Categories: Kerala

രണ്‍ജിത് ശ്രീനിവാസന്‍ വധം: ശിക്ഷ വിധിച്ച ജഡ്ജിക്ക് വധ ഭീഷണി; പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 4 എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

Published by

ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ നാലു പേര്‍ അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീര്‍ മോന്‍(42), തിരുവനന്തപുരം മംഗലപുരം സക്കീര്‍ മന്‍സിലില്‍ റാഫി(38), മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗം ആലപ്പുഴ തേവരംശേരിയില്‍ നവാസ് നൈന (42), അമ്പലപ്പുഴ വണ്ടാനം പുതുവല്‍ വീട്ടില്‍ ഷാജഹാന്‍(36) എന്നിവരാണ് അറസ്റ്റിലായത്.
സമൂഹ മാധ്യമങ്ങളില്‍ മത, സാമുദായിക, രാഷ്‌ട്രീയ വിദ്വേഷം ഉളവാക്കുന്ന തരത്തിലും, കലാപം ഉണ്ടാക്കുന്ന തരത്തിലുമുള്ള ചിത്രങ്ങളും പ്രസ്താവനകളും പോസ്റ്റു ചെയ്‌തെന്ന കേസില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു.

രണ്‍ജിത് കേസില്‍ വിധി പറഞ്ഞ മാവേലിക്കര അഡീ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപവും ഭീഷണിയും. രണ്‍ജിത് കേസില്‍ എസ്ഡിപിഐ, പിഎഫ്‌ഐ പ്രവര്‍ത്തകരായ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു.

ജഡ്ജി ശ്രീദേവിയുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കായംകുളം ഡിവൈഎസ്പി പി അജയ് നാഥിനാണ് സുരക്ഷാ ചുമതല. ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ 24 മണിക്കൂറും സുരക്ഷ ചുമതലയില്‍ ഉണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by