കറാച്ചി: ബലൂചിസ്ഥാൻ പ്രവിശ്യയിൽ 21 ഭീകരരെ പാകിസ്ഥാൻ സുരക്ഷാ സേന വധിച്ചു. തിങ്കളാഴ്ച രാത്രി മുതൽ നടത്തിയ ഓപ്പറേഷനിലാണ് ഇത്രയുമധികം ഭീകരരെ വധിച്ചതായി സൈനിക വക്താവ് വ്യാഴാഴ്ച അറിയിച്ചത്.
തിങ്കളാഴ്ച രാത്രി ബലൂചിസ്ഥാനിലെ മാച്ച് ടൗൺ, കോൽപൂർ പ്രദേശങ്ങളിൽ ആയുധധാരികളായ ഭീകരർ നടത്തിയ ആക്രമണത്തെത്തുടർന്ന് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. മാച്ചിലും കോൽപൂരിലും നടത്തിയ ഓപ്പറേഷന്റെ ഫലമായി ഇതുവരെ 21 ഭീകരരെ വധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇൻ്റർ സർവീസസ് പബ്ലിക് റിലേഷൻസ് പ്രകാരം ഓപ്പറേഷനിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതുവരെ 12 ഭീകരരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബലൂച് ലിബറേഷൻ ആർമി മുജാഹിദ് ബ്രിഗേഡിലെ 21 ഭീകരർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം സുരക്ഷാ സേനയിലെ മരണസംഖ്യ ഉയർന്നേക്കാമെന്നും എന്നാൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ബുധനാഴ്ച ചാവേർ ബോംബർമാർ ഉൾപ്പെടെ ഒന്നിലധികം ഭീകരർ മാച്ചിലും കോൽപൂരിലും ആക്രമണം അഴിച്ചുവിട്ടതായി റിപ്പോർട്ട് ചെയ്തു, നിരോധിത സംഘങ്ങളിലെ ഉന്നതരും വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട തടവുകാരും കഴിയുന്ന സെൻട്രൽ മാക് ജയിലിൽ നുഴഞ്ഞുകയറുകയായിരുന്നു ഭീകരരുടെ പ്രധാന ലക്ഷ്യം. നിലവിൽ 800 തടവുകാരാണ് മാക് ജയിലിൽ ഉള്ളത്. എന്നാൽ ആക്രമണത്തെ സുരക്ഷാ സേന ചെറുത്തതോൽപ്പിച്ചതിനെ തുടർന്ന ഭീകരർ മലനിരകളിലേക്ക് പലായനം ചെയ്തു. അവശേഷിക്കുന്ന അവസാനത്തെ ഭീകരരെ വേരോടെ പിഴുതെറിയാനുള്ള ഓപ്പറേഷൻ അവസാന ഘട്ടത്തിലാണെന്നും സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ വർഷം മുതൽ, തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുടെയും തെഹ്‌രീകെ-ഇ-താലിബാൻ പാക്കിസ്ഥാന്റെയും തീവ്രവാദികളുടെ സുരക്ഷിത താവളമായി കണക്കാക്കപ്പെടുന്ന ബലൂചിസ്ഥാനിൽ സുരക്ഷാ സേനയ്‌ക്കും സ്ഥാപനങ്ങൾക്കും സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം പലമടങ്ങ് വർദ്ധിച്ചിട്ടുണ്ട്. അതിർത്തി കടന്ന് ബലൂചിസ്ഥാനിൽ ആക്രമണം നടത്തുന്ന ടിടിപിയിലെയും മറ്റ് ഗ്രൂപ്പുകളിലെയും തീവ്രവാദികളെ നിയന്ത്രിക്കാൻ പാകിസ്ഥാൻ സർക്കാർ അതിർത്തി പങ്കിടുന്ന ഇറാനോടും അഫ്ഗാനിസ്ഥാനോടും പതിവായി പരാതിപ്പെട്ടിട്ടുണ്ട്.
ഈ മാസമാദ്യം ഇറാൻ പാകിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ച് ബലൂചിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങളെ ആക്രമിച്ചിരുന്നു. തുടർന്ന് പാകിസ്ഥാൻ-ഇറാൻ ബന്ധം വഷളാവുകയും ഇറാനിലെ സിസ്താൻ-ബലൂചെസ്ഥാൻ മേഖലയിൽ സായുധ സംഘങ്ങൾക്കെതിരെ പാകിസ്ഥാൻ വ്യോമാക്രമണം നടത്തുകയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: