Categories: India

ഭാരത് ന്യായ് യാത്രയില്‍ വണ്ടിയില്‍ മുന്‍പിലിരുന്ന് കൈവീശുന്നത് രാഹുല്‍ ഗാന്ധിയുടെ ഡ്യൂപ്പ്; ഇയാളെ ഉടന്‍ പിടിയ്‌ക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഡ്യൂപ്പിനെ ഉപയോഗിക്കുന്നുണ്ടെന്നും ഈ ഡ്യൂപ്പിനെ ജനങ്ങളുടെ മുന്‍പില്‍ കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വശര്‍മ്മ.

Published by

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഡ്യൂപ്പിനെ ഉപയോഗിക്കുന്നുണ്ടെന്നും ഈ ഡ്യൂപ്പിനെ ജനങ്ങളുടെ മുന്‍പില്‍ കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വശര്‍മ്മ. അസമിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര പോയപ്പോള്‍ പ്രധാനവാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് ജനങ്ങള്‍ക്ക് നേരേ കൈ വീശുന്നത് രാഹുല്‍ ഗാന്ധിയുടെ ഡ്യൂപ്പാണെന്നും യഥാര്‍ത്ഥ രാഹുല്‍ ഗാന്ധി ആ സമയം ഉള്ള പ‌ഞ്ച നക്ഷത്ര കൂപ്പെയിലിരുന്ന് ചായയും ബിസ്കറ്റും കഴിച്ച് കൂട്ടുകാര്‍ക്കൊപ്പം വെടി പറഞ്ഞിരിക്കുകയാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ആരോപിക്കുന്നു.
ഈ യാത്ര അസമിലൂടെ കടന്നുപോകുമ്പോള്‍ എല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും ഡ്യൂപ്പിനെ വൈകാതെ ഈ ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ അവകാശപ്പെടുന്നു. പലപ്പോഴും ഇത്രയും നാളുകള്‍ തുടര്‍ച്ചയായി, ചിലപ്പോള്‍ രാത്രിയിലും പകലും രാഹുല്‍ ഗാന്ധി ന്യായ് യാത്രയില്‍ പ്രത്യക്ഷപ്പെടുന്നതാണ് സംശയം ജനിപ്പിച്ചത്. മടിയനായ രാഹുല്‍ എത്രയൊക്കെ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഒരിയ്‌ക്കലും ഇത്രയും നേരം ഇത്തരമൊരു ബോറടിക്കുന്ന യാത്രയില്‍ പങ്കാളിയാകില്ലെന്ന് കോണ്‍ഗ്രസിലുള്ളവര്‍ക്കും അറിയാം.

അതുകൊണ്ടാണ് ഡ്യൂപ്പിനെ പലയിടങ്ങളിലും ഉപയോഗിച്ചതായി സംശയം ഉയരുന്നത്. അസമിലെ ഒരു പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് സംശയത്തിനാധാരമായത്. എട്ട് പേരുള്‍പ്പെടുന്ന ഭാരത് ന്യായയാത്രയുടെ വണ്ടി തിരക്കിട്ട് പോകുന്നു. വണ്ടിക്കുള്ളിലെ കൂപ്പെയില്‍ രാഹുല്‍ ഗാന്ധി വിശ്രമിക്കുകയാണ്. അതേ സമയം വാഹനത്തിന്റെ മുന്‍സീറ്റില്‍ രാഹുലിനെപ്പോലെ ഒരാള്‍ ഇരുന്ന് ജനങ്ങള്‍ക്ക് നേരെ കൈവീശിക്കാണിക്കുന്നു. ഈ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അസം സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയത്. ന്യായ് യാത്രയുടെ വീഡിയോ പല സിസിടിവി ക്യാമറകളിലും പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കര്‍ശനമായി പരിശോധിച്ചാല്‍ ഡ്യൂപ്പിനെ വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് ഹിമന്ത പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക