തിരുവനന്തപുരം: ശബരിമലയില്‍ യഥാർത്ഥ ഭക്തന്മാർ ആരും മാലയൂരിയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ലെന്നും അങ്ങനെ മടങ്ങിയവർ കപട ഭക്തരെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നു. ശബരിമലയെ തകർക്കാൻ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.
പോലീസ് വളരെ കൃത്യമായി ഇടപെട്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടന കാലം ദുരിതപൂര്‍ണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ എം വിന്‍സെന്റിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ചിലർ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വീഡിയോ വന്നു. കുഞ്ഞിന്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിച്ചു. എന്നാൽ സൈബർ സെൽ നടപടി കടുപ്പിച്ചപ്പോൾ പ്രചരണത്തിന് ശമനമുണ്ടായി.
വെള്ളവും ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് ചിലർ സമരം ചെയ്യുന്നത് കണ്ടു. പക്ഷേ അവരുടെ മുദ്രാവാക്യം മുഖ്യമന്ത്രിക്ക് എതിരായിരുന്നുവെന്നും അത്തരം സമരക്കാരുടെ ലക്ഷ്യം എന്തെന്ന് മനസിലാക്കാമെന്നും കെ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. പോലീസ് ഇടപെടൽ ശരിയായ രീതിയിൽ ആണെന്ന അഭിപ്രായമാണ് സർക്കാരിനുള്ളതെന്നും പോലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം വേറെയാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല മാസ്റ്റർ പ്ലാനിന്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ഇത് കൂടാതെ നിരവധി പദ്ധതികൾ പലപദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ ഭൂമി ലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: