോകസാമ്പത്തിക ശക്തിയായി മാറുന്ന ഭാരതം 2030ല്‍ ഏഴ് ട്രില്ല്യന്‍ ഡോളര്‍ ശക്തിയാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. 2014 മുതല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരോഗ്യകരമായ സാമ്പത്തിക വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിക്കുകയുണ്ടായി. ഇന്ന് ജി20 രാജ്യങ്ങളില്‍ ഏറ്റവും കരുത്തുറ്റ സാമ്പത്തിക ശക്തിയായി മാറാന്‍ സാധിച്ചു എന്നത് എടുത്തു പറയാവുന്ന ഒരു കാര്യമായിട്ടാണ് സാമ്പത്തിക സര്‍വെ ചൂണ്ടിക്കാണിക്കുന്നത്. ഒരു മഹാമാരിക്ക് ശേഷം തുടരെ നാലു വര്‍ഷം സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുക എന്നത് എറെ പ്രശംസനീയമാണ്.
പൊതുതെരഞ്ഞെടുപ്പിനു മുന്നുള്ള ഇടക്കാല ബജറ്റിന്റെ പരിമിതിക്കകത്തു നിന്നുകൊണ്ട് അവതരിപ്പിച്ച ബജറ്റ് ജനപ്രിയമാണ്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമ്പോഴും, അടിസ്ഥാന സൗകര്യവികസനത്തിനും, ആധുനിക ശാസ്ത്ര-സാങ്കേതിക വികസനത്തിനും, സാമ്പത്തിക സുസ്ഥിരതയ്ക്കും ബജറ്റ് ഊന്നല്‍ നല്കുന്നു. സാധാരണക്കാരുടെ ക്ഷേമവും സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാന കാര്യങ്ങളും പരിഗണിച്ചാണ് അമൃതകാലത്തേയ്ക്കുള്ള വികസനകുതിപ്പിന് ആക്കം കൂട്ടുന്ന ഈ ബജറ്റിന്റെ അവതരണം. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് മാത്രമല്ല, ഭാരതത്തിന്റെ സമഗ്ര വികസനവും നിര്മ്മലാസീതാരാമന് ലക്ഷ്യം വെക്കുന്നു.
സാമ്പത്തിക രംഗം, പരിസ്ഥിതി, അഴിമതിരഹിതമായ സാമ്പത്തിക സംവിധാനം, തൊഴിലവസരം, ജനക്ഷേമം എന്നിവയ്ക്ക് ബജറ്റ് ഊന്നല്‍ നല്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലം മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച സാമ്പത്തിക പരിഷ്കാരങ്ങളും പദ്ധതികളും അമൃതകാലത്തിനു യോജിച്ച തരത്തില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ധനമന്ത്രി ശ്രമിച്ചതായി കാണാവുന്നതാണ്. മൂലധനനിക്ഷേപ കാര്യത്തിലും പശ്ചാത്തല വികസനത്തിലും വികസിത ഭാരതമാണ് ധനമന്ത്രി ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷം ഈ രംഗത്ത് മോദി സര്‍ക്കാര്‍ കൈവരിച്ച നേട്ടം ഇനി ഒരു ദശാബ്ദം തുടര്‍ന്നു കൊണ്ടു പോകാനുള്ള ശ്രമം ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ മൂലധനചെലവില്‍ പ്രതിവര്‍ഷം 35 ശതമാനത്തിന്റെ വര്‍ദ്ധന വരുത്താന്‍ ധനമന്ത്രി ശ്രമിക്കുകയുണ്ടായി. ധനക്കമ്മി കാര്യത്തിലും ധനമന്ത്രിയുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞതായി ബജറ്റ് സൂചിപ്പിക്കുന്നു. ഈ വര്‍ഷം 5.9 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനുദ്ദേശിക്കുന്ന ധനക്കമ്മി അടുത്ത വര്‍ഷം 5.1 ശതമാനമായും 2026ല്‍ 4.5 ശതമാനമായും കുറച്ചു കൊണ്ടുവരാനുള്ള ശ്രമം ബജറ്റില്‍ കാണാവുന്നതാണ്. അടിസ്ഥാന സൗകര്യവികസനത്തിനായി ഈ വര്‍ഷം 11,11,111 ലക്ഷം കോടി എന്ന കൗതുക നമ്പരാണ് നീക്കിവെച്ചിരിക്കുന്നത്.
ഇടക്കാല ബജറ്റാണെങ്കിലും നികുതിദായകര്‍ ശുഭാപ്തി വിശ്വാസത്തിലായിരുന്നു. പ്രത്യേകിച്ച് നികുതി വരുമാനത്തിലും നികുതിദായകരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷമുണ്ടായ അഭൂതപൂര്‍വമായ വര്‍ദ്ധന സര്‍ക്കാര്‍ നികുതിദായകരുമായി പങ്കുവെയ്ക്കുമെന്നായിരുന്നു വിശ്വാസം. അവരുടെ പ്രതീക്ഷകള്ക്കൊപ്പമെത്തിയില്ലെങ്കിലും നിര്മ്മലാസീതാരാമന് നികുതിദായകരെ നിരാശപ്പെടുത്തിയില്ല. ഏഴുലക്ഷം വരെയുള്ള നികുതിവരുമാനം ഒഴിവാക്കുന്ന തല്‍സ്ഥിതി തുടരുന്നത് നികുതി ദായകര്‍ക്ക് ഏറെ ആശ്വാസമാകും. ഒപ്പം നികുതി സമ്പ്രദായത്തില്‍ വരുത്തിയ ഒട്ടേറെ പരിഷ്ക്കാരങ്ങള്‍ ആശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ രണ്ടു തവണ അധികാരത്തില്‍ വന്ന നരേന്ദ്രമോദിയുടെ സല്‍ഭരണത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ സാധാരണക്കാരിലെത്തിക്കാനുള്ള ശ്രമം ഈ ബജറ്റില്‍ കാണാം.
2024 ബഹിരാകാശ മേഖലയുടെ കുതിപ്പിന്റെ വര്‍ഷം കൂടിയാണ്. അമൃതവര്‍ഷത്തിന്റെ അഭിമാനമായ ഈ മേഖലയുടെ വികസനത്തിന് ബജറ്റ് ഊന്നല്‍ നല്കുന്നു. ചന്ദ്രയാന്‍ മൂന്ന്, ആദിത്യ എല്‍ വണ്‍ എന്നീ വിജയ പദ്ധതികള്‍ക്കു ശേഷം ഗഗന് യാനും മറ്റനേകം ബഹിരാകാശ ദൗത്യങ്ങളും ഈ വര്‍ഷം നടപ്പിലാക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്ന സാഹചര്യത്തില്‍, ഇത്തരം വന്‍ പദ്ധതികളുടെ വിജയത്തിനാവശ്യമായ ബജറ്റ് വിഹിതം ആധുനിക കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. സ്പേസ് ഇക്കോണമിയുടെ വന്‍ കുതിപ്പിന് സാക്ഷിയാകുന്ന ബഹിരാകാശ മേഖലയില്‍ പൊതു-സ്വകാര്യ മൂലധന നിക്ഷേപവും ശാസ്ത്ര സാങ്കേതിക പങ്കാളിത്തവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്പേസ് ഇക്കോണമിയില്‍ ആഗോളമായി ഉണ്ടായ ഉണര്‍വും, ആഭ്യന്തരമായി ബഹിരാകാശമേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും ഈ രംഗത്തെ പുത്തന്‍ പ്രവണതയാണ് സൂചിപ്പിക്കുന്നത്.
പിഎം ആവാസ യോജനയിലെ അധികമായുള്ള രണ്ട് കോടി വീടുകളും, ഒരു കോടി വീടുകളില്‍ സൗജന്യ സോളാര്‍ പദ്ധതിയും, ഒരു കോടി കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി ഉറപ്പാക്കലും സര്‍ക്കാര്‍ സാധാരണക്കാരുടെ ഒപ്പമാണെന്ന് സൂചിപ്പിക്കുന്ന നിര്‍ദ്ദേശങ്ങളാണ്. തൊഴിലുറപ്പ് പദ്ധതിക്കുള്ള 86000 കോടി രൂപയുടെ വകയിരുത്തലും അങ്കണവാടി വര്‍ക്കര്‍മാരെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചേര്‍ത്തതും വനിതകളെ സഹായിക്കാനുദ്ദേശിച്ചുള്ള നിര്‍ദ്ദേശങ്ങളാണ്. ദരിദ്രരുടെ ക്ഷേമമാണ് ഒരു രാജ്യത്തിന്റെ ക്ഷേമമെന്ന പ്രഖ്യാപനം കൂടിയാണ് വനിതാ ധനമന്ത്രി ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. ദരിദ്രര്‍, വനിതകള്‍, യുവജനങ്ങള്‍, അന്നദാതാക്കളായ കര്‍ഷകര്‍ എന്നിവര്‍ക്ക് ഊന്നല്‍ നല്കുന്ന ബജറ്റ് മൂന്ന് കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കാനുള്ള നിര്‍ദ്ദേശവുമായാണ് നാരീശക്തിക്ക് ആദരം പ്രകടിപ്പിച്ചിരിക്കുന്നത്. വനിതാ വികസനത്തിലൂടെയാണ് അമൃതകാലത്ത് രഷ്ട്രവികസനം നടപ്പിലാകേണ്ടത് എന്ന സന്ദേശമാണ് ബജറ്റ് നല്‍കുന്നത്.
വ്യവസായ മേഖലയും പുത്തന്‍ സംരംഭകരും ഏറെ പ്രതീക്ഷയോടെയാണ് ഈ ബജറ്റിനെ കാണുന്നത്. അമൃതകാലത്തില്‍ പുതിയ ഉയരങ്ങളിലേയ്ക്ക് വ്യവസായ മേഖലയെ കൊണ്ടുപോകാനുതകുന്ന നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റോഡ് റയില്‍ എയര്‍പോര്‍ട്ട്-സീപോര്‍ട്ട് തുടങ്ങിയ പശ്ചാത്തല സൗകര്യവികസനവും, ആധുനിക സാങ്കേതിക വിദ്യയില്‍ അടിസ്ഥാനപ്പെടുത്തിയ ലോജിസ്റ്റിക് സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വ്യവസായ വികസനം ത്വരിതപ്പെടുത്തുന്നതും വികസിത ഭാരതത്തിലേയ്ക്ക് രാജ്യത്തെ നയിക്കുന്നതുമാണ്. നാലായിരം റെയില്‍വെ ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതും കേരളത്തിന് പ്രത്യേകമായി റെയില്‍വെ വികസനത്തിനായി അനുവദിച്ച 2744 കോടിയുടെ നിര്‍ദ്ദേശവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
രാമമന്ദിരത്തിന്റെ നിര്‍മ്മാണവും, അവിടുത്തെ ഭവ്യമായ പ്രാണ പ്രതിഷ്ഠയും, സര്‍ക്കാരിന്റെ വികസിതഭാരത ലക്ഷ്യവും, ഭാരതത്തെ വിശ്വഗുരുവായി മാറ്റാനുള്ള തീവ്രശ്രമങ്ങളും അമൃതകാല വികസന പ്രവര്‍ത്തനത്തെ ഏറെ സഹായിക്കുമെന്നുവേണം കരുതാന്‍. ഒരു ദശാബ്ദക്കാലം സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ പരുവപ്പെടുത്തിയെടുത്ത ഭാരതത്തിന്റെ സാമ്പത്തിക ഭൂമിക പുതിയ തുടക്കത്തിന് വഴിയൊരുക്കും. പോയവര്‍ഷങ്ങള്‍ പോലെ വിദേശ നിക്ഷേപവും പ്രവാസികളുടെ പണവും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനും, ഇറക്കുമതി നിയന്ത്രിച്ച് കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സര്‍ക്കാര്‍ ശ്രമിക്കുമെന്ന സൂചനകളാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. വികസിത ഭാരതത്തിലേയ്ക്കുള്ള ഭാരതത്തിന്റെ പ്രയാണം സുഗമമാക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ നല്കിയ നിര്‍മ്മലാ സീതാരാമന് അഭിനന്ദനമര്‍ഹിക്കുന്നു. തീര്‍ത്തും നിരാശാജനകമായ ഒരു സാമ്പത്തിക സ്ഥിതിയില്‍ നിന്നും കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി മാറാന്‍ കെല്പുള്ള രാജ്യമായി ഭാരതത്തെ മാറ്റിയെടുത്തതില്‍ നിര്‍മ്മലാ സീതാരാമന്റെ പങ്ക് നിസ്സാരമല്ല.
(കൊച്ചിന് സര്‍വകലാശാല സ്കൂള്‍ ഓഫ് മാനേജ്മെന്റ് വകുപ്പിന് മുന്‍ പ്രൊഫസറും ഭാരതീയ വിചാരകേന്ദ്ര0 സ0സ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: