കാഞ്ഞങ്ങാട്: അമേരിക്കന്‍ ദേശാടന പക്ഷിയായ ‘ലാഫിങ് ഗളി’നെ ഭാരതത്തിലാദ്യമായി ചിത്താരി കടപ്പുറത്ത് കണ്ടെത്തി. ഗവ. എച്ച്എസ്എസ് കമ്പല്ലൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകനായ സി. ശ്രീകാന്താണ് ചിത്താരി അഴിമുഖത്തുനിന്ന് കഴിഞ്ഞ ദിവസം ഈ കടല്‍കാക്കയുടെ ചിത്രം പകര്‍ത്തിയത്. വടക്കേ അമേരിക്കയില്‍ നിന്ന് പതിനായിരക്കണക്കിനു കിലോമീറ്റര്‍ പിന്നിട്ടാണ് ഈ പക്ഷി കേരള തീരത്തെത്തിയത്.
ഏഷ്യയില്‍ മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് ഇവ എത്തിയതായി റിപ്പോര്‍ട്ടുള്ളത്. പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ ശേഖരിക്കുന്ന ഇ ബേഡ് ആപ്ലിക്കേഷനില്‍ പുതിയ കണ്ടെത്തലിന്റെ വിവരങ്ങള്‍ പങ്കുവച്ചു. ഇതോടെ ഭാരതത്തില്‍ കണ്ടെത്തുന്ന പക്ഷിയിനങ്ങളുടെ എണ്ണം 1367 ആയി. ഇന്ത്യന്‍ ബേഡ്സ് ജേണല്‍ ചീഫ് എഡിറ്റര്‍ ജെ. പ്രവീണ്‍, ജിനു ജോര്‍ജ്, ജോണ്‍ ഗാരറ്റ്, എയ്ഡന്‍ കെയ്ലി തുടങ്ങിയവര്‍ പരിശോധിച്ചാണ് ‘ലാഫിങ് ഗള്’ പക്ഷിയുടെ കണ്ടെത്തല്‍ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തു കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം ഇതോടെ 554 ആയി. കാസര്‍കോട് ജില്ലയില്‍ നാനൂറിലുമെത്തി. കടല്കാക്കയിനത്തില്പ്പെടുന്ന ഈ ദേശാടനപ്പക്ഷികളുടെ സ്വദേശം വടക്കേ അമേരിക്കയും തെക്കേ അമേരിക്കയുടെ വടക്കന്‍ മേഖലകളുമാണ്. ചിരിക്കുന്നതു പോലെയുള്ള ശബ്ദമുണ്ടാക്കുന്നതിനാലാണ് ഇവയ്ക്ക് ‘ലാഫിങ് ഗള്’ എന്ന പേരു വന്നത്. സാധാരണ കടല്‍കാക്കകളേക്കാള്‍ വലിപ്പം കുറവാണിവയ്ക്ക്. കൊക്കിനും കാലുകള്‍ക്കും കറുത്ത നിറം. ചിറകിന്റെ ഇരുണ്ട നിറവും ഇവയെ കടല്‍കാക്കകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ശൈത്യകാലത്ത് ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഇവ ആഫ്രിക്കയുടെ തെക്കന്‍ തീരത്ത് അപൂര്‍വമായി എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: