ചിത്രകൂടത്തിനും പ്രയാഗ്രാജിനുമിടയില്‍ മഹുവിലെ ബര്ഹ കോത്ര ഗ്രാമത്തിലാണ് ഋഷിയാന്‍ ആശ്രമവനം.
പൗരാണിക കാലത്ത് ഒട്ടേറെ ഋഷിമാരുടെ സങ്കേതമായിരുന്നു ഋഷിയാന്‍. 84000 ത്തിലേറെ മുനിമാര്‍ ഇവിടെ തപസ്സിരുന്നതായി പറയപ്പെടുന്നു. പറയപ്പെടുന്നു.
ചിത്രകൂടത്തിലേക്കുള്ള യാത്രാമധ്യേ ഭഗവാന് ശ്രീരാമന് ഇവിടെ വിശ്രമിച്ച് ഋഷിമാരുടെ അനുഗ്രഹാശിസ്സുകള്‍ നേടിയെന്നാണ് വിശ്വാസം. ധാരാളം ശിവലിംഗങ്ങളും അവയുള്‍പ്പെടുന്ന തീര്ഥവുമടങ്ങുന്ന ശിവമന്ദിരം ഋഷിയാനിന്റെ സവിശേഷതയാണ്. ശിവമന്ദിരത്തോട് ചേര്‍ന്ന് ഗണേശ്, ദുര്‍ഗ, സൂര്യമന്ദിരങ്ങളും കാണാം.
അസുരരാജാവായിരുന്ന ബാണാസുരന്റെ രാജ്യതലസ്ഥാനമായിരുന്നു ഈ പ്രദേശമെന്നാണ് വിശ്വാസം. ബാണാസുരന്റെ അമ്മ, വലിയൊരു ശിവഭക്തയായിരുന്നു. ശിവദര്‍ശനത്തിനായി അവര്‍ എന്നും കൈലാസത്തിലെത്തുമായിരുന്നു. പ്രായാധിക്യത്താല്‍ അമ്മയ്ക്ക് കൈലാസയാത്ര അസാധ്യമായതോടെ ബാണാസുരന് ശിവഭഗവാനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഋഷിയാനിലെത്തി അമ്മയ്ക്ക് ദര്‍ശനം നല്‍കാനായി വരം ചോദിച്ചു. അങ്ങനെയാണ് ഈ പ്രദേശത്ത് ശിവസാന്നിധ്യമുണ്ടായതെന്നു പറയപ്പെടുന്നു.
ഋഷിയാനില് നിരവധി ശിവലിംഗങ്ങളുള്ള രണ്ടു ഗുഹകളാണുള്ളത്. മലമുകളില്‍ നിന്നുള്ള ജലധാര, ഈ ശിവലിംഗങ്ങളെ വലം വച്ചാണ് ഒഴുകുന്നത്. ഗുഹയുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങളും പലതാണ്. വനവാസകാലത്ത് ശ്രീരാമന് ഈ ഗുഹകളിലൊന്നില്‍ താമസിച്ചതായി പറയപ്പെടുന്നു. മറ്റൊരു ഗുഹയിലൂടെ ഭഗവാന് ചിത്രകൂടത്തിലെത്തിയതായും പറയുന്നു.
ആശ്രമത്തില്‍ ഒരു പുരാതന ഹനുമാന് ക്ഷേത്രവും കാണാം. ഇവിടെ ശ്രീരാമപാദങ്ങളും ഹനുമദ് പ്രതിഷ്ഠയും കാണാം. യക്ഷ -യക്ഷിണിമാര്‍ ഋഷിയാനില് എത്താറുണ്ടെന്നാണ് വിശ്വാസം. ഗുഹകള്‍ക്ക് പുറത്തുള്ള പാറയില്‍ യക്ഷനും യക്ഷിണിയും ഒരുമിച്ചിരിക്കുന്ന പ്രതിമയുണ്ട്. അതിപുരാതനമായൊരു അരയാല്‍ ഋഷിയാന്‍ ആശ്രമത്തിലെ സവിശേഷ കാഴ്ചകളിലൊന്നാണ്. അരയാലിന്റെ പുറത്തേയ്ക്കെഴുന്നു നില്ക്കുന്ന വേരുകള്‍ ശിവഭഗവാന്റെ ജടയെ ദ്യോതിപ്പിക്കുന്നു. ഈ മരത്തിന്റെ തടത്തില്‍ തുടര്‍ച്ചയായി വെള്ളമൊഴുകുന്നതും പ്രത്യേകതയാണ്. ശിവന്റെ തിരുമുടിയില്‍ നിന്നുള്ള ഗംഗാപ്രവാഹമാണ് ഇതെന്ന് തദ്ദേശീയര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: