മലപ്പുറം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും കാലിക്കറ്റ് സര്‍വകലാശാലയില്‍ ആഡംബര കാര്‍ വാങ്ങാന്‍ തീരുമാനം. ഡിസംബര്‍ 30 ന് നടന്ന സിന്റിക്കേറ്റ് യോഗത്തിലാണ് കാര്‍ വാങ്ങാന്‍ 75 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നത്. സര്‍വകലാശാലയുടെ തനതു ഫണ്ട് ഉപയോഗിച്ചാണ് കാറുകള്‍ വാങ്ങുന്നത്. വിസിയുടെ നിര്‍ദേശാനുസരണം ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. അര്‍ഷാദ് ഇക്കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
സാമ്പത്തിക പ്രതിസന്ധികാരണം കഴിഞ്ഞ മാസങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്നതില് പോലും വീഴ്ച്ചയുണ്ടായിരുന്നു. ശമ്പളവും പെന്‍ഷനും നല്കാന് സര്‍ക്കാര്‍ ഗ്രാന്റ് വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായത്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍വകലാശയുടെ തനത് ഫണ്ട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ഫണ്ട് ഉപയോഗിച്ചാണ് കാറ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
ജീവനക്കാര്‍ക്ക് സഞ്ചരിക്കാന്‍ ടൊയോട്ട ഇന്നോവ ഹൈബ്റിഡ് മള്‍ട്ടിയൂട്ടിലിറ്റി മോഡലാണ് സര്‍വകലാശാല വാങ്ങുന്നത്. ഇതേ ശ്രേണിയിലെ തന്നെ ബെയിസ് വാഹനങ്ങള്‍ 20 ലക്ഷത്തിന് താഴെ ലഭിക്കുമെന്നിരിക്കെ ആഡംബര യാത്രയ്ക്കായാണ് 35 ലക്ഷത്തിന് മുകളില്‍ വിലവരുന്ന രണ്ട് കാറുകള്‍ വാങ്ങാന്‍ സര്‍വകലാശാല ഒരുങ്ങുന്നത്. ആഡംബര കാറുകളായതിനാല്‍ ഗവണ്മെന്റ് ഇ മാര്‍ക്കറ്റ് പോര്‍ട്ടലില്‍ ഈ വാഹനം ലഭ്യമല്ല. അതുകൊണ്ട് നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിക്കൊണ്ട് ഇ ടെന്റര്‍ മുഖേന വാഹനം വാങ്ങാനാണ് സര്‍വകലാശാല ശ്രമം.
സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തനത് ഫണ്ട് ഉപയോഗിച്ച് കാറുവാങ്ങുന്ന സര്‍വകലാശാല ധൂര്‍ത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: