Categories: Kollam

അനീഷ്യയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടും അന്വേഷണത്തില്‍ മെല്ലപ്പോക്ക്

Published by

കൊല്ലം: പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അനീഷ്യ ആത്മഹത്യ ചെയ്ത കേസ് സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറി അഞ്ചുദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ മെല്ലപ്പോക്ക്.

ജനുവരി 21നാണ് അനീഷ്യയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പരവൂര്‍ കോടതിയിലെ മറ്റൊരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള ശബ്ദസന്ദേശവും 19 പേജുള്ള അനീഷ്യയുടെ അത്മഹത്യ കുറിപ്പും പുറത്തു വന്നിരുന്നു.
ഇതേ തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) 23ന് അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പോസിക്യൂഷന്‍ കെ. ഷീബയ്‌ക്കാണ് അന്വേഷണ ചുമതല.

ബാര്‍ അസോസിയേഷന്‍, അഭിഭാഷക പരിഷത്ത്, ബിജെപി തുടങ്ങി വിവിധ സംഘടനകള്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അന്വേഷണം കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിനു കൈമാറി 24ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാര്‍ ഉത്തരവിറക്കി. എസിപി സക്കറിയമാത്യുവിനാണ് അന്വേഷണ ചുമതല.

എന്നാല്‍, കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ പരവൂര്‍ പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനോ, അന്വേഷണത്തിന് തുടക്കമിടാനോ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. അന്വേഷണം ഏറ്റെടുത്തോ, എന്നചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന്‍ എസിപി തയ്യാറാകുന്നില്ല. ആരോപണ വിധേയരായ എപിപി ശ്യാം, ഡിഡിപി അബ്ദുള്‍ ജലീല്‍
എന്നിവര്‍ക്ക് സംസ്ഥാന മന്ത്രിസഭയിലെ ചിലരുമായി അടുപ്പമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. സജീവ സിപിഎം പ്രവര്‍ത്തകനായ ജില്ലാ കോടതി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.വിനോദ് അനീഷ്യയെ ഭീഷണിപ്പെടുത്തിയതായുള്ള വിവരവും പുറത്തു വന്നിരുന്നു.

അതിനാല്‍ കേരളത്തിലെ ഏത് ഏജന്‍സി അന്വേഷിച്ചാലും കേസ് അട്ടിമറിക്കപ്പെടുമെന്ന ബിജെപിയുടെ ആരോപണം ശരിവയ്‌ക്കുന്ന രീതിയിലാണ് അന്വേഷണത്തിന്റെ പോക്ക്. അന്വേഷണത്തില്‍ ഇടപെടല്‍ നടത്തുന്നതായി ഇടതുപക്ഷത്തിനെതിരെ അഭിഭാഷകരുടെ ഭാഗത്തു നിന്നുവരെ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ ഇടത് അനുകൂല സംഘടനയായ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ വിശദീകരണവുമായെത്തി.

ആരോപണവിധേയരായ എപിപി ശ്യാം, ഡിഡിപി അബ്ദുള്‍ ജലീല്‍ എന്നിവര്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഒരു കാലത്തും ബന്ധം പുലര്‍ത്തിയിട്ടില്ലെന്നും ശ്യാം യൂത്ത് കോണ്‍ഗ്രസ് കിളിമാനൂര്‍ ബ്ലോക്ക് സെക്രട്ടറിയായി മുന്‍പ് പ്രവര്‍ത്തിച്ചിരുന്നെന്നും ലോയേഴ്‌സ് യൂണിയന്‍ പറയുന്നു. കുണ്ടറ ജോസ് എന്ന അഭിഭാഷകന്‍ വി.വിനോദിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വ്യക്തിവിരോധം തീര്‍ക്കുകയാണ് ജോസ്. ആരോപണങ്ങള്‍ അനീഷ്യയുടെ സഹോദരന്‍ തള്ളിക്കളഞ്ഞതായും ലോയേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഓച്ചിറ എന്‍. അനില്‍കുമാര്‍, സെക്രട്ടറി അഡ്വ. പി.കെ. ഷിബു എന്നിവര്‍ ഇറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by