കൊച്ചി: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നിയമസഭയിലെ പരാമര്‍ശം വിവേചനപരവും വിഡ്ഢിത്തവുമാണെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന് അഭിപ്രായപ്പെട്ടു. അയ്യപ്പഭക്തസമൂഹത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം, തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണ്. നടന്ന സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കാതെ, കുറ്റം അയ്യപ്പന്മാരുടെ തലയില്‍ വച്ചുകെട്ടുന്ന കമ്യൂണിസ്റ്റ് പ്രവണതയാണ് മന്ത്രിയിലൂടെ വ്യക്തമായതെന്ന് ഈറോഡ് രാജന് ചൂണ്ടിക്കാട്ടി.
തീര്‍ത്ഥാടന കാലത്ത് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അവഗണന കൊണ്ട് പാതിയില്‍ മലയാത്ര അവസാനിപ്പിച്ച്, പന്തളം പോലുള്ള വിവിധ ക്ഷേത്രങ്ങളില്‍ പോയി ദര്‍ശനം നടത്തി മടങ്ങേണ്ടി വന്ന ആയിരത്തിലധികം അയ്യപ്പന്മാരുടെ വിവരങ്ങള്‍ അയ്യപ്പ സേവാസമാജത്തിന്റെ പക്കലുണ്ട്. അത് വെളിപ്പെടുത്തിയാല്‍ രാധാകൃഷ്ണന് മന്ത്രിപദം രാജിവയ്ക്കാന്‍ തയാറാണോ എന്നും അദ്ദേഹം ചോദിച്ചു. പോലീസ് മര്‍ദ്ദനമേറ്റ ഭക്തന്മാരുടെ വിവരങ്ങളും സമാജത്തിന്റെ കൈവശമുണ്ട്. ഇതെല്ലാം ഉള്‍പ്പെടുത്തി ഒരു ഭീമ ഹര്‍ജി പ്രധാനമന്ത്രിക്കും ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുതലായവര്‍ക്കും അയ്യപ്പ സേവാ സമാജം സമര്‍പ്പിക്കും.
ഇത്രയേറെ സംഭവ വികാസങ്ങള്‍ ഇക്കുറി തീര്‍ത്ഥാടന കാലത്ത് അരങ്ങേറിയത് മന്ത്രി അറിഞ്ഞില്ലെങ്കില്‍ അത്, അദ്ദേഹത്തിന്റെ വിഡ്ഢിത്തമാണ്. അറിഞ്ഞിട്ടും മനപ്പൂര്‍വ്വം നിയമസഭയെ കബളിപ്പിക്കുകയാണെങ്കില്‍, ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരോടുള്ള അദ്ദേഹത്തിന്റെ വിവേചനപരമായ നിലപാടാണത്. ദേവസ്വം ബോര്‍ഡിനെയോ സര്‍ക്കാരിനെയോ പോലീസിനെയോ വിശ്വസിച്ച് ശബരിമലയ്ക്ക് വരേണ്ടതില്ലെന്ന സൂചനയാണ് ഈ തീര്‍ത്ഥാടനകാലം നല്‍കിയത്. അയ്യപ്പഭക്തന്മാരുടെ ക്ഷേമ കാര്യങ്ങള്‍ അയ്യപ്പന്മാര് സ്വയം സംഘടിച്ച് ചെയ്യും.
നിയമസഭയില്‍ ദേവസ്വംമന്ത്രി സത്യവിരുദ്ധ പരാമര്‍ശം നടത്തിയിട്ടും അനക്കമില്ലാതിരുന്ന മുഴുവന്‍ സഭാംഗങ്ങളെയും അയ്യപ്പസേവാസമാജം പ്രതിഷേധം അറിയിക്കുന്നുവെന്ന് ഈറോഡ് രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: