പാലക്കാട്: ഷൊര്‍ണൂരില്‍ ഭാരതപ്പുഴയ്‌ക്ക് കുറുകെ പുതിയ പാലത്തിനും റെയില്‍വേ യാര്‍ഡ് നവീകരണത്തിനുമായി 367 കോടിരൂപയുടെ വിശദ പദ്ധതി റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പറളി വരെയാണ് പുതിയ ട്രാക്ക് വരിക. ഇതോടെ ചരക്കുട്രെയിനുകള്‍ക്ക് പാലക്കാട് ജങ്ഷനില്‍ വരാതെ ഷൊര്‍ണൂര്‍- തിരുവനന്തപുരം ഭാഗത്തേക്ക് നേരിട്ട് സഞ്ചരിക്കാം. 2022ല്‍ പാലക്കാട് നടന്ന ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി, റെയില്‍വേ അമനിറ്റീസ് കമ്മിറ്റി ചെയര്‍മാനായിരുന്ന പി.കെ. കൃഷ്ണദാസ് എന്നിവര്‍ക്ക് നിവേദനം നല്കിയിരുന്നു. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ ബോര്‍ഡ് കൈക്കൊണ്ട നടപടിയെ ഹിന്ദുഐക്യവേദി സ്വാഗതം ചെയ്തു.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പിറ്റ്ലൈനും, മേല്‍പ്പാലവും പൂര്‍ത്തിയായാല്‍ പാലക്കാട് ഡിവിഷനുണ്ടാകുന്ന ഗുണങ്ങളെ സംബന്ധിച്ച് വിശദമായ രൂപരേഖ ക്യാപ്റ്റന്‍ കുമരേശന്‍ നല്കിയിരുന്നു. ചരക്കുനീക്കം കൂടുതല്‍ ത്വരിതപ്പെടുത്തുകയെന്നതാണ് പുതിയ ട്രാക്കിന്റെ ലക്ഷ്യം. തമിഴ്നാട് ഭാഗത്ത് നിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ക്കാണ് ഇതുമൂലം കൂടുതല്‍സമയം ലാഭിക്കാന്‍ കഴിയുക. ടൗണ്‍ സേറ്റഷനും പാലക്കാട് ജങ്ഷനും ഇടയില്‍ കാവില്‍പ്പാട് ഭാഗത്ത് നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ എന്‍ജിന്‍ മാറ്റാതെ തുടര്‍യാത്ര എളുപ്പമാവും.
മിഷന്‍3000 പദ്ധതിയില്‍ സംസ്ഥാനത്തെ റെയില്‍വേ നിര്‍മാണ വിഭാഗം ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്കിയതിനെ തുടര്‍ന്നാണ് ബൈപ്പാസ് റെയില്‍വേ ട്രാക്കിന് അനുമതിയായത്. വികസനം എത്രയും വേഗം പ്രാവര്‍ത്തികമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ ബോര്‍ഡ് നീങ്ങുന്നത്. മുന്‍കാലങ്ങളില്‍ അന്തിമ ലൊക്കേഷന്‍ സര്‍വേയ്‌ക്ക് റെയില്‍വേ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. എന്നാലിപ്പോള്‍ ജനറല്‍ മാനേജറുടെ അനുമതി മതിയെന്ന തീരുമാനമാണ് ഇതിന് ഗുണകരമായത്.
റെയില്‍വേ കോച്ചുകളുടെ അറ്റകുറ്റപണിക്കുള്ള പിറ്റ് ലൈൻ ഷോപ്പിന്റെ പ്രവര്‍ത്തനംകൂടി ത്വരിതഗതിയിലായതോടെ പാലക്കാട് ജങ്ഷന്‍ വികസന പിന്ഥാവിലേക്ക് കുതിക്കുകയാണ്. മറ്റെല്ലാ ഡിവിഷനുകളിലും പിറ്റ് ലൈന്‍ ഉണ്ടെങ്കിലും പാലക്കാട് ഡിവിഷനില്‍ ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ട്രെയിനുകളുടെ അറ്റകുറ്റപണികള്‍ക്ക് തിരുവനന്തപുരം ഡിവിഷനെയോ, സേലം ഡിവിഷനെയോ ആണ് ആശ്രയിക്കുന്നത്.
യാര്‍ഡും മേല്‍പ്പാലവും വരുന്നതോടെ യാത്രക്കാര്‍ക്കും, ചരക്കുനീക്കത്തിനും കൂടുതല്‍ ഗുണകരമാവുമെന്ന് ഹിന്ദുഐക്യവേദി ചൂണ്ടിക്കാട്ടി. ഇത്തരമൊരു പദ്ധതി തയ്യാറാക്കിയ ക്യാപ്റ്റന്‍ കുമരേശനെ ഹിന്ദുഐക്യവേദി അഭിനന്ദിച്ചു. പ്രസി: ജി. മധുസൂദനന്‍ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി സി.വി. ചന്ദ്രശേഖരന്‍, ജന.സെക്രട്ടറി ആര്‍.അശോകന്‍, സി. രവീന്ദ്രന്‍, സംഘടനാസെക്രട്ടറി സി. ബാബു, ട്രഷറര്‍ എ.നാരായണന്‍കുട്ടി, സെക്രട്ടറി രഘുനാഥ്, രജിത്കൃഷ്ണ, സെന്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: