Categories: Kerala

കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷ് കോടിയേരിക്കെതിരായ ഇ.ഡി അപ്പീല്‍ സുപ്രിംകോടതി തള്ളി

Published by

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ജാമ്യം നല്‍കിയതിനെതിരെ ഇ.ഡി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. ബംഗളൂരു ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നല്‍കിയ ജാമ്യത്തിനെതിരെയാണ് ഇ.ഡി കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ ബി.ആർ ​ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ബെംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ‍‍ഡയറക്ടർ നൽകിയ ഹർജി തള്ളിയത്. 4 വർഷമായി ബിനീഷ് ജാമ്യത്തിലായതിനാൽ ഈ ആവശ്യം അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് സുപ്രീം കോടതിയുടെ വിശദീകരണം.

ലഹരികടത്തു കേസിലെ പ്രതികള്‍ക്ക് ബിനീഷ് സാമ്പത്തിക സഹായം നല്‍കുകയും അത് വഴി കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ ഡി യുടെ കുറ്റപത്രം. കേസില്‍ അറസ്റ്റിലായ ഒരു വര്‍ഷക്കാലം പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ ബിനീഷിനു കോടതി പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രതി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി മുന്‍പാകെ ബിനീഷ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ബംഗളുരുവിലെ 34 ആം അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി തള്ളിയിരുന്നു.

ലഹരിക്കടത്ത് കേസില്‍ പ്രതിയല്ലാത്ത തനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല എന്നതായിരുന്നു ബിനീഷിന്റെ വാദം . തുടര്‍ന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയെ ബിനീഷ് സമീപിച്ചത് . ലഹരിക്കടത്ത് കേസിലെ പ്രതികളായ അനിഖ, അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ തന്നെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ബിനീഷിന്റെ കൂട്ട് പ്രതികള്‍ . ഇരു കേസുകളിലും അറസ്റ്റിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ ഇവര്‍ക്ക് കോടതി അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നു .

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by