കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ ഏറെ ദിവസങ്ങള്‍ക്ക് ശേഷം നടപടിയുമായി ആഭ്യന്തരവകുപ്പ്.ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അബ്ദുള്‍ ജലീലിനേയും എ പി പി ശ്യാം കൃഷ്ണ കെ ആറിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
ജി എസ് ജയലാലിന്റെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി നടപടി വിശദീകരിച്ചത്. പൊലീസ് ചോദ്യം ചെയ്യലിനും കേസെടുക്കലിനും മുന്നേയാണ് സസ്‌പെന്‍ഷന്‍. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും ഡയറിക്കുറിപ്പുകളും ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
മേലുദ്യോഗസ്ഥന്‍ ഡി ഡി പി അബ്ദുള്‍ ജലീലിന്റേയും സഹപ്രവര്‍ത്തകനും ജൂനിയറുമായ ശ്യാം കൃഷ്ണയുടെയും മാനസിക – തൊഴില്‍ പീഡനം മൂലം മനോവിഷമത്തിലായിരുന്നു അനീഷ്യയെന്ന് ശബ്ദ സന്ദേശങ്ങളിലും ഡയറിക്കുറിപ്പിലും വ്യക്തമാണ്. എന്നാല്‍ ആത്മഹത്യയ്‌ക്ക് കാരണം ഇതൊക്കെയാണെന്നതിന് മതിയായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് സിറ്റി ക്രൈംബ്രാഞ്ച് വിശദീകരണം. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുളളത്.
തൊഴില്‍ പീഡനം സംബന്ധിച്ച് അനീഷ്യ മജിസ്‌ട്രേറ്റിന് അയച്ച മൊബൈല്‍ സന്ദേശത്തിന്റെ നിജസ്ഥിതി അറിയാനായി പരവൂര്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം കൊല്ലം കോടതിയില്‍ അപേക്ഷ നല്‍കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശാനുസരണം ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിഡിപിയുടെ അന്വേഷണവും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: