ന്യൂദല്‍ഹി : ഉത്തര്‍പ്രദേശില്‍ മഥുര ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്ന ഷാഹി ഈദ്ഗാഹിലെ സര്‍വേക്കുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി.പള്ളിയില്‍ സര്‍വേയ്ക്ക് കമ്മീഷ്ണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവാണ് നിലവില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുളളത്.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഇനി എപ്രിലില്‍ കോടതി പരിഗണിക്കും. ഷാഹി ഈദ്ഗാഹ് പരിസരത്ത് കോടതിയുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താനായിരുന്നു അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനായി മൂന്ന് അഭിഭാഷകരെ നിയോഗിക്കുകയും ചെയ്തു.
പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ ചിഹ്നങ്ങളുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹൈന്ദവ വിഭാഗം നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വെ ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം, പള്ളിയില്‍ ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വെ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ മറ്റൊരു ഹര്‍ജി കോടതികളുടെ പരിഗണനയിലാണെന്നും അതിനാല്‍ പൊതുതാല്പര്യ ഹര്‍ജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: