കൊച്ചി : തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകന് പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ നീക്കവുമായി എന്‍ഐഎ. ഇതിനായി കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.
ഷാജഹാനെന്ന പേരില്‍ 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് സവാദ് പിടിയിലായത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഐഎ നടപടി.
കേസില്‍ സവാദിനെ ഫെബ്രുവരി 16 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നും എന്‍ ഐ എ വ്യക്തമാക്കി.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിമാറ്റിയത് 2010 ജൂലൈ 4നാണ്. ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ സവാദിനെ കണ്ണൂരില്‍ നിന്ന് അടുത്തിടെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഷാജഹാന് എന്ന പേരില്‍ കുടുംബമായി താമസിച്ച് വരുന്നതിനിടെയാണ് പിടികൂടിയത്.
കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് സവാദിനെ പിടികൂടാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് സഹായകമായത്. കാസര്‍കോട്ട് വിവാഹ സമയത്ത് നല്കിയ പേര് ഷാജഹാന് എന്നാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് യഥാര്‍ത്ഥ പേരാണ്. മംഗല്‍പ്പാടി പഞ്ചായത്ത് നല്കിയ ജനന സര്‍ട്ടിഫിക്കറ്റിലാണ് അച്ഛന്റെ പേര് എം എം സവാദ് എന്നുളളത്. ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരവെയാണ് സവാദ് പിടിയിലായത്. എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞാണ് പിടികൂടിയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷണത്തിലായിരുന്നു സവാദ് ഒളിവില്‍ കഴിഞ്ഞതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: