കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദ ബോസിന്റെ ഇംഗ്ലീഷ് ചെറുകഥാസമാഹാരം – ‘ചെക്കോവ് ആന്‍ഡ് ഹിസ് ബോയ്സ്’ – നൊബേല്‍ സമ്മാന ജേതാവ് അബ്ദുള്‍റസാഖ് ഗുര്‍ന പ്രകാശനം ചെയ്തു. അഞ്ചുനാള്‍ നീണ്ട കൊല്‍ക്കത്ത ലിറ്റററി മീറ്റിലായിരുന്നു പുസ്തകപ്രകാശനം. ആനന്ദബോസിലെ എഴുത്തുകാരന് ഏറെ ചര്‍ച്ചാവിഷയമായ സാഹിത്യസംഗമത്തിന്റെ ഉദ്ഘാടനവേദിയില്‍ തന്റെ മറ്റു നാലു കൃതികള്‍ കൂടി അദ്ദേഹം അബ്ദുള്‍റസാഖ് ഗുര്‍നയ്ക്ക് സമ്മാനിച്ചു.
കൊല്ലത്തെ കളക്ടറുടെ ബംഗ്ലാവിനു മുന്നിലെ കുളത്തില്‍ വളര്‍ന്ന മത്സ്യകുടുംബത്തെ ആസ്പദമാക്കി മുപ്പതു വര്‍ഷം മുന്‍പ് അന്ന് ജില്ലാ കളക്ടറായിരുന്ന എഴുത്തുകാരന് തന്റെ കുഞ്ഞു മകളോട് പറഞ്ഞ ചില തത്സമയ കഥകളുടെ സമാഹാരമാണിതെന്ന് കഥകളുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് ആനന്ദബോസ് പറഞ്ഞു.
പ്രശസ്ത കവി ഡോ. എന്‍.വി. കൃഷ്ണവാര്യര്‍ താല്പര്യമെടുത്ത് അദ്ദേഹം പത്രാധിപരായ, അക്കാലത്തെ ഏറ്റവും പ്രചാരമുള്ള ‘കുങ്കുമം’ വാരികയില്‍ പ്രസിദ്ധീകരിച്ച അമ്പത്തിമൂന്ന് കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത ഇരുപത്തഞ്ചെണ്ണം ആണ് ഗവര്‍ണറായി ബംഗാളിലെത്തിയശേഷം ‘ചെക്കോവ് ആന്‍ഡ് ഹിസ് ബോയ്സ്’ എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്. എന്‍വി എന്ന ആ പത്രാധിപപ്രതിഭയാണ് തന്നിലെ എഴുത്തുകാരനെ ഉദ്ദീപിപ്പിച്ചതെന്ന് ആനന്ദബോസ് ഓര്‍ത്തെടുത്തു.
ഗവര്‍ണറുടെ ജന്മസ്ഥലമായ കേരളത്തിലെ ഗ്രാമങ്ങളില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ വിശ്വസാഹിത്യവുമായി കൂട്ടിയിണക്കി ഭാവനാത്മക യാത്രയുടെ പാതകളിലൂടെ വായനക്കാരെ കൊണ്ടുപോകുന്ന രചനാസമ്പ്രദായമാണ് കഥകളിലുടനീളം ആനന്ദബോസ് അവലംബിച്ചിരിക്കുന്നത്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ഇപ്പോള്‍ ബംഗാളിയിലും നോവലുകളും ചെറുകഥകളും കവിതകളുമുള്‍പ്പെടെ എഴുപതു പുസ്തകങ്ങളടക്കം 350 ല്‍പ്പരം പ്രസിദ്ധീകരണങ്ങളില്‍ നിറഞ്ഞുകവിയുന്നതാണ് ആനന്ദബോസിന്റെ സര്‍ഗ്ഗപ്രപഞ്ചം.
ഗവര്‍ണറായി ചുമതലയേറ്റശേഷവും ഇടതടവില്ലാതെ സാഹിത്യസപര്യ തുടരുന്ന ആനന്ദബോസിന്റെ തിരഞ്ഞെടുത്ത കവിതകള്‍ പ്രശസ്ത എഴുത്തുകാരന് നരസിംഹ പ്രസാദ് ഭാദുരിയുടെ നേതൃത്വത്തില്‍ എഴുത്തുകാരും പത്രാധിപരും അടങ്ങുന്ന ഒരു സംഘം ഏഴു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് ‘റെയിന്‍ബോ ലൈന്‍സ് ‘ എന്ന പേരില്‍ പ്രസിദ്ധീകരണത്തിന് തയ്യാറായിക്കഴിഞ്ഞു.
ഒരു വര്‍ഷത്തിനിടയില്‍ കവിതകള്‍, ചെറുകഥകള്‍, ലേഖനങ്ങള്‍, ഒരു നോവല്‍ എന്നിവ ഉള്‍പ്പെടെ പത്തു പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പുതിയ 20 പുസ്തകങ്ങളുടെ ശേഖരം തയ്യാറാക്കി വരികയാണ്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ സാഹിത്യോത്സവങ്ങളിലും പുസ്തകമേളകളിലും എക്കാലവും പ്രിയങ്കരനായ ഡോ. ബോസിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പലവട്ടം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ പങ്കെടുത്ത നൊബേല്‍ സമ്മാനജേതാവും സുധാമൂര്ത്തിയുമടക്കം പ്രമുഖ ദേശീയ-അന്തര്‍ദേശീയ എഴുത്തുകാരെ കൊല്‍ക്കത്ത രാജ്ഭവനില്‍ വിരുന്നുസല്ക്കാരമൊരുക്കി ഗവര്‍ണര്‍ ആനന്ദബോസ് ആദരിച്ചു. കേരളത്തില്‍ നിന്നുള്ള കെ ആര് മീര, ഹരീഷ് , എ ജെ തോമസ് തുടങ്ങിയ എഴുത്തുകാരും പങ്കെടുത്തവരിലുള്പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: