കൊച്ചി: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ ഭാരതത്തിന്റെ മതേതരത്വം തകര്‍ന്നു എന്ന് പലരും വിമര്‍ശിച്ചുകേട്ടുവെന്നും എന്നാല്‍ മതേതരത്വത്തിന് ഒരു ഹാനിയും സംഭവിച്ചിട്ടില്ലെന്നും സ്വാമി ഉദിത് ചൈതന്യ. അയോധ്യയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു സ്വാമി ഉദിത് ചൈതന്യ.
അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ മതേതരത്വത്തിന് ഹാനി സംഭവിച്ചു എന്ന് ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. അത് ശരിയല്ല. കഴിഞ്ഞ 500വര്‍ഷങ്ങള്‍ക്കിടയിലാണ് ഇവിടെ മുഗളന്മാര്‍, ക്രിസ്ത്യന്‍ സമുദായങ്ങള്‍ ഇന്ത്യയില്‍ വന്നത്. അതിന് മുന്‍പ് ഭാരതത്തില്‍ ഹിന്ദുക്കളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഇന്ദിരാഗാന്ധി കൂട്ടിച്ചേര്‍ത്ത പദമാണ് മതേതരത്വം എന്ന വാക്ക്. ഭാരതീയരായ നമ്മള്‍ ക്രിസ്ത്യാനികളേയും മുസ്ലിങ്ങളേയും എല്ലാം സ്വീകരിച്ചിട്ടുണ്ട്. – ഉദിത് ചൈതന്യ പറഞ്ഞു.
എവിടെയൊക്കെ മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളുണ്ടോ അവിടെയെല്ലാം അരക്ഷിതാവസ്ഥയാണ്. രാജഭരണമുള്ള മുസ്ലിം രാജ്യങ്ങളില്‍ (ഗള്‍ഫ്) ഒഴികെ. പാകിസ്ഥാന്‍, തുര്‍ക്കി, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം അത് പ്രകടമാണ്.എന്നാല്‍ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് സമാധാനമുണ്ട്. – ഉദിത് ചൈതന്യ പറഞ്ഞു.
ചൈനയില്‍ വാങ്ക് വിളിയില്ല; കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യമില്ല
ഞാന്‍ ചൈനയില്‍ പല പ്രവിശ്യകളിലും പോയിട്ടുണ്ട്. പക്ഷെ ചൈനയില്‍ പോയിട്ട് ഞാന്‍ എവിടെയും വാങ്ക് വിളി കേട്ടിട്ടില്ല, ബുര്‍ഖ ധരിച്ച സഹോദരിമാരെയും കണ്ടിട്ടില്ല. ഒരിയ്‌ക്കലും മതസ്വാതന്ത്ര്യം ചൈനയില്‍ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് ചിന്തയുള്ള രാജ്യങ്ങളിലൊന്നും മറ്റ് മതങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല. റഷ്യയില്‍ തന്നെ കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്ന ശേഷമാണ് അവിടെ ക്രിസ്ത്യന്‍ മതമെല്ലാം വളരാന്‍ തുടങ്ങിട്ടുള്ളത്. – ഉദിത് ചൈതന്യ പറഞ്ഞു.
ഹിന്ദു സംസ്കൃതി ഒരു മതത്തിനും എതിരല്ല. കമ്മ്യൂണിസം ഭരിക്കുന്ന ഒരു രാജ്യത്തും മതങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല. ഭാരതത്തിന്റെ അവസ്ഥ അങ്ങിനെയാണോ? എവിടെയെങ്കിലും മതത്തിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുണ്ടോ? ഈ കമ്മ്യൂണിസ്റ്റുകാര്‍ക്കൊന്നും മതേതര്വം പറയാനുള്ള യോഗ്യതപോലും ഇല്ല. ഇവിടെ ഭാരതത്തില്‍ മതങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല. – ഉദിത് ചൈതന്യ പറയുന്നു.
യൂറോപ്പില്‍ ക്രിസ്തീയയുവാക്കള്‍ പള്ളികളില്‍ നിന്നും അകലുന്നു; ഇന്ത്യയില്‍ ക്രിസ്തുമതം വളരുന്നു
ഇനി ക്രിസ്തീയ സഹോദരീ സഹോദരന്മാരോട് പറയാനുള്ളത് ഇതാണ്. പുതിയ ക്രിസ്തീയ തലമുറ യൂറോപ്പിലും മറ്റും ക്രിസ്തുമതത്തില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്. ഈ സത്യം നിങ്ങള്‍ അംഗീകരിക്കണം. അവിടെയൊന്നും പള്ളികളില്‍ പോകാന്‍ യുവജനങ്ങള്‍ താല്പര്യം കാട്ടാത്ത അവസ്ഥയാണ്. ജര്‍മ്മനിയിലായാലും ഇറ്റലിയിലായാലും ശരി. ഇതാണ് അവസ്ഥ. അമേരിക്കയിലും കാനഡയിലുമെല്ലാം ക്രിസ്ത്യന്‍ മതങ്ങള്‍ തളരുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ക്രിസ്ത്യന്‍ മതങ്ങള്‍ വളരുകയാണ്.
അപ്പൊ ഏത് മതത്തിനും വളരാനും ഉയരാനും സാധിക്കുന്ന മണ്ണാണ് ഇന്ത്യ. അതിനിടയില്‍ പലരും മണിപ്പൂര്‍ പ്രശ്നം പറയുന്നുണ്ട്. അത് തെറ്റാണ്. അവിടെ രണ്ട് ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള യുദ്ധം മാത്രമാണ് നടക്കുന്നത്. അത് എല്ലാക്കാലത്തും അവിടെ നടന്നിരുന്നു. അതിനെ മതപരമായ പ്രശ്നമായി അവതരിപ്പിക്കുന്ന വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന പ്രചാരണം മാത്രമാണ്. അയോധ്യയില്‍ മുസ്ലിങ്ങള്‍ പോലും രാമോത്സവമായാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠ ആചരിച്ചത്. – ഉദിത് ചൈതന്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക