ആലപ്പുഴ: സങ്കീര്‍ണ്ണമായ റൈറ്റ് ഹെമി കോളക്ടമി ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായാണ് വന്‍കുടല്‍ ഭാഗികമായി നീക്കം ചെയ്യുന്ന റൈറ്റ് ഹെമി കോളക്ടമി ശസ്ത്രക്രിയ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. മരുത്തോര്‍വട്ടം സ്വദേശിനി 44 കാരിയാണ് ശാസ്ത്രക്രിയ്ക്ക് വിധേയയായത്.
അസഹനീയമായ വയറുവേദനെയെ തുടര്‍ന്നാണ് ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് വന്‍കുടലില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുകയായിരുന്നു. വയറിന്റെ ഭിത്തിയിലേക്കും അനുബന്ധ അവയവങ്ങളിലേക്കും വ്യാപിച്ച നിലയില്‍ സങ്കീര്‍ണ്ണമായിരിക്കെയാണ് ശസ്ത്രക്രിയ അടിയന്തരമായി നടത്തിയത്. മൂന്നു മണിക്കൂര്‍ സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. രോഗി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലാണിപ്പോള്‍.
സ്വകാര്യ ആശുപത്രിയില്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് ചെലവ്. ആശുപത്രി സൂപ്രണ്ട് ഡോ. സുജ അലോഷ്യസിന്റെ ഇടപെടലുകള്‍ ഭൗതിക സാഹചര്യമൊരുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഡോ. എം. മുഹമ്മദ് മുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. സര്ജന് ഡോ. കൃഷ്ണ, അനസ്തീഷ്യ കണ്‍സള്‍ട്ടന്റ് ഡോ. ബി അമ്പിളി, ഡോ. നിര്‍മ്മല്‍ രാജ്, ഡോ. രാജീവ്, ഹെഡ് നേഴ്സ് ശ്രീവിദ്യ, സിസ്റ്റര്‍മാരായ ലിന്‍സി, വിജിത, ഷൈനി, അശ്വതി എന്നിവരും മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നു.
രണ്ട് തീയറ്റര്‍ ദിനങ്ങളിലായി മാസത്തില്‍ ശരാശരി 60 ലധികം മേജര്‍ ശസ്ത്രക്രിയകളും 220 ലധികം മൈനര്‍ ശസ്ത്രക്രിയകളും ആശുപത്രിയില്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: