തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനമില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. ജാതി സെന്‍സസ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട്. അതിലെ വിധി വന്ന ശേഷം തീരുമാനമുണ്ടാകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ആരുടേയും അവകാശങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ജനസംഖ്യാ കണക്കെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്- മന്ത്രി പറഞ്ഞു.
ജാതി സെന്‍സസ് വേണമെന്ന് മുസ്ലിം ലീഗ് അംഗം ഡോ. എം.കെ. മുനീറാണ് ആവശ്യമുന്നയിച്ചത്. ശ്രദ്ധക്ഷണിക്കലിലൂടെയാണ് വിഷയം അവതരിപ്പിച്ചത്.
” ഭരണഘടനയുടെ അനുച്ഛേദം 246 പ്രകാരം ജനസംഖ്യാ കണക്കെടുപ്പ് കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. ഭരണഘടനയുടെ 105-ാം ഭേദഗതി പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് Socio Economic Caste Census നടത്തുന്നതിനും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനും അധികാരം നല്‍കിയിട്ടുണ്ട്.
എന്നാല്‍ സെന്‍സസിന്റെ ഭാഗമായി സമഗ്രമായ വിവരശേഖരണം നടത്തുന്നതിലൂടെ മാത്രമേ വിവിധ ജനവിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യാ കണക്കുകളും അനുബന്ധമായ വിവരങ്ങളും ലഭ്യമാകുകയുള്ളു. കാലാനുസൃതമായി സംവരണം പുന:ക്രമീകരിക്കുന്നതിനും പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും കൃത്യമായ ജനസംഖ്യാ കണക്കുകള്‍ ആവശ്യമാണ്. എന്നാല്‍ സംസ്ഥാനത്തിന്റേതായ പരിമിതിയില്‍ നിന്ന് Socio Economic Caste Census നടത്തുന്നതിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ ദേശീയ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നതിനു സാധിക്കില്ല. 2021ല്‍ നടക്കേണ്ടിയിരുന്ന, എന്നാല്‍ ഇനിയും നടത്തിയിട്ടില്ലാത്ത, സെന്‍സസിന്റെ ഭാഗമായി സാമൂഹ്യ സാമ്പത്തിക സ്ഥിതി വിവരങ്ങള്‍ സമഗ്രമായി ശേഖരിക്കുകയാണ് ഉചിതം.
2011-ലെ സാമൂഹ്യ, സാമ്പത്തിക ജാതി സെന്‍സസിലൂടെ ശേഖരിച്ച വിവരങ്ങള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നുവെങ്കിലും കരട് ജാതി ഡാറ്റ ഒരു ഏജന്‍സിക്കും നല്‍കാനാവില്ല എന്ന് അറിയിക്കുകയുണ്ടായി.
സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും വെവ്വേറെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ രണ്ടു കേസുകളിലും സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുകയാണ്.
മേല്‍ സാഹചര്യത്തില്‍ സുപ്രീംകോടതി മുമ്പാകെയും ഹൈക്കോടതി മുമ്പാകെയും ഫയല്‍ ചെയ്തിട്ടുള്ള കേസുകളിലെ അന്തിമ വിധികളുടെ അടിസ്ഥാനത്തില്‍, ആവശ്യമായ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതാണ്.”മന്ത്രി കെ. രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: