കൊച്ചി: ഭാരതീയ തീര രക്ഷാസേനാദിനാചരണത്തോടനുബന്ധിച്ച് ഗവര്‍ണര്‍ക്കൊപ്പം കടലില്‍ ഒരുയാത്ര സംഘടിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ 48-ാമത് റൈസിങ് ഡേയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി. അഭ്യാസപ്രകടനങ്ങള്‍ തീരസംരക്ഷണ സേനയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു.
കൊച്ചി തീരത്ത് നിന്നും ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ ആഴക്കടലിലാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്. മൂന്ന് മണിക്കൂറിലേറെ തുടര്‍ന്ന പ്രകടനത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ദ്, സക്ഷം, സാരഥി എന്നീ കപ്പലുകള്‍ ഭാഗമായി. പൊതുജനങ്ങള്‍ക്കും കപ്പല്‍യാത്രയ്‌ക്കുള്ള അവസരം സേന ഒരുക്കിയിരുന്നു. കടല്‍കൊള്ളക്കാരില്‍ നിന്നും കപ്പലുകളെ മോചിപ്പിക്കുക, അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുക, കപ്പലുകളില്‍ അടിയന്തര സഹായം എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
സേനയുടെ പ്രകടനം ഓരോ പൗരന്റെ മനസിലും ആത്മവിശ്വാസം ജനിപ്പിക്കുന്നതായിരുന്നുവെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. അതിരാവിലെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട സമര്‍ദ് എന്ന യുദ്ധക്കപ്പലിലായിരുന്നു ഗവര്‍ണര്‍ അഭ്യാസപ്രകടനങ്ങള്‍ വീക്ഷിച്ചത്. സക്ഷം, അര്‍ണവേഷ്, അഭിനവ് എന്നീ കപ്പലുകളും 2 ഇന്റര്‍സെപ്റ്റര്‍ ബോട്ട്, എബി ഊര്‍ജപ്രഭ, രണ്ട് അഡ്വാന്‍സ്ഡ് ഹെലികോപ്റ്ററും 2 ഡോണിയര്‍ വിമാനങ്ങളും പ്രകടനത്തില്‍ പങ്കെടുത്തു. നേരത്തെ ഐസിജിഎസിന്റെ യുദ്ധ കപ്പലായ സമര്‍ദില്‍ കോസ്റ്റ് ഗാര്‍ഡ് കേരള ആന്‍ഡ് മാഹി കമാന്‍ഡര്‍ ഡിഐജി എന്‍. രവി ഗവര്‍ണറെ സ്വീകരിച്ചു. തുടര്‍ന്ന് സെറിമോണിയല്‍ ഗാര്‍ഡ് പരേഡ് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: