ന്യൂദല്‍ഹി : കടല്‍ക്കൊള്ളക്കാരില്‍ നിന്നും പാക്കിസ്ഥാന്‍കാരായ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവിക സേന. സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാനിയന്‍ പതാകയുള്ള മത്സ്യബന്ധന കപ്പലായ എഫ്വി അല്‍ നയീമി എന്ന കപ്പലിലെ പാക്കിസ്ഥാന്‍കാരായ 19 ജീവനക്കാരെയാണ് നാവികസേനയുടെ സമയോചിത ഇടപെടലില്‍ രക്ഷിക്കാനായത്.
ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ തടഞ്ഞ നാവികസേന അവരെ സമര്‍ത്ഥമായി പിടികൂടുകയും, കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയ ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു. ഇവര്‍ ആരോഗ്യവാന്മാരാണെന്നും ഇന്ത്യന്‍ സൈന്യം ഉറപ്പുവരുത്തുകയും പ്രാഥമിക ചികിത്സയും ഉറപ്പാക്കി.
36 മണിക്കൂറിന്റെ ഇടവേളക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ നാവികസേന വിദേശ കപ്പല്‍ മോചിപ്പിക്കുന്നത്. ഇതിനു മുമ്പ് ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ ഇമാനും ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചിരുന്നു. ഈ കപ്പലില്‍ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചി തീരത്തു നിന്ന് ഏകദേശം 1,200 കിലോമീറ്റര്‍ അകലെവച്ചാണ് കപ്പല്‍ തട്ടിയെടുത്തത്. കടല്‍ക്കൊള്ളക്കാര്‍ കപ്പലിനുള്ളില്‍ കടന്ന് ജീവനക്കാരെ ബന്ദികളാക്കിയിരുന്നു. അപായസന്ദേശം ലഭിച്ചതിനു പിന്നാലെ ഐഎന്‍എസ് സുമിത്ര എന്ന യുദ്ധക്കപ്പലെത്തി ജീവനക്കാരെ മോചിപ്പിച്ചു. കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത 6 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെയും ഇന്ത്യയുടെ പിന്തുണയോടെ ശ്രീലങ്ക മോചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: