ഇസ്ലാമാബാദ്: തോഷാഖാന അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയെയും പതിനാല് വർഷം തടവിന് ശിക്ഷിച്ചു.തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാൻ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് ബഷീറാണ് വിചാരണ നടത്തിയത്. സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പത്ത് വർഷം ജയിൽ തടവ് ശിക്ഷ വിധിച്ചതിന് തൊട്ടടുത്ത ദിവസമാണ് പുതിയ ശിക്ഷാ വിധി വന്നിരിക്കുന്നത്.
ഖാനെയും ഭാര്യയെയും 10 വർഷത്തേക്ക് ഔദ്യോഗിക നിർവഹണം വഹിക്കുന്നതിൽ നിന്ന് വിലക്കുകയും 787 ദശലക്ഷം രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. അതേസമയം ബുഷ്റ ബീബി ബുധനാഴ്ച കോടതിയിൽ ഹാജരായില്ല. 49 കാരിയായ ബുഷ്‌റ ബീബി കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം അഡിയാല ജയിലിൽ എത്തി അറസ്റ്റ് വരിച്ചോളാമെന്ന് പറഞ്ഞു.
ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയും അധികാരത്തിലിരുന്നപ്പോൾ വിലകൂടിയ സർക്കാർ സമ്മാനങ്ങൾ കൈവശം വച്ചതായിരുന്നു കുറ്റം. റിപ്പോർട്ടുകൾ പ്രകാരം ഖാനും ഭാര്യയും വിവിധ രാഷ്‌ട്രത്തലവന്മാരിൽ നിന്ന് 108 സമ്മാനങ്ങൾ സ്വീകരിച്ചു, അതിൽ 58 സമ്മാനങ്ങൾ അവർ സൂക്ഷിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നേരത്തെ 2018 ജൂലൈയിൽ മറ്റൊരു മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും ഈ കേസിൽ ജഡ്ജി ശിക്ഷിച്ചിരുന്നു.
അതേ സമയം ജുഡീഷ്യറിയുടെ ബഹുമാനം താഴ്‌ത്താൻ മാത്രമാണ് ഈ വിധി ഉപകരിച്ചതെന്ന് വിധിയോട് പ്രതികരിച്ച് പിടിഐയുടെ നിലവിലെ മേധാവി ഗോഹർ ഖാൻ പറഞ്ഞു. പ്രതികൾക്ക് സമയം നൽകിയില്ലെന്നും വിചാരണ പൂർത്തിയാക്കാൻ നടപടികൾ തിടുക്കത്തിലാക്കി. കൂടാതെ പ്രതിഭാഗത്തിന് ക്രോസ് വിസ്താരത്തിനുള്ള അവകാശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2022ൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഖാന്റെ മൂന്നാമത്തെ ശിക്ഷയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: