ഉത്തമ സന്താനകാംക്ഷികള്‍ക്ക് താപസന്മാരുടെ അനുഗ്രഹത്താല്‍ അഭീഷ്ടം സാധിക്കാറുണ്ട്. മൂന്നു വിവാഹം ചെയ്തിട്ടും സന്താനങ്ങളില്ലാതിരുന്ന ദശരഥ മഹാരാജാവിന്, ശൃംഗിമഹര്‍ഷി നടത്തിയ പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി നാലു പുത്രന്മാരുണ്ടായി. ദിലീപ് മഹാരാജാവ് രാജ്ഞീസമേതം വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമത്തില്‍ ചിരകാലം വസിച്ച് പശുക്കളെ മേയിച്ച് ലഭ്യമായ അനുഗ്രഹത്തിന്റെ ഫലമായി പുത്രനുണ്ടാകുകയും വംശനാശത്തില്‍നിന്നും രക്ഷപ്പെടുകയും ചെയ്തു. പാണ്ഡുവിന് സന്താനോല്പാദനശേഷി ഇല്ലാതായപ്പോള്‍ വ്യാസമുനിയുടെ അനുഗ്രഹത്താല്‍ പ്രതാപികളായ പഞ്ചപാണ്ഡവന്മാരുണ്ടായി. അനേകം ഋഷികുമാരന്മാര്‍ ജന്മനാതന്നെ തങ്ങളുടെ മാതാപിതാക്കന്മാരുടെ പ്രചണ്ഡമായ തപശ്ശക്തി ഉള്‍ക്കൊണ്ടു ജനിക്കുകയും ബാല്യകാലത്തില്‍തന്നെ മുതിര്ന്നവരാല് ദുസ്സാദ്ധ്യമായ കൃത്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. ലോമശമഹര്‍ഷിയുടെ പുത്രനായ ശൃംഗിമഹര്‍ഷി തന്റെ അച്ഛന്റെമേല്‍ പരീക്ഷിത്തുരാജാവ് ഇട്ടിരുന്ന സര്പ്പത്തിനെകണ്ട് കോപാകുലനായി, കൃത്യം ചെയ്തവന് എഴുദിവസത്തിനകം സര്‍പ്പദംശത്താല്‍ മരണമടയട്ടെ എന്നു ശപിക്കുകയുണ്ടായി. അതിസമര്‍ത്ഥമായ രക്ഷാബന്തവസ്സുണ്ടായിരുന്നിട്ടും മുനികുമാരന്റെ ശാപം ഫലിക്കുകതന്നെ ചെയ്തു.
ശാപങ്ങളും വരങ്ങളും മൂലമുണ്ടായിട്ടുള്ള ആശ്ചര്യകരമായ ഫലങ്ങളുടെ വിവരണങ്ങള്‍ നമ്മുടെ പുരാതന ചരിത്രത്തിലുടനീളം നിറഞ്ഞു കിടപ്പുണ്ട്. ശ്രവണകുമാരനെ അമ്പെയ്തതിന്റെ ശിക്ഷയായി താനും ഇതുപോലെ പുത്രശോകത്താല്‍ പിടഞ്ഞു മരിക്കുമെന്ന് ശ്രവണന്റെ പിതാവ് ദശരഥ മഹാരാജാവിനെ ശപിക്കയുണ്ടായി. മുനിയുടെ നാവില്‍ നിന്നുതിര്‍ന്ന വാക്കുകള്‍ അസത്യമാവുകയില്ല. ദശരഥമഹാരാജാവിനും അപ്രകാരം തന്നെ മരിക്കേണ്ടിവന്നു. ഗൗതമമഹര്‍ഷിയുടെ ശാപത്താല്‍ ഇന്ദ്രനെയും ചന്ദ്രനെയും പോലുള്ള ദേവന്മാര്ക്കുപോലും ഗതികേടു സംഭവിച്ചു. ‘സഗര’ രാജാവിന്റെ പതിനായിരം പുത്രന്മാരും കപിലമുനിയുടെ കോപമേറ്റു ജ്വലിച്ചു ഭസ്മമായിതീര്ന്നു. പ്രസാദിച്ചാല്‍ ദേവന്മാരെപ്പോലെതന്നെ, തപസ്വികളായ ഋഷിമാരും വരങ്ങള്‍ പ്രദാനം ചെയ്യുകയും ദാരിദ്ര്യദുഃഖങ്ങളാല് പീഡിതരായവര്‍ക്ക് സുഖശാന്തി സാദ്ധ്യമാക്കി കൊടുക്കുകയും ചെയ്യുമായിരുന്നു.
തപശ്ശക്തിയുടെ മഹിമ
പുരുഷന്മാര് മാത്രമല്ല, ഭാരതത്തിലെ സ്ത്രീകളും തപസ്സനുഷ്ഠിക്കുന്നതില് പിന്നോക്കമായിരുന്നില്ല. പാര്‍വതി ഉഗ്രമായ തപസ്സ്ചെയ്ത്, കാമദേവനെ ഭസ്മമാക്കിയ ശിവനെ വിവാഹത്തിനു വിവശനാക്കി. അനസൂയ, തന്റെ ആത്മബലംകൊണ്ട് ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെ പിഞ്ചുബാലന്മാരാക്കി മാറ്റിയിരുന്നു. സുകന്യ, തന്റെ വൃദ്ധനായ ഭര്‍ത്താവിനെ യുവാവാക്കി മാറ്റി. സാവിത്രി, യമനുമായി മല്ലടിച്ച്, മരിച്ചുകഴിഞ്ഞ തന്റെ ഭര്‍ത്താവിന്റെ പ്രാണന് തിരിച്ചുവാങ്ങി. കുന്തി, കൗമാരാവസ്ഥയില്‍ സൂര്യനെ ധ്യാനിച്ച് സൂര്യനെപ്പോലെ തേജസ്വിയായ കര്‍ണനെ പ്രസവിച്ചു. ക്രൂദ്ധയായ ഗാന്ധാരി, തന്റെ വംശം എപ്രകാരം നശിച്ചുവോ, അതേപ്രകാരം നിന്റെ വംശവും തമ്മില്‍ മല്ലടിച്ചു നശിക്കട്ടെ എന്നു ശ്രീകൃഷ്ണനു ശാപം കൊടുത്തു. ആ വാക്കുകള്‍ വൃഥാവിലായില്ല. യാദവവംശം മുഴുവന്‍ തമ്മില്‍ തല്ലി നശിക്കുക തന്നെ ചെയ്തു. ദമയന്തിയുടെ ശാപമേറ്റ വേടന് ജീവനോടെ വെന്തെരിഞ്ഞു. ഇഡ, തന്റെ പിതാവായ മനുവിന്റെ യാഗം പൂര്‍ത്തിയാക്കുകയും അദ്ദേഹത്തിന്റെ അഭീഷ്ടസിദ്ധിക്കുവേണ്ടി സഹായിക്കുകയും ചെയ്തു. ഈ ആശ്ചര്യകരമായ കൃത്യങ്ങളുടെ എല്ലാം പിന്നില്‍ തപശ്ശക്തിയുടെ മഹിമ പ്രകടമായി കാണാം.
ദേവന്മാരെയും ഋഷിമാരെയും പോലെ അസുരന്മാരും ശക്തിയുടെ യഥാര്‍ത്ഥകേന്ദ്രം തപസ്സാണെന്നു മനസ്സിലാക്കിയിരുന്നു. അവരും തപസ്സുചെയ്ത് ദേവന്മാര്‍പോലും നേടിയെടുക്കാത്ത വരങ്ങള്‍ നേടിയെടുത്തു. രാവണന് തന്റെ തല പണയപ്പെടുത്തി തപസ്സുചെയ്ത് ശക്തിയുടെ കലവറതന്നെ നേടി. തപസ്സിന്റെ ഫലമായിട്ടാണ് കുംഭകര്ണന് ആറുമാസം ഉറങ്ങാനും ആറുമാസം ഉണര്‍ന്നിരിക്കാനുമുള്ള വരം ലഭിച്ചത്. മേഘനാദന്, അഹിരാവണന്, മരീചി എന്നിവര്‍ക്കും വിഭിന്നതരത്തിലുള്ള മായാവിദ്യകള്‍ തപസ്സു മൂലമാണ് ലഭിച്ചിരുന്നത്. ആരുടേയും തലയില്‍ കൈവെച്ച് അവരെ ഭസ്മമാക്കാനുള്ള ശക്തി ഭസ്മാസുരന് നേടിയതും തപസ്സുകൊണ്ടാണ്. ഹിരണ്യകശിപു, ഹിരണ്യാക്ഷന്, സഹസ്രബാഹു, ബാലി മുതലായ അസുരന്മാരുടെ വീരപരാക്രമങ്ങളുടെയെല്ലാം അടിസ്ഥാനം തപസ്സുതന്നെ ആയിരുന്നു. വിശ്വാമിത്രനും, ശ്രീരാമനും തലവേദന തന്നെ ആയിരുന്ന താടക, ശ്രീകൃഷ്ണന്റെ ജീവനെടുക്കുമെന്നു ദൃഢസങ്കല്പം ചെയ്ത പൂതന, ഹനുമാനെ വിഴുങ്ങുവാന്‍, സന്നദ്ധയായ സുരസ, വിവിധ കൗതുകങ്ങള്‍ കാട്ടി സീതയുടെ മനോവ്യഥ ലഘൂകരിച്ച ത്രിജട എന്നിങ്ങനെ അനേകം അസുരസ്ത്രീകളും ആദ്ധ്യാത്മിക തലത്തില്‍ വിശിഷ്യാ അറിയപ്പെട്ടവര്‍ ആയിരുന്നു.
ശാന്തിശസ്ത്രങ്ങളുടെ അനിവാര്യത
ഇങ്ങനെ സാമാന്യ മനുഷ്യര്‍ തപോബലംകൊണ്ട് ആശ്ചര്യകരമായ സ്വകീയവും പരകീയവുമായ ക്ഷേമൈശ്വര്യങ്ങള്‍ നേടിയ പത്തോ, നൂറോ, ആയിരമോ അല്ല, ലക്ഷക്കണക്കിനു ഉദാഹരണങ്ങള്‍ ഭാരതീയ ചരിത്രത്തില്‍ നിറഞ്ഞുകിടപ്പുണ്ട്. ആധുനികയുഗത്തില്‍ തന്നെ മഹാത്മാഗാന്ധി, വിനോബാഭാവേ, ദയാനന്ദമഹര്‍ഷി, മീര, കബീര്‍, ദാദു, തുളസീദാസ്, സൂര്‍ദാസ്, രൈദാസ്, അരവിന്ദ മഹര്‍ഷി, രമണ മഹര്‍ഷി, രാമകൃഷ്ണപരമഹംസന്‍, രാമതീര്‍ത്ഥന്‍ ഇത്യാദി ആത്മീയശക്തിസമ്പന്നരായ വ്യക്തികളാല്‍ ചെയ്യപ്പെട്ട കൃത്യനിര്‍വഹണം സാമാന്യ പുരുഷാര്ത്ഥികളാല് നിര്‍വഹിക്കപ്പെടുക അസാദ്ധ്യമായിരുന്നു.
രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് ഇന്നു ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നാശം വിതയ്ക്കുന്ന അഗ്നി പടര്‍ത്തലാണ്. എതിരാളികളെ തകര്‍ത്തു തരിപ്പണമാക്കി, വിജയ പതാക പാറിക്കുവാന്‍ പറ്റിയ ആയുധങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കയാണ്. എന്നാല്‍ അഗ്നി കെടുത്തുവാന്‍, അഗ്നി കൊളുത്തുന്ന കൈകളെ പിന്‍വലിക്കാന്‍, ക്രൂരത ആളി കത്തുന്ന മനസ്സുകളിലും മസ്തിഷ്ക്കങ്ങളിലും ശാന്തിസൗഭാഗ്യങ്ങളുടെ സ്വാരസ്യം പ്രവഹിപ്പിക്കാനുതകുന്ന ആയുധം നിര്‍മ്മിക്കാനും ആര്‍ക്കും കഴിയുന്നില്ല. ഇത്തരത്തിലുള്ള ശാന്തിശസ്ത്രനിര്മ്മാണം തലസ്ഥാന നഗരികളിലോ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണശാലകളിലോ സാദ്ധ്യമല്ല. പണ്ടുകാലത്തും ഇതേ തരത്തിലുള്ള ആവശ്യം ഉണ്ടായപ്പോള്‍ തപശ്ചര്യയുടെ മഹത്തായ പ്രയത്നംകൊണ്ട് ശാന്തിശസ്ത്രം നിര്‍മ്മിക്കപ്പെട്ടിരുന്നു. ഇക്കാലത്തും മഹത്തേറിയ ആത്മാക്കള്‍ ഈ പ്രയത്നത്തില്‍ വ്യാപൃതരായിരിക്കുകയാണ്.
(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ വിജനതയിലെ സഹചാരികള്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: