ചില സ്ഥലനാമങ്ങള്‍ കേള്‍ക്കുന്ന മാത്രയില്‍ ഹര്ഷോന്മാദം നല്‍കാറുണ്ട് .അജ്ഞാതമായ അനുഭൂതി തീവ്രതയാല്‍ അന്തരംഗം സ്പന്ദനമാവും.
കാശി, ദ്വാരക, മഥുര എന്നിവ പെട്ടെന്ന് ഓര്‍മ്മിക്കാം. ഭാരതീയര്‍ക്ക് അയോധ്യ കേവലമൊരു പിടി മണ്ണല്ല. ഭൗമികമായ അക്ഷാംശരേഖാംശങ്ങള്ക്കപ്പുറം അഭൗമമായ ഭാവപരിമളം ഈ സ്ഥലരാശി പകരുന്നുവെന്നതാണ് നേര്.
പണ്ടുതൊട്ടേ മന്വന്തരരൂപശില്പികള് പറഞ്ഞും പാടിയും സചേതനമാക്കിയതാണ് സാകേതം. ചരിത്രവും പുരാണവും സംസ്കൃതിയും ഇവിടെ കെട്ടുപിണഞ്ഞു കിടക്കുന്നു. ആക്രമിക്കപ്പെടാന്‍ കഴിയാത്തതാണ് അയോധ്യ, എന്ന് ശബ്ദാര്‍ത്ഥം. യുദ്ധം ചെയ്യപ്പെടത്തക്കതല്ലാത്തത് എന്ന് ഭാവാര്‍ത്ഥം. ഈ ദേശം ലോകഭൂപടത്തിലിന്ന് നിവര്‍ന്നു നില്ക്കുന്നു.
ഭാരതത്തിന്റെ വടക്കുകിഴക്ക് ഭാഗം മുതല്‍ മാള്‍വാ വരെയുള്ള ദേശമാണ് കോസലമഹാരാജ്യം. കോസലത്തിലെ തലസ്ഥാനമാണ് പ്രാചീന നഗരമായ അയോധ്യ. സമൃദ്ധിയാലും സൗന്ദര്യത്താലും ഈ മഹാനഗരം പ്രൗഢോജ്ജ്വലം തന്നെ. ഇന്ന് അയോധ്യ ഉത്തര്‍പ്രദേശിലാണ്. നമ്മുടെ ഇതിഹാസ കൃതികളില്‍ ‘മധ്യദേശം’ എന്നാണ് ഇത് അറിയപ്പെടുക. പ്രാചീനഭാരതത്തിലെ ഈ ഭാസുര നഗരത്തിന് 12 യോജന നീളവും 3 യോജന വീതിയുമാണ് ഉള്ളതെന്ന് വാല്മീകിരാമായണം പറയുന്നു. ഒരു യോജന പഴയ എട്ടുമൈല്‍. ഇന്നത്തെ കണക്കനുസരിച്ച് 2626 ചതുരശ്ര കിലോമീറ്ററാണ് അയോധ്യയുടെ വിസ്തൃതി. എല്ലാ അര്‍ത്ഥത്തിലും മഹാനഗരം തന്നെയാണിത.്
ഏഴാം നൂറ്റാണ്ടില്‍ ഹ്യുയാന്‍സാങ് അയോധ്യ സന്ദര്‍ശിച്ചു. സഞ്ചാരിയുടെ വിവരണമിങ്ങനെ: ‘വിശാലമായ തെരുവീഥികള്‍, തിരക്കേറിയ വ്യാപാരകേന്ദ്രം. തണല്‍മരങ്ങള്‍ ധാരാളം. ഫല വൃക്ഷങ്ങള്‍ നിറയെ. വൈദിക കാലം മുതല്ക്കേ പ്രസിദ്ധപെറ്റ വിദ്യാകേന്ദ്രം. കവികള്‍, പണ്ഡിതര്‍ നിരവധി…
ഭാരത ചരിത്രത്തില്‍ ആ വിപര്യയം സംഭവിക്കുന്നത് പന്ത്രണ്ടാം ശതകത്തിലാണ.് ഇസ്ലാമികാധിനിവേശം. അയോധ്യ മുസ്ലീങ്ങള്‍ക്ക് അധീനം. അന്നുതൊട്ട് അയോധ്യയുടെ ഭരണം മുഗള്‍ ചക്രവര്‍ത്തിമാര്‍ക്ക്. ഇവിടെ നാമൊരുചരിത്രരേഖ കാണാതെ പോകരുത്. ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പ് ജീവിച്ചിരുന്ന വിക്രമാദിത്യ മഹാരാജാവ് ശ്രീരാമജന്മഭൂമിയില് ഒരു ക്ഷേത്രം നിര്‍മ്മിച്ചു. എന്നു മാത്രമല്ല ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. പ്രാഗ്ഭാരതത്തിലെ ഒരു തീര്‍ത്ഥാടന കേന്ദ്രമായി അതങ്ങനെ നിലനിന്നു പോന്നു.
അധിനിവേശത്തിന്റെ ദുരന്തം ഏറ്റുവാങ്ങിയ ഹൈന്ദവ ആരാധനാലയങ്ങള്‍ എത്രയെത്ര. ഒടിവുകളും ചതവുകളും മുറിവുകളുമായി ക്ഷേത്രങ്ങളുടെ തിരുശേഷിപ്പുകള്‍ അസംഖ്യമുണ്ട് ഈ മണ്ണില്‍. അശുഭങ്ങള്ക്ക് അതിജീവനം ഇല്ലാത്തതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം വീണ്ടും യാഥാര്‍ഥ്യമായി.
അയോധ്യ വാണിരുന്ന ആദ്യത്തെ രാജാവാണ് ഇക്ഷ്വാകു. സൂര്യവംശ സ്ഥാപകനാണിദ്ദേഹം. വൈവസ്വതമനുവിന് ശ്രദ്ധയിലുണ്ടായ പുത്രന്. സൂര്യവംശത്തിലെ വിത്തും വേരും തേടുമ്പോള്‍ ഭഗവദ്ഗീതയിലെ പരാമര്‍ശം ശ്രദ്ധിക്കുക:
ഇമം വിവസ്വതേ യോഗം
പ്രോക്തമാനഹമവ്യയം
വിവസ്വാന് മനവേ പ്രാഹ
മനുരക്ഷ്വാക,വേ ത ബ്രഹ്മവീത്
(ഭഗവദ്ഗീത അധ്യായം 4,ശ്ലോകം 1)
ഭഗവാന് ഗീത നടാടെ സൂര്യനു പറഞ്ഞു കൊടുത്തു. സൂര്യന് സ്വപുത്രനായ മനുവിന് ഉപദേശിച്ചു. മനുവാകട്ടെ ഒന്നാമത്തെ രാജാവായ ഇക്ഷ്വാകുവിനും ഉപദേശിച്ചു നല്കി.
ഭഗവാന്, വൈവസ്വതന്, മനു, ഇക്ഷ്വാകു, എന്നിങ്ങനെയാണ് യോഗ പരമ്പര. ഉത്തമനായ ഭരണാധികാരി മാത്രമല്ല ഇക്ഷ്വാകു. ക്രാന്തദര്‍ശിയും കവിയും ഋഷിയുമായിരുന്നു. സൂര്യവംശരാജാക്കന്മാരുടെ സ്ഥിരം രാജധാനിയാണ് അയോധ്യ. ഇക്ഷ്വാകു മുതല്‍ ശ്രീരാമന് വരെ എത്രയെത്ര തലമുറകള്‍.
ഇക്ഷ്വാകു വംശാവലി ഇങ്ങനെ: വിഷ്ണുവില് നിന്നും അനുക്രമമായി ഈ വംശം പടര്‍ന്നു പന്തലിക്കുന്നു. വൈവസ്വതമനുവിന് ശ്രദ്ധ എന്ന ഭാര്യയിലുണ്ടായ സന്താനം ഇക്ഷ്വാകു. ഇക്ഷ്വാകുവില്‍ നിന്നും ഇക്ഷ്വാകുവംശം ഉത്ഭവിക്കുന്നു. സൂര്യവംശ രാജാക്കന്മാര് എല്ലാവരും ഈ വംശത്തില്‍ പെട്ടവര്‍. വിവസ്വാന് (സൂര്യന്) പിതാവായതിനാലാണ് ഈ വംശം സൂര്യവംശമായത്.
ഇക്ഷ്വാകുവിന് വികക്ഷി എന്ന പുത്രന്. വികക്ഷിയില് നിന്നുള്ള സന്തതി പരമ്പര (വംശാവലി) ക്രമമാനുസൃതം ഇങ്ങനെ നീളുന്നു: ശശാദന്‍, പുരഞ്ജയന്‍, കകല്സ്ഥന്, അനേനസ്സ്, പൃഥുലാശ്വന്‍, പ്രസേനജിത്ത്, യുവനാശ്വന്, മാന്ധാതാവ്, പുരുകത്സന്, ത്രസരസ്യു, അനരണ്യന്‍, അര്യശ്വന്, വസുമനസ്സ്, സുതന്വാവ്, ്രൈതരണ്യരുണന്, സത്യവ്രതന്, ഹരിശ്ചന്ദ്രന്, രോഹിതാശ്വന്, ഹരിതന്‍, ചുഞ്ചു, സുദേവന്, ഭരുകന്, സഗരന്, അസമഞ്ജസ്, അംശുമാന്, ഭഗീരഥന്, ശ്രുതനാഭന്‍, സിന്ധുദ്വീപന്‍, അയുതായുസ്സ്, ഋതുവര്‍ണന്‍,സര്വകാമന്, സുദാസന്‍, മിത്രസഖന്, കന്മാഷപാദന്‍, അശ്മകന്,മൂലകന്‍, ഖട്വാംഗന്, ദീര്‍ഘബാഹു (ദിലീപന്), രഘു, അജന്, ദശരഥന്, ദശരഥ പുത്രന് ശ്രീരാമന്.
ലവകുശന്മാര് വരെയുള്ള സൂര്യവംശാവലി വിടര്‍ത്തി പ്പറയുന്നത് ബ്രഹ്മാണ്ഡപുരാണമാണ്. വ്യാസമഹാഭാരതത്തിലും ഇക്ഷ്വാകു വംശവിവരണം കാണാം. ഇക്ഷ്വാകുവില്‍ നിന്നും മുപ്പത്തിയഞ്ചാം തലമുറക്കാരനാണ് കന്മാഷപാദന്‍. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് കുലഗുരുവായി വസിഷ്ഠന് അയോധ്യയില്‍ എത്തുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: