ന്യൂദല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ബുധനാഴ്ച തുടങ്ങും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും.
വ്യാഴാഴ്ച ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കും. അടുത്ത മാസം 9 വരെ സമ്മേളനം തുടരും.
അതേസമയം, സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു. എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ന്യൂദല്‍ഹിയില്‍ നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇരുസഭകളിലും നടപടികള്‍ സുഗമമായി നടത്തുന്നതിന് സര്‍ക്കാരുമായി സഹകരിക്കണമെന്നും പ്ലക്കാര്‍ഡുകള്‍ കൊണ്ടുവരരുതെന്നും അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ സസ്പെന്‍ഡ് ചെയ്ത എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ലോക്സഭയുടെയും രാജ്യസഭയുടെയും പ്രിസൈഡിംഗ് ഓഫീസര്‍മാരോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഫെഡറല്‍ ഘടനയ്ക്കെതിരായ നടപടികള്‍ യോഗത്തില്‍ ഉന്നയിച്ചതായി കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസും നിരവധി പ്രതിപക്ഷ പാര്‍ട്ടികളും രാജ്യത്തെ തൊഴിലില്ലായ്മ, പണപ്പെരുപ്പം, വര്‍ദ്ധിച്ചുവരുന്ന കടം തുടങ്ങിയ പ്രശ്നങ്ങള്‍ വരാനിരിക്കുന്ന സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, പിയൂഷ് ഗോയല്‍, അര്ജുന് റാം മേഘ്വാള്, കോണ്‍ഗ്രസ് നേതാക്കളായ പ്രമോദ് തിവാരി, കെ സുരേഷ്, ടിഎംസി നേതാക്കളായ സുദീപ് ബന്ദ്യോപാധ്യായ, സുഖേന്ദു ശേഖര്‍ റേ, ജെഡിയു നേതാവ് രാംനാഥ് താക്കൂര്‍, ഡിഎംകെ നേതാവ് ടി ആര് ബാലു, സിപിഐ എം നേതാവ് പി ആര് നടരാജന് , ശിവസേന നേതാവ് രാഹുല്‍ ഷെവാലെ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: