Categories: Kerala

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂര്‍ത്തും കെടുകാര്യസ്ഥതയുമെന്ന് വി ഡി സതീശന്‍, സംസ്ഥാനം സ്തംഭിക്കുന്ന അവസ്ഥയില്ലെന്ന് കെ.എന്‍.ബാലഗോപാല്‍

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സപ്ലൈകോയ്‌ക്ക് ആറ് മാസമായി പണം നല്‍കിയിട്ടില്ല. പഞ്ചായത്തില്‍ പുല്ല് വെട്ടിയാല്‍ പോലും പണം കൊടുക്കാനാവില്ല. ട്രഷറി പൂട്ടി താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്. ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതിയാണ്. പെന്‍ഷന്‍ കുടിശ്ശിക കിട്ടാതെ ഒരുലക്ഷം പെന്‍ഷന്‍കാരാണ് മരിച്ചത്.

ധനമന്ത്രി സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി. ജിഎസ്ടി ഉദ്യോഗസ്ഥര്‍ വെറുതെയിരിക്കുന്നു. എ.കെ.ആന്റണി മുണ്ടുമുറുക്കി ഉടുക്കാന്‍ പറഞ്ഞത് നായനാര്‍ ഭരണത്തിനുശേഷമാണ്. ഇന്നത്തെ സ്ഥിതി അതിലും ഭീകരമാണ്. നിയമസഭയില്‍ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചുളള അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വി.ഡി.സതീശന്‍ .

എന്നാല്‍,കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.സംസ്ഥാനം സ്തംഭിക്കുന്ന അവസ്ഥയില്ല.
ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുകയല്ല. എല്ലാ ചെലവുകള്‍ക്കും പണംനല്‍കി. കേന്ദ്രത്തില്‍ നിന്ന് 57,000 കോടി രൂപ കിട്ടാനുണ്ട്. ചര്‍ച്ചയില്‍ കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും നികുതി വരുമാനം രണ്ടുവര്‍ഷം കൊണ്ട് 47,000 കോടിയില്‍ നിന്ന് 71,000 കോടിയായെന്നും ധനമന്ത്രി പറഞ്ഞു.

ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. തുടര്‍ന്ന് പ്രമേയം തളളുന്നതായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക