റായ്പൂര്‍ :ഛത്തീസ്ഗഡിലെ ബീജാപൂര്‍-സുക്മ അതിര്‍ത്തിയില്‍ മാവോയിസ്റ്റ്
ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഭടന്മാര് വീരമൃത്യു വരിക്കുകയും 14പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുക്മ ജില്ലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതിനും നക്സല്‍ പ്രവര്‍ത്തനം തടയുന്നതിനായും ബീജാപൂര്‍-സുക്മ അതിര്‍ത്തി ഗ്രാമമായ തെക്കല്‍ഗുഡെമില്‍ ഇന്ന് പുതിയ സുരക്ഷാ ക്യാമ്പ് സ്ഥാപിച്ചു. ഇതിന് ശേഷം, ജോനഗുഡ-അലിഗുഡ മേഖലയില്‍ നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കോബ്രാ/എസ്ടിഎഫ്/ഡിആര്‍ജി സേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകള്‍ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ 14 സുരക്ഷാഭടന്മാരെയും വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം റായ്പൂരിലെത്തിച്ചു.
പ്രധാന നക്സല്‍ മേഖലയായി കണക്കാക്കുന്ന ജില്ലയില്‍ വനത്തിനുള്ളില്‍ സുരക്ഷാ സേന ഈ മാസം ആദ്യം രണ്ട് ക്യാമ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇതോടെ റിപ്പബ്ലിക് ദിനത്തില്‍, സുക്മ-ബിജാപൂര്‍ മേഖലയില്‍ ആദ്യമായി ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ നക്സല്‍ തീവ്രവാദം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തിയിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: