ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു, റിപ്പബ്ലിക് ദിന പരേഡും കണ്ടു രാജപ്പന് ചേട്ടന് ഹാപ്പി. വേമ്പനാട്ടുകായലിന്റെ കാവല്‍ക്കാരനായ കുമരകം സ്വദേശി രാജപ്പന് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണിതാവായാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തത്.
പരേഡും ദല്‍ഹിയും എല്ലാം രാജപ്പന് ഇഷ്ടമായി. നാട്ടില്‍ ചെന്ന് കൂട്ടുകാരോട് പറയാന്‍ കുറെ കഥകളുമായി. പ്രധാനമന്ത്രിയെ നേരില്‍ കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു അതു സാധിച്ചു. എല്ലാം ഭാഗ്യമായി കരുതുന്നു, ദൈവത്തിന്റെ അനുഗ്രഹം. അതിനുള്ളൊരു വഴി ദൈവംതന്നെ കാണിച്ചു തന്നതാകാമെന്നും രാജപ്പന് ജന്മഭൂമിയോട് പറഞ്ഞു.
തന്റെ ഫോട്ടോയെടുത്ത് തന്നെ കുറിച്ച് പുറംലോകത്തെയറിയിച്ച നന്ദുവിനോട് വരുന്നതിനുമുമ്പ് പറയാന്‍ കഴിഞ്ഞില്ലെന്ന് വിഷമം. ചാണക്യപുരി അശോക ഹോട്ടലിലിലെ മുറിയിലിരുന്ന് വീഡിയോ കോളിലൂടെ നന്ദുവുമായി സംസാരിച്ചപ്പോഴാണ് രാജപ്പന് സമാധാനമായത്. വിമാനയാത്ര വിചാരിച്ചത്ര കുഴപ്പമുണ്ടായിരുന്നില്ല. ദല്‍ഹിയിലെ തണുപ്പാണ് കുറച്ച് പ്രശ്നം. ക്ഷണി ച്ചാല്‍ ഇനിയും പരേഡ് കാണാന്‍ എത്തുമെന്നും രാജപ്പന് കൂട്ടിച്ചേര്‍ത്തു. മുന്‍ഗ്രാമപഞ്ചായത്ത് അംഗമായ അഡ്വ. ജോഷി ചീപ്പുങ്കലാണ് സഹായത്തിനായി രാജപ്പനൊപ്പം ദല്‍ഹിയിലെത്തിയത്.
ദല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ യുവ കൈരളി സൗഹൃദവേദി പ്രവര്‍ത്തകര്‍ രാജപ്പനെ ആദരിച്ചു. വൈസ് പ്രസിഡന്റ് എ. സഞ്ജയ് പൊന്നാടയണിയിച്ചു. ജനറല്‍ സെക്രട്ടറി എസ്. വിശ്വേശ്വരന്, പി.വി. ഗോവര്ദ്ധന് എന്നിവരും പങ്കെടുത്തു.
വേമ്പനാട്ടുകായലില്‍ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ തന്റെ ചെറുവള്ളത്തിലെത്തി ശേഖരിക്കുന്ന കുമരകം സ്വദേശിയായ രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്രമോദി മന് കീ ബാത്തില്‍ പ്രശംസിച്ചിരുന്നു. സ്വന്തം ജീവീതമാര്ഗ്ഗം എന്നതിനപ്പുറം കായലിന്റെ സംരക്ഷണമാണ് രാജപ്പന് നടത്തുന്നതെന്നും മോദി പറഞ്ഞിരുന്നു. അന്ന് മുതലാണ് രാജപ്പന് പ്രധാനമന്ത്രിയെ കാണണമെന്ന ആഗ്രഹം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: