കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിട്ടാന്‍ സാധ്യതയുള്ള സീറ്റിനെചൊല്ലി യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. കോട്ടയം ലോക്സഭാ മണ്ഡലമാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസുമായി നടന്ന സീറ്റ് ചര്‍ച്ചയില്‍ ഇതിനായി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ആദ്യ ചര്‍ച്ചയില്‍ തന്നെ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് വിവരം. സീറ്റ് കിട്ടാനുള്ള സാധ്യത വര്‍ദ്ധിച്ചതോടെ മത്സരിക്കാന്‍ താല്പര്യവുമായി കൂടുതല്‍ പേര് രംഗത്തുവരുന്നത് കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ പ്രതിസന്ധിയായി.
വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം. പി.ജെ. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവരുടെ പേരുകളാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പി.ജെ. ജോസഫ് താത്പര്യം പ്രകടിപ്പിക്കാതെ വന്നതോടെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്ന നിലയിലേക്ക് എത്തി. ഇതിന് പിന്നാലെ കെ.എം. മാണിയുടെ മരുമകന് എം.പി. ജോസഫ്, വര്‍ക്കിങ് ചെയര്മാന് പി.സി. തോമസ് എന്നിവരുടെ പേരുകളും മുന്നോട്ട് വന്നു. ഏറ്റവുമൊടുവില്‍ സീറ്റിന് അവകാശം ഉന്നയിച്ച് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും രംഗത്തുവന്നതോടെ തര്‍ക്കം രൂക്ഷമായി. ഫ്രാന്‍സിസ് ജോര്‍ജ്ജിനെ സ്ഥാനാര്ത്ഥിയാക്കുന്നതിനേണ്ടാടാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനും താല്പര്യം. എന്നാല്‍ എം.പി. ജോസഫ് സീറ്റിനായി കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജും പി.സി. തോമസും മുന്‍ എംപിമാരാണ്.
ഫ്രാന്‍സിസ് ജോര്‍ജ്ജിനെതിരെ ഒരു വിഭാഗം രംഗത്തുവന്നതോടെ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിന്റെ പേരും പരിഗണനയില്‍ വന്നിരുന്നു. എന്നാല്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ പി.ജെ. ജോസഫുകൂടി ഉള്‍പ്പെട്ട കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച മണ്ഡലമാണ് കോട്ടയം. പിന്നീട് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് ചുവടുമാറ്റി.
ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെങ്കിലും കേരള കോണ്‍ഗ്രസ് എം കോട്ടയം ഉറപ്പിച്ചമട്ടാണ്. നിലവിലെ എംപി തോമസ് ചാഴിക്കാടന് തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിലും സ്ഥാനാര്‍ത്ഥിയെ ചൊല്ലി എതിര്‍പ്പ് ഉയരുന്നുണ്ട്. ചാഴിക്കാടനെ നിര്‍ത്തിയാല്‍ വിജയ സാധ്യതയില്ലെന്നും ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്നുമാണ് ഇവരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: