Categories: Article

ഭഗവദ്ഗീതയ്‌ക്ക് ഭാഷാവൃത്തത്തില്‍ പരിഭാഷ നല്‍കിയ കവിയാണ് മുതുകുളം പാര്‍വതിയമ്മ; പ്രതിഭാശാലിയായ കവി

Published by

പൊതുരംഗത്ത് സ്ത്രീകള്‍ മുന്നോട്ടുവരാതിരുന്ന കാലത്ത്, കഠിനപ്രയത്‌നവും അതുല്യ പ്രതിഭാശാലിത്വവും കൊണ്ട് കേരളത്തിലെ സാമൂഹിക രാഷ്‌ട്രീയസാഹിത്യ മേഖലകളില്‍ വ്യതിരിക്തമായ സാംസ്‌കാരിക വ്യക്തിത്വം പ്രകടിപ്പിച്ച വനിതാരത്‌നമാണ് മുതുകുളം പാര്‍വതി അമ്മ. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ സമുജ്വല പ്രവര്‍ത്തകയും സംഘാടകയുമായിരുന്നു അവര്‍. ഇന്നലെ ആ മഹതിയുടെ 120-ാം ജയന്തിയായിരുന്നു.

ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും ഭഗവത്ഗീതയും അവരുടെ ജീവിതത്തെ അഗാധമായി സ്പര്‍ശിച്ചു. എന്നല്ല, പാര്‍വതി അമ്മയുടെ ദര്‍ശനത്തെ ഉരുത്തിരിച്ചെടുത്തത് ഈ ത്രിമൂര്‍ത്തികളുടെ സ്വാധീനമാണ്. ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളിലേക്കുള്ള താക്കോല്‍ വാക്കായി ശ്രീനാരായണ ഗുരുവിനെ അവര്‍ വിലയിരുത്തി. ഗുരുവിലൂടെ ഭാരതീയ ദാര്‍ശനികപാരമ്പര്യത്തെ ആഴത്തിലറിഞ്ഞു. അതിനായി അവര്‍ സംസ്‌കൃത ഭാഷയെ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. ഗുരുവിന്റെ ആശിസ്സോടെ അവര്‍ ഭഗവദ്ഗീതയ്‌ക്കു ഭാഷാന്തരം നിര്‍വ്വഹിച്ചു തുടങ്ങി. സുവ്യക്തവും സുന്ദരവുമായ ഭാഷയില്‍ അവര്‍ ആ കൃത്യം പൂര്‍ത്തീകരിച്ചു. എങ്കിലും 1959ല്‍ മാത്രമാണ് അത് പുസ്തകരൂപത്തില്‍ പ്രകാശിപ്പിക്കാനായത്. ഭാരതീയ ദര്‍ശനങ്ങളിലുള്ള ആഴമേറിയ അറിവ് ഇക്കാര്യത്തില്‍ പാര്‍വ്വതിയമ്മയ്‌ക്കു തുണയായി. ഭഗവത് ഗീതയ്‌ക്ക് നീരാണത്തു മാധവ പണിക്കരുടെ വിവര്‍ത്തനത്തിനുശേഷം മണിപ്രവാളത്തിലോ കിളിപ്പാട്ട് പോലുള്ള ദ്രാവിഡവൃത്തങ്ങളിലോ ഗദ്യത്തിലോ ശ്രദ്ധേയമായ വിവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. അതിനാല്‍ തന്നെ പാര്‍വതി അമ്മയുടെ ഗീതാ വിവര്‍ത്തന പരിശ്രമത്തെ ഒരു മഹോദ്യമം എന്നാണ് ഡോ.എം. ലീലാവതി വിശേഷിപ്പിച്ചത്.

‘ഭഗവത്ഗീതയ്‌ക്ക് പാര്‍വതി അമ്മ എഴുതിയ വിവര്‍ത്തനം പ്രത്യേകം പഠിക്കേണ്ട ഒരു കൃതിയാണ്. കാവ്യ രചനാസാമര്‍ത്ഥ്യത്തോടൊപ്പം, ചിന്താശീലവും വേദാന്ത പരിചയവും സംസ്‌കൃത ഭാഷയില്‍ നല്ല വ്യുല്പത്തിയും ഉള്ളവര്‍ക്കുമാത്രം ഏറ്റെടുക്കാവുന്ന ഒരു കൃത്യമാണ് ഭഗവത്ഗീത വിവര്‍ത്തനം. നിരണം പണിക്കരുടെ ഭക്ത പാരമ്പര്യം അനുവര്‍ത്തിക്കാന്‍ കേരളത്തില്‍ പിന്നീട് ഒരാള്‍ വന്നത് പാര്‍വതി അമ്മയെയത്രേ എന്നാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിലയിരുത്തല്‍.

പാര്‍വതി അമ്മയുടെ ഓരോ രചനയിലും മതപരമായ വീക്ഷണങ്ങള്‍ തുടിച്ചു നിന്നു. ദാര്‍ശനിക വിചാരങ്ങളെ കാവ്യ വിഷയങ്ങളില്‍ അതിവിദഗ്ധമായി അവര്‍ വിലയിപ്പിച്ചിരുന്നു. കവിയുടെ ഉന്നതമായ പദപ്രയോഗ സാമര്‍ത്ഥ്യവും ഭാവനയും അതിന് അവരെ സഹായിച്ചു. പാര്‍വ്വതിയമ്മയിലെ ഭാരതീയ സ്വാധീനത്തെ യുക്തിവാദികളെയും നിരീശ്വരവാദികളെയും ഒട്ടും അലോസരപ്പെടുത്തിയിരുന്നില്ല. ഇടമറുക് വിലയിരുത്തല്‍ അതിനു തെളിവാണ്. അദ്ദേഹം പറഞ്ഞു: ‘മതപരമായ അവരുടെ വീക്ഷണഗതികള്‍ ഒട്ടുമുക്കാലും കൃതികളില്‍ പ്രകാശിപ്പിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അത് വിരസമായി തീര്‍ന്നിട്ടില്ല’.

രാഷ്‌ട്രത്തിന്റെ അസ്മിതയോടു വ്യക്തികളെ വിളക്കിച്ചേര്‍ക്കാന്‍ രാഷ്‌ട്രഭാഷയ്‌ക്കു കഴിയുമെന്ന് പാര്‍വതി അമ്മ ഉറച്ചു വിശ്വസിച്ചു. അതിനാല്‍ അവര്‍ ഹിന്ദി പഠിച്ചു, പഠിപ്പിച്ചു. മഹാത്മജിയെ നേരിട്ടു കാണുകയും സംസാരിക്കുകയും ചെയ്തതുവഴി ജീവിതത്തില്‍ ലാളിത്യം പ്രായോഗികമാക്കാന്‍ അവര്‍ പഠിച്ചു. ജീവിതത്തിലുടനീളം അത് പാലിക്കുകയും ചെയ്തു. സ്വര്‍ണാഭരണങ്ങള്‍ ഉപേക്ഷിക്കുകയും ഖദര്‍വസ്ത്രം ധരിക്കുന്നത് ജീവിതാവസാനം വരെ തുടരുകയും ചെയ്തു. മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സാഹിത്യത്തെ ഉപയോഗപ്പെടുത്തുന്നതിനും അവള്‍ അവര്‍ പരിശ്രമിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് പ്രബന്ധങ്ങള്‍ എഴുതി പ്രചരിപ്പിച്ചു.

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ മുതുകുളത്തിന് തെക്കു പടിഞ്ഞാറുള്ള തട്ടക്കാട്ടുശ്ശേരിയില്‍ രാമപ്പണിക്കരുടെയും ആറാട്ടുപുഴ നല്ലാണിക്കല്‍ കണ്ടത്തില്‍ വെളുമ്പിയമ്മയുടെയും ഇളയ മകളായി 1079 മകരം പതിനഞ്ചാം തീയതി (1904 ജനുവരി 28) വ്യാഴാഴ്ച മകയിരം നക്ഷത്രത്തിലാണ് മുതുകുളം പാര്‍വതി അമ്മ ജനിച്ചത്. ജ്യോതിഷ പണ്ഡിതന്‍ കൂടിയായ രാമപ്പണിക്കര്‍ ഉല്പതിഷ്ണുവായ ഒരാളായിരുന്നു. തീണ്ടലും തൊടിയിലും നിലനിന്നിരുന്ന കാലത്തും രാമായണവും ഭാരതവും പകര്‍ത്തിയെഴുതി പലര്‍ക്കും സംഭാവന ചെയ്തു. മകളുടെ സ്വഭാവരൂപീകരണത്തില്‍ പിതാവിന്റെ സ്വാധീനം വലുതായിരുന്നു. വാഗ്‌ദേവിയുടെ അനുഗ്രഹത്തിന് മകള്‍ പാത്രമായിത്തീരുമെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. പാര്‍വതിയുടെ ഒന്നര വയസ്സില്‍ അച്ഛന്‍ അന്തരിച്ചു.

ക്ലേശപൂര്‍ണ്ണമായിരുന്നു അവരുടെ തുടര്‍ന്നുള്ള ജീവിതം. അച്ഛന്റെ ഓഹരിയായി ലഭിക്കേണ്ട കുടുംബ വിഹിതം അന്നത്തെ ദായകര്‍മ്മം അനുസരിച്ച് അവര്‍ക്കു ലഭിക്കാന്‍ സാധ്യതയില്ലായിരുന്നു. അതിനാല്‍ തട്ടക്കാട്ടുശ്ശേരിയില്‍നിന്നും താമസം മാറേണ്ടിവന്നു. നേരത്തെ സമ്പാദിച്ചിരുന്ന അല്പം സ്വത്തും ഒരു ചെറിയ വീടും അവര്‍ക്കഭയമായിത്തീര്‍ന്നു. അമ്മയും സഹോദരനും ആയിരുന്നു പാര്‍വതിയുടെ അഭ്യുദയത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്. വീട്ടിലെ പ്രയാസങ്ങളറിയിക്കാതെ സഹോദരന്‍ പാര്‍വ്വതിയെ വളര്‍ത്തി. മുതുകുളം വാരണപ്പള്ളി പ്രൈമറി സ്‌കൂള്‍, കീരിക്കാട് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പാര്‍വതി അമ്മയുടെ പ്രാഥമിക വിദ്യാഭ്യാസം. കറുത്തു മെലിഞ്ഞ പാര്‍വതിയെ ജാതിയുടെ പേരില്‍ അടുത്തിരുത്താന്‍ സവര്‍ണ്ണ വിദ്യാര്‍ഥിനികള്‍ ഇഷ്ടപെട്ടില്ല. നിയമം അനുവദിക്കുന്നതുകൊണ്ടു മാത്രമാണ് അവര്‍ക്ക് ക്ലാസ്സില്‍ തുടരാനായത്.

മഹാപണ്ഡിതന്മാരായ ചേപ്പാട് അച്യുതവാരിയര്‍, ചാലില്‍ വേലുവാശാന്‍, പത്മനാഭപ്പണിക്കര്‍ എന്നിവരില്‍ നിന്ന് സംസ്‌കൃതം പഠിച്ചു. ശ്രീരാമോദന്തം മുതല്‍ കുമാരസംഭവം രഘുവംശം മാഘം വരെയുള്ള സംസ്‌കൃത കാവ്യങ്ങള്‍ അഭ്യസിച്ചതോടെ പാര്‍വതി പണ്ഡിതയായി. ഇത് പില്‍ക്കാലത്ത് കാവ്യരചനയെ പുഷ്‌കലമാക്കാന്‍ സഹായിച്ചു. കൊല്ലം വി.എച്ച് സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ മേരി ജോണ്‍ തോട്ടം, മുണ്ടക്കല്‍ ലക്ഷ്മി, മയ്യനാട് ലക്ഷ്മി എന്നീ കവയിത്രികളുമായി പരിചയപ്പെട്ടു. അവര്‍ പരസ്പരം കത്തുകള്‍ എഴുതിയിരുന്നത് പദ്യത്തില്‍ ആയിരുന്നു. ഒമ്പതാം ക്ലാസ് ജയിച്ച ശേഷം പാര്‍വതി അദ്ധ്യാപകവൃത്തി സ്വീകരിച്ചു. പിന്നെ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്വാന്‍ പരീക്ഷയും പാസായി. ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളില്‍ സാമാന്യജ്ഞാനവും ഇവര്‍ ഇതിനകം സമ്പാദിച്ചിരുന്നു.

മുതുകുളം പാര്‍വതി അമ്മ ആദ്യം എഴുതിയ കവിത ‘യഥാര്‍ത്ഥ ജീവിതം’ ആണ്. ജീവിതത്തിന്റെ ക്ഷണികതയെ പറ്റിയും ലോക ഗതിയെപ്പറ്റിയും ആയിരുന്നു പ്രതിപാദ്യം. വിവേകോദയത്തില്‍ എഴുതിയ ‘സ്വപ്‌നദര്‍ശനം’ എന്ന കവിത മഹാകവി കുമാരനാശാനെ പോലും അത്ഭുതപ്പെടുത്തി. ശ്രീനാരായണ ഗുരുവിന്റെ 68-ാം പിറന്നാള്‍ ദിവസമാണ് പാര്‍വതി അമ്മ അദ്ദേഹത്തെ ആദ്യമായി നേരില്‍ കണ്ടത്. ‘എഴുത്തച്ഛന് ശേഷം ഇത്ര അനര്‍ഗളമായി പ്രവഹിക്കുന്ന കിളിപ്പാട്ട് അപൂര്‍വ്വമായിട്ടേ കേട്ടിട്ടുള്ളൂ’ എന്നായിരുന്നു കവിയുടെ മംഗളപത്രം കേട്ടതിനു ശേഷമുള്ള ഗുരുവിന്റെ പ്രതിവചനം. അക്കാലം മുതല്‍ ഗുരുവിനോടുള്ള അചഞ്ചലമായ ഭക്തിയും വിശ്വാസവും അവര്‍ ഹൃദയത്തില്‍ സൂക്ഷിച്ചു. ഗുരുവിന്റെ ജീവകാരുണ്യവും ജാതിമതഭേദമില്ലായ്മയും കവിയെ വളരെയധികം സ്വാധീനിച്ചു. കവിതയില്‍ അവയൊക്കെ നിഴലിക്കുകയും ചെയ്തു. ഛന്ദോബദ്ധമായ കവിതയില്‍ വിശ്വാസമര്‍പ്പിച്ച തലമുറയായിരുന്നു മുതുകുളം പാര്‍വതിയമ്മയുടേത്.

പ്രതിഭാശാലിയായ കവിയെന്ന നിലയില്‍ പ്രസിദ്ധയായ പാര്‍വതി അമ്മയുടെ രചനാ വൈഭവവും പരിഭാഷയിലുള്ള അനിതരസാധാരണമായ നന്മയീഭാവവും പ്രശംസനീയമായിരുന്നു. കുമാരനാശാന് പൂര്‍ത്തിയാക്കാനാവാതെ വന്ന, സര്‍ എഡ്വിന്‍ ആള്‍നോഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’യുടെ ഉത്തരാര്‍ദ്ധത്തിനു(ആറും ഏഴും എട്ടും കാണ്ഡങ്ങള്‍)നല്‍കിയ വിവര്‍ത്തനം ഇതിനു മികച്ച ദൃഷ്ടാന്തമാണ്. 1956ല്‍ കേരള സാഹിത്യ അക്കാദമി രൂപീകൃതമായപ്പോള്‍ പാര്‍വതി അമ്മ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. അര്‍ഹമാംവിധം അവര്‍ അവിടെ പ്രവര്‍ത്തിച്ചു. അഞ്ചുവര്‍ഷം കഴിഞ്ഞ് പുനഃസംഘടിപ്പിക്കപ്പെട്ടപ്പോഴും അവര്‍ തുടര്‍ന്നു. 1977 സപ്തംബര്‍ 16ന് മുതുകുളം പാര്‍വതി അമ്മ അന്തരിച്ചു.

മരണാനന്തരം കാല്‍ നൂറ്റാണ്ടോളം അവര്‍ വിസ്മൃതിയുടെ ലോകത്തായിരുന്നു. ഇതിനകം സാംസ്‌കാരികരംഗത്ത് അധീശത്തം സ്ഥാപിച്ച ഇടതുപ്രത്യയശാസ്ത്ര വക്താക്കള്‍ പാര്‍വതിയമ്മയെപ്പോലെ ദേശീയതയോടുകൂറുപുലര്‍ത്തിയ മഹാവ്യക്തിത്വങ്ങളെ മറവിയില്‍ തള്ളിയതിന്റെ ഫലമായിരുന്നു അത്. 1999 ഡിസംബര്‍ പതിനൊന്നാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ട പാര്‍വതി അമ്മ സ്മാരക ട്രസ്റ്റ് നിലവില്‍ വന്നതോടെ അവര്‍ വീണ്ടും സാഹിത്യ ലോകത്ത് ചര്‍ച്ചയായി. ഓരോ വര്‍ഷവും എഴുത്തുകാരിളുടെ മികച്ച സാഹിത്യ രചനകള്‍ക്ക് ട്രസ്റ്റ് മുതുകുളം പാര്‍വതിയമ്മ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ പുരസ്‌കാരം മാത്രമാണ്, അവരുടെ രചനകള്‍ കൂടാതെ, ഇന്ന് പാര്‍വതി അമ്മയ്‌ക്കുള്ള ഏക സ്മാരകം. പാര്‍വതിയമ്മയെപ്പോലുള്ളവരെ ഉചിതമായി അനുസ്മരിക്കാന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് തീര്‍ച്ചയായും ബാധ്യതയുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by